ADVERTISEMENT

കുട്ടിക്കാലം ചിലവിട്ട വീടിന്റെ നല്ല ഓർമകൾ എല്ലാവർക്കും പ്രിയപ്പെട്ടതാണ്. ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറിന്റെ കാര്യവും വ്യത്യസ്തമല്ല. ചെറുപ്പകാലത്ത് താനും കുടുംബവും താമസിച്ചിരുന്ന വാടക വീട് വിലയ്ക്കു വാങ്ങാൻ ഒരുങ്ങുകയാണ് താരം. 500 രൂപ മാസവാടകയ്ക്ക് താമസിച്ചിരുന്ന ആ വീട്  തനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അക്ഷയ്കുമാർ വ്യക്തമാക്കി. ബാന്ദ്ര ഈസ്റ്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്.

ആ വീട്ടിലേക്ക് ചെന്നെത്തുമ്പോഴൊക്കെ അങ്ങേയറ്റം സന്തോഷം തോന്നാറുണ്ടെന്ന് താരം പറയുന്നു. ആ സന്തോഷം അനുഭവിച്ചറിയാൻ വേണ്ടി മാത്രം ഇടയ്ക്കിടെ അവിടെ സന്ദർശനം നടത്താറുണ്ട്. എന്നാൽ അടുത്തിടെയാണ് അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതായി അറിഞ്ഞത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള ഫ്ലാറ്റിലായിരുന്നു കുടുംബത്തിനൊപ്പം അക്ഷയ് കുമാർ കുട്ടിക്കാലത്ത് താമസിച്ചത്. മാറ്റങ്ങൾ വരുത്തി കൈമാറ്റം ചെയ്യും മുൻപ് ആ വീട് തനിക്ക് സ്വന്തമാക്കാൻ താല്പര്യമുണ്ടെന്ന് അദ്ദേഹം ഉടമകളെ അറിയിക്കുകയും ചെയ്തു.

രണ്ടു മുറികളുള്ള ഫ്ലാറ്റാണ് ഇപ്പോൾ നിർമിക്കപ്പെടുന്നത്. അവിടെ  താമസിച്ചിരുന്ന കാലത്തെ മനോഹരമായ ഓർമകൾ ഇപ്പോഴും മനസ്സിനോടു ചേർന്നുനിൽക്കുന്നുണ്ടെന്നും അഭിമുഖത്തിൽ അക്ഷയ് കുമാർ പറഞ്ഞു. ഇപ്പോൾ ആ വീട്ടിൽ താനുമായി ബന്ധമുള്ള ആരുമില്ല. എങ്കിലും അവിടം സ്വന്തമാക്കണമെന്ന ആഗ്രഹമാണ് മനസ്സിൽ നിറയുന്നത്. മാസത്തിൽ ഒരു തവണയെങ്കിലും ഈ വീട്ടിലേക്കും താൻ പഠിച്ച സ്കൂളിലേക്കും സമീപത്തെ പള്ളിയിലേക്കുമൊക്കെ അക്ഷയ് കുമാർ എത്താറുണ്ട്. 

പഴയ വീടിന് സമീപത്ത് ഒരു പേരമരം നിന്നിരുന്നതും സഹോദരിക്കൊപ്പം അതിൽ നിന്നും പേരയ്ക്കകൾ പറിച്ചിരുന്നതും  താരം ഓർമിക്കുന്നു.  ജോലി കഴിഞ്ഞശേഷം അച്ഛൻ്റെ മടങ്ങിവരവും കാത്ത് സഹോദരിക്കൊപ്പം അപ്പാർട്ട്മെന്റിലെ ജനാലയിലൂടെ പുറത്തേക്ക് നോക്കി നിന്നിരുന്നതും മങ്ങാത്ത കാഴ്ചയായി അദ്ദേഹം മനസ്സിൽ സൂക്ഷിക്കുന്നു. ഹൃദയത്തിന്റെ ഭാഗമായി തന്നെയാണ് ഈ വീടിനെ അക്ഷയ് കുമാർ ഇപ്പോഴും കണക്കാക്കുന്നത്. 

ഇപ്പോൾ മുംബൈയിലെ ജുഹുവിൽ കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന ആഡംബര ഭവനത്തിലാണ് താരവും കുടുംബവും താമസിക്കുന്നത്. മനോഹരമായ ഇൻ്റീരിയറും ആകർഷകമായ ആർട്ട് വർക്കുകളും നിറച്ച് ഓരോ കോണിലും തങ്ങളുടെ വ്യക്തിത്വം പ്രതിഫലിക്കുന്ന രീതിയിലാണ് അക്ഷയ് കുമാറും ഭാര്യ  ട്വിങ്കളും ഈ വീട് അണിയിച്ചൊരുക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 80 കോടി രൂപയാണ് വീടിന്റെ വിലമതിപ്പ്. ഹോം തിയറ്റർ, പൂർണ്ണസജ്ജമായ ജിം, ഓഫിസ്  മുറികൾ, വിശാലമായ പൂന്തോട്ടം എന്നിവയും ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്.

**

മനോരമവീട് ഇൻസ്റ്റഗ്രാം പേജ് ഫോളോ ചെയ്യുമല്ലോ 

English Summary:

Akshay kumar plans to buy the house, where they lived for rent- News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com