ADVERTISEMENT

അംബാനി കുടുംബം എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കാറുണ്ട്. ലോകത്തിലെ ഏറ്റവും വിലമതിപ്പുള്ള വീടുകളിലൊന്നായ ആന്റിലിയയ്ക്കുപുറമെ ലോകത്തിന്റെ പലഭാഗങ്ങളിൽ അത്യാഡംബര പ്രോപ്പർട്ടികൾ ഇവർക്കുണ്ട്. ഇപ്പോഴിതാ അവയിലൊന്ന് കൈമാറ്റം ചെയ്യപ്പെട്ടതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മുകേഷ് അംബാനിയുടെ മകളായ ഇഷ അംബാനിയാണ് ലൊസാഞ്ചലസിലുള്ള തന്റെ ആഡംബര ബംഗ്ലാവ് കൈമാറ്റം ചെയ്തത്.

ഹോളിവുഡ് താരജോഡികളായ ജെന്നിഫർ ലോപ്പസും ബെൻ അഫ്ളേക്കുമാണ് ഇഷയുടെ വീടിന്റെ പുതിയ ഉടമകൾ എന്നാണ് റിപ്പോർട്ട്. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം 61 മില്യൻ ഡോളർ (508 കോടി രൂപ) വില നൽകിയാണ് ഇവർ ബംഗ്ലാവ് സ്വന്തമാക്കിയത്. 

ബെവർലി ഹിൽസിലെ വാളിംഗ്ഫോർഡ് എസ്റേറ്റിലാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. 12 കിടപ്പുമുറികൾ, 24 ബാത്റൂമുകൾ, 12 കാറുകൾ ഉൾക്കൊള്ളുന്ന ഗാരിജ്, ഇൻഫിനിറ്റി പൂൾ, സലൂൺ, ബോക്സിങ് റിങ്, ജിംനേഷ്യം തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്തത്ര ആഡംബര സൗകര്യങ്ങൾ അഞ്ചേക്കർ എസ്റ്റേറ്റിനുള്ളിലെ ബംഗ്ലാവിൽ ഒരുക്കിയിട്ടുണ്ട്. 38000 ചതുരശ്ര അടിയാണ് വീടിന്റെ ആകെ വിസ്തീർണ്ണം. 

കോവിഡ് കാലത്ത് ഈ ബംഗ്ലാവിലാണ് ഇഷ തന്റെ ഗർഭകാലം ചിലവിട്ടത്. കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടെ പലതവണയായി ഈ ബംഗ്ലാവ് വിൽപനയ്ക്ക് പരസ്യപ്പെടുത്തിയിരുന്നു. കൈമാറ്റം ചെയ്യാനുള്ള തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമല്ല. 

റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞവർഷം ജൂണിൽ വിൽപന സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. ഈ ബംഗ്ലാവ് വാങ്ങുന്നതിനു മുന്നോടിയായി ജെന്നിഫർ ലോപ്പസ് ബെൽ എയറിലുള്ള തൻ്റെ ബംഗ്ലാവ് 34 മില്യൻ ഡോളറിന് (283 കോടി രൂപ) വിറ്റിരുന്നു. ബെൻ അഫ്ളേക്കും പസഫിക് പാലിസൈഡ്സിലെ തന്റെ ബംഗ്ലാവ് 28.5 മില്യൻ ഡോളറിന് (237 കോടി രൂപ) കൈമാറ്റം ചെയ്തിരുന്നു.  

നിലവിൽ മുംബൈയിലെ വർളിയിൽ കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന ബംഗ്ലാവിലാണ് ഇഷയും ഭർത്താവ് ആനന്ദ് പിരാമലും താമസിക്കുന്നത്. ആനന്ദിന്റെ മാതാപിതാക്കൾ ഇവർക്ക് സമ്മാനമായി നൽകിയ ആഡംബര ബംഗ്ലാവാണിത്. 50,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ കൂറ്റൻ ബംഗ്ലാവിൽ അഞ്ച് നിലകളാണുള്ളത്. സ്വിമ്മിങ് പൂൾ, ഭൂഗർഭ പാർക്കിങ് സ്പേസ്, വിശാലമായ പുൽത്തകിടി എന്നിവയ്ക്കെല്ലാം പുറമേ ഒരു ക്ഷേത്രവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

***

മനോരമവീട് ഇൻസ്റ്റഗ്രാം പേജ് ഫോളോ ചെയ്യുമല്ലോ

English Summary:

Isha Ambani sold Newyork house to hollywood actors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com