10 കോടിക്ക് സ്ഥലം വാങ്ങി ബിഗ് ബി: അലിബാഗ് ബോളിവുഡ് താരങ്ങളുടെ ഇഷ്ട കേന്ദ്രമായതെങ്ങനെ?
Mail This Article
മുംബൈ നഗരം ഇന്ത്യയിലെ സെലിബ്രിറ്റി ഹബ്ബാണ്. ബാന്ദ്രയിലും ജുഹുവിലുമായി ബോളിവുഡ് താരങ്ങൾ സ്വന്തമാക്കിയിരിക്കുന്ന കോടികൾ വിലമതിക്കുന്ന ബംഗ്ലാവുകൾ ഈ സ്ഥലങ്ങളുടെ മുഖച്ഛായ തന്നെ മാറ്റിയിട്ടുണ്ട്. എന്നാൽ ഈ നിരയിലേക്ക് തീരദേശ നഗരമായ അലിബാഗും മാറിക്കൊണ്ടിരിക്കുകയാണ്.
അലിബാഗ് ബീച്ചും വർസോലി ബീച്ചും ഉൾപ്പെടുന്ന പ്രദേശത്ത് പ്രോപ്പർട്ടി സ്വന്തമാക്കാൻ ബോളിവുഡ് താരങ്ങൾ കാണിക്കുന്ന താൽപര്യം ഇവിടുത്തെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് കുതിപ്പാവുകയാണ്. ഏറ്റവും ഒടുവിൽ അമിതാഭ് ബച്ചനും അലിബാഗിൽ ഭൂമി സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ.
10000 ചതുരശ്ര അടി വിസ്തൃതിയുള്ള ഭൂമിയാണ് അമിതാഭ് വാങ്ങിയിരിക്കുന്നത്. ദ ഹൗസ് ഓഫ് അഭിനന്ദൻ ലോധയിൽനിന്ന് 10 കോടി രൂപയ്ക്കാണ് അദ്ദേഹം സ്ഥലം വാങ്ങിയത്. രജിസ്ട്രേഷൻ നടപടികൾ കഴിഞ്ഞ ആഴ്ച പൂർത്തിയായി. 20 ഏക്കർ സ്ഥലത്ത് പ്ലോട്ടുകളായി തിരിച്ചിട്ടുള്ള നിർമാണ പദ്ധതിയിലെ ഒരു പ്ലോട്ടാണ് താരം തിരഞ്ഞെടുത്തത്. ഇതേ ബിൽഡർമാരിൽനിന്ന് ബച്ചൻ സ്വന്തമാക്കുന്ന രണ്ടാമത്തെ പ്രോപ്പർട്ടിയാണിത്. അയോധ്യയിലെ രാമക്ഷേത്രത്തിന് സമീപം സരയു നദിയുടെ തീരത്ത് മറ്റൊരു പ്ലോട്ടും ബിഗ്ബി വാങ്ങിയിട്ടുണ്ട്.
ഷാറുഖ് ഖാൻ, അനുഷ്ക - വിരാട് , ദീപിക - രൺവീർ, രാഹുൽ ഖന്ന തുടങ്ങി ബോളിവുഡിൽ വെള്ളിത്തിരയിലും അണിയറയിലുമായി പ്രവർത്തിക്കുന്ന പലരും അലിബാഗിൽ പ്രോപ്പർട്ടികൾ സ്വന്തമാക്കിയിട്ടുണ്ട്. 'വീക്കെൻഡ് ഗെറ്റവേ' എന്നതിലുപരി അലിബാഗിൽ സ്ഥലം സ്വന്തമാക്കുന്നത് 'സ്റ്റാറ്റസ് സിംബലായി' സെലിബ്രിറ്റികൾ കാണുന്നുണ്ട്.
ദേജാവൂ ഫാംസാണ് കിംഗ് ഖാന്റെ അലിബാഗിലെ വീട്. പാർട്ടികളും ഒത്തുചേരലുകളുമൊക്കെയായി ഒഴിവ് വേളകൾ ഷാറുഖും കുടുംബവും ഇവിടെ ചിലവഴിക്കാറുമുണ്ട്.
13 കോടിക്കടുത്ത് വില വരുന്ന നാല് BHK വില്ലയാണ് അനുഷ്ക - വിരാട് ദമ്പതികൾ അലിബാഗിൽ സ്വന്തമാക്കിയിരിക്കുന്നത്. വിശാലമായ ഔട്ട്ഡോർ പൂൾ അടക്കം ആഡംബര സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേ 19 കോടി രൂപയ്ക്ക് 8 ഏക്കർ ഭൂമിയും താരദമ്പതികൾ അലിബാഗിൽ വാങ്ങിയിട്ടുണ്ട്.
9000 ചതുരശ്ര മീറ്റർ വിസൃതിയുള്ള ഒരു ബംഗ്ലാവാണ് രൺവീർ - ദീപിക താര ജോഡികളുടേതായി അലിബാഗിലുള്ളത്. നടൻ രാഹുൽ ഖന്ന അലിബാഗിൽ ഒരു കൂറ്റൻ ബംഗ്ലാവ് സ്വന്തമാക്കിയിട്ടുണ്ട്.
മുംബൈ നഗരത്തിലെ തിരക്കുകളിൽ നിന്നകന്ന് സുന്ദരമായി സമയം ചിലവഴിക്കാനുള്ള സ്ഥലം എന്ന നിലയിലാണ് സെലിബ്രിറ്റികൾ അലിബാഗ് തിരഞ്ഞെടുക്കുന്നത്. ഇവിടുത്തെ പ്രകൃതിഭംഗിയും പ്രധാനഘടകമാണ്.
അലിബാഗിലെ റിയൽ എസ്റ്റേറ്റ് മേഖലയുടെ സാധ്യതകൾ മനസ്സിലാക്കി ലക്ഷ്വറി റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾ വൻകിട പദ്ധതികൾ വിഭാവനം ചെയ്യുന്നുണ്ട്. പ്രൈവറ്റ് ബീച്ചും കടൽ കാഴ്ചകൾ കണ്ടാസ്വദിക്കാവുന്ന വിധത്തിലുള്ള പ്ലോട്ടുകളും വീടുകളും എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും ഇവിടെ സമ്പന്ന വർഗ്ഗത്തിനായി ഡെവലപ്പർമാർ ഒരുക്കുന്നുണ്ട്.