ADVERTISEMENT

തൊടുപുഴ മൂലമറ്റത്തുള്ള ഹണി റോസിന്റെ വീട്ടുവിശേഷങ്ങളിലേക്ക് ഒന്നുപോയിവന്നാലോ...

പച്ചപ്പിനിടയിലെ കിളിക്കൂട് 

ഒരു വീട് വയ്ക്കണം എന്നൊരാഗ്രഹം തോന്നിയപ്പോൾ അത് വൈറ്റ് കളർ തീമിലാകാം എന്നു കരുതി. വെള്ളനിറം കാണുമ്പോൾ തന്നെ സന്തോഷവും സമാധാനവും ഫീൽ ചെയ്യും. പിന്നെ ചെടികൾ എനിക്കു ചെറുപ്പം മുതലേ ഇഷ്ടമാണ്. ഞാൻ ഏറ്റവും കൂടുതൽ പൈസ ചെലവഴിക്കുന്നതും ചെടികള്‍ക്കു വേണ്ടിയാണ്. അത് നിങ്ങൾക്കിവിടെ കാണാൻ പറ്റും. വീടിനകത്തുള്ളതിനേക്കാൾ കൂടുതൽ സമയം ഞാൻ പുറത്താണ് ചെലവഴിക്കാറുള്ളത്. ഓരോ ചെടിയിലും പൂവും കായുമൊക്കെ വന്നതുകാണുമ്പോൾ ഭയങ്കര സന്തോഷമാണ്. 

വീടിന്റെ ഓർമകൾ

ഞാൻ ജനിച്ചത് ചെപ്പുകുളം എന്ന സ്ഥലത്താണ്. ഞങ്ങളുടെ ആദ്യത്തെ ചെറിയ വീട് അവിടെ തോടിന്റെ കരയിലായിരുന്നു. എന്നെ എൽകെജി ചേർക്കാൻ വേണ്ടിയാണ് മൂലമറ്റത്തേക്ക് വന്നത്. ആദ്യം വാടകവീട്ടിലാണു താമസിച്ചത്. അങ്ങനെ കുറേ വീടുകൾ എന്റെ ജീവിതത്തിൽ വന്നുപോയിട്ടുണ്ട്. ഈ വീട് വച്ചിട്ട് കുറേ വർഷങ്ങളായി. ഇതുവയ്ക്കുന്ന സമയത്ത് ആലുവയിൽ ഫ്ലാറ്റുണ്ടായിരുന്നു. കൂടുതൽ സമയവും ആലുവയിലായിരുന്നു. ഇടയ്ക്ക് ഇവിടെ വരും. അന്നേ ആഗ്രഹം ഒരു വൈറ്റ് കളറുള്ള വീടെന്നതായിരുന്നു. 

കൊച്ചിയിലെ വീട്

ആലുവയിൽ ഫ്ലാറ്റുണ്ടായിരുന്നു. പക്ഷേ കൊച്ചിയിലെ മറൈൻ ഡ്രൈവിലെ വ്യൂ നല്ല രസമാണ്. അവിടെ ഒരു ഫ്ലാറ്റ് വാങ്ങണമെന്ന ആഗ്രഹം പെട്ടെന്നുണ്ടായതാണ്. ആലുവയിലെ ഫ്ലാറ്റിന്റെ റിനൊവേഷൻ നടക്കുന്ന സമയത്ത് നമ്മളവിടെ റെന്റിന് താമസിച്ചതാണ്. അപ്പോൾ ആ വീട് ഇഷ്ടമായി, വാങ്ങി. 

വീടിന്റെ വിശേഷങ്ങളിലേക്ക്

honey-home-front

ഒറ്റവാചകത്തിൽ വീടിനെ 'പച്ചപ്പിനുള്ളിലെ വൈറ്റ് ഹൗസ്' എന്നുവിളിക്കാം. പുറംകാഴ്ചയ്ക്ക് വലിയ പ്രാധാന്യമില്ല. അടിമുടി വെള്ളനിറത്തിൽ ഒരുക്കി എന്നതാണ് ഹൈലൈറ്റ്. ഫ്ലോറും ഭിത്തിയും സീലിങ്ങുമെല്ലാം ഫുൾ വൈറ്റ്! വലിയ മതിലും ഗെയ്റ്റും കടന്നെത്തുന്നത് ആദ്യം ഒരു കാർപോർച്ചിലേക്കാണ്. അതിനടുത്തായി പച്ചപ്പിനുള്ളിൽ ഒരു ഒത്തുചേരലിടം ഒരുക്കിയിട്ടുണ്ട്. ഇവിടെയുള്ള മരത്തിൽ കിളികൾ വന്നിരുന്ന് കലപില വയ്ക്കും. നല്ല വൈബാണ് ഇവിടെ രാവിലെയും വൈകുന്നേരങ്ങളിലും ഇരിക്കാൻ. പച്ചപ്പിന്റെ സമൃദ്ധമായ സാന്നിധ്യമാണ് എല്ലായിടത്തും. 

honey-home-green

ലിവിങ് സ്പേസ്, ഡൈനിങ്, കിച്ചൻ, നാലു ബെഡ്റൂമുകൾ, വർക് സ്പേസ് എന്നിവയാണ് വീട്ടിലെ ഇടങ്ങൾ. പച്ചപ്പിനാൽ മനോഹരമായ ചെറിയ സിറ്റൗട്ട് കടന്ന് പ്രവേശിക്കുന്നത് തൂവെള്ള നിറത്തിന്റെ മനോഹാരിതയിലേക്കാണ്. 

honey-home-living

ലിവിങ് റൂമിലെ ഫർണിച്ചറുകളും റൂഫും ഇവിടെയുള്ള ഈശോയുടെ രൂപംപോലും വെള്ള നിറത്തിലാണ്. ഇത് പരിപാലിക്കാൻ നല്ല പാടാണ്. പക്ഷേ നമ്മൾ അത്യാവശ്യം വൃത്തിയാക്കി ഇടുകയാണെങ്കിൽ എപ്പോഴും പുതിയ വീടായിട്ട് നമുക്ക് ഫീൽ ചെയ്യും. 

ഡൈനിങ്ങിലെ ടേബിൾ വരെ വൈറ്റ് കളറിലുള്ളതാണ്. ചെറിയൊരു ഫാമിലിക്ക് ഉപയോഗിക്കാൻ പറ്റുന്ന സൗകര്യത്തിലാണ് ഇവിടം ഒരുക്കിയിരിക്കുന്നത്. ഡൈനിങ്ങിൽ നിന്ന് കിച്ചനിലേക്ക് കടന്നാൽ വൈറ്റ് കളർ തീമില്‍ ഒരുക്കിയ ഐലൻഡ് കിച്ചനാണ് ഇവിടെ സെറ്റ് ചെയ്തിരിക്കുന്നത്. 

എനിക്ക് കുക്കിങ്ങ് ഇഷ്ടമാണ്. വീട്ടിൽ ഉള്ള സമയത്ത് കൂടുതലും കിച്ചനിലാണ് സമയം ചെലവഴിക്കുന്നത്. കൂടുതലും കപ്പ, മീൻകറി പോലെ നാടൻ ഫുഡാണ് ഇവിടെ ഉണ്ടാക്കുന്നത്.

honey-home-kitchen

ഡൈനിങ്ങിൽ നിന്ന് കുറച്ചുമാറിയാണ് വാഷ് ഏരിയ കൊടുത്തിരിക്കുന്നത്. സ്റ്റെയർ കേറി വരുന്ന ഇടത്തായി ഈശോയുടെ മനോഹരമായ ഒരു പെയിന്റിങ് കാണാം. മുകൾനിലയിലേക്ക് വന്നാൽ ഇവിടവും 'വെള്ള'മയമാണ്. രണ്ടു കിടപ്പുമുറികൾ, ഫ്രൂട്ട് ഗാർഡനിലേക്ക് തുറക്കുന്ന ബാൽക്കണി എന്നിവയാണ് ഇവിടെയുള്ളത്.

honey-balcony

മുകൾനിലയിലെ ബാൽക്കണിയാണ് എനിക്ക് പ്രിയപ്പെട്ട മറ്റൊരിടം. ഇവിടെ നിൽക്കുമ്പോൾ ബാംബുവിന്റെ പച്ചപ്പും കിളികളുടെ ശബ്ദവും ഒക്കെ ആസ്വദിക്കാം. ഞാൻ വർക്ക്ഔട്ട് ചെയ്യുന്നതും ഇവിടെയാണ്. മലയാളസിനിമയുടെ ലക്കി ലൊക്കേഷൻ ആണ് മൂലമറ്റം –തൊടുപുഴ പ്രദേശം. ഷൂട്ടിനു വരുമ്പോൾ സിനിമാസുഹൃത്തുക്കൾ വീട്ടിൽ വരാറുണ്ട്. 'ദൃശ്യം' സിനിമയിലെ ചില ഭാഗങ്ങളൊക്കെ ഇവിടെയടുത്താണ്  ഷൂട്ട് ചെയ്തത്. എന്റെ പുതുതായി വരാനുളള ചിത്രം 'റേച്ചൽ' ആണ്. ഇറച്ചിവെട്ടുകാരിയായിട്ടാണ് അഭിനയിക്കുന്നത്. ശക്തമായ ഒരു കഥാപാത്രം ചെയ്യാൻ പറ്റിയതിൽ സന്തോഷം ഉണ്ട്. നല്ല പ്രതീക്ഷയിലാണ്. 

വീടിനുള്ളിലെ ഫാക്ടറി

ഞങ്ങൾക്ക് ചെറിയൊരു ബിസിനസ് സംരംഭമുണ്ട്. ബാത് സ്ക്രബറിന്റെ പ്രൊഡക്‌ഷൻ യൂണിറ്റാണ്. രാമച്ചവും കോട്ടണ്‍ കൊണ്ടുമുളള ബാത് സ്ക്രബറാണ് ഇവിടെ ഉണ്ടാക്കുന്നത്. 10–20 വർഷമായി ഞാൻ ഇതാണ് ഉപയോഗിക്കുന്നത്. ചർമത്തിന് വളരെ നല്ലതാണ്. സ്ത്രീകൾക്ക് ഒരു ജോലി സാധ്യത ഉണ്ടാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഒരുപാട് വർഷങ്ങളായി ഒരുകുടുംബംപോലെ ഞങ്ങളുടെ കൂടെ ജോലിചെയ്യുന്ന ചേച്ചിമാരുണ്ട്. അത് വലിയൊരു സന്തോഷം തന്നെയാണ്. 

കുടുംബം എന്ന സ്വർഗം 

അച്ഛനും അമ്മയും ഞാനും അടങ്ങുന്ന കൊച്ചുകുടുംബമാണ്. വീട് ഇങ്ങനെ മനോഹരമാക്കി നിലനിർത്തുന്നതിൽ പ്രധാന പങ്ക് അമ്മയുടേതാണ്. അമ്മയുടെ കയ്യിൽ എപ്പോഴും ക്ലീൻ ചെയ്യുന്ന എന്തെങ്കിലും കാണും, അതുകൊണ്ട് തൂത്തും തുടച്ചും നടക്കലാണ് പ്രധാന പണി. വീടിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും ചെടികളുടെ പരിപാലനവും എനിക്കാണെന്നും ഈ രണ്ടെണ്ണം ഒന്നും ചെയ്യാറില്ല, ഈ വർത്തമാനം മാത്രമേ ഉള്ളൂവെന്നും ഹണിയുടെ അമ്മ പറയുന്നു.  

ഫ്രൂട്ട് ഗാർഡൻ

honey-home-garden

വീട്ടിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഇടം ഫ്രൂട്ട് ഗാർഡനാണ്. ഈ െചടികളുടെ അടുത്ത് വരുമ്പോൾ ഞാനൊരു നാഗവല്ലിയായി മാറുന്നതായി എനിക്കുതന്നെ തോന്നാറുണ്ട്. ആരു വീട്ടിൽ വന്നാലും ഞാൻ ആദ്യം അവരെ കാണിച്ചു കൊടുക്കുന്നത് ഈ ഫലവൃക്ഷങ്ങളാണ്.  ചീവിടുകളൊക്കെയുള്ള ഒരു ചെറിയ കാടാണിത്. അച്ഛൻ കുറച്ചൊക്കെ മരങ്ങൾ വെട്ടി ഒതുക്കി നിർത്തിയിരിക്കുന്ന സമയമാണ്, അല്ലെങ്കിൽ ശരിക്കും കാടിന്റെ പ്രതീതിയാണ്.

ഇനിയുമുണ്ട് വിശേഷങ്ങൾ. വീടിന്റെ കാഴ്ചകൾ കണ്ടാസ്വദിക്കാൻ തുടക്കത്തിൽ കൊടുത്തിരിക്കുന്ന വിഡിയോ കാണുമല്ലോ...

English Summary:

Honey Rose House in Moolamattom- Green Heaven HomeTour Manoramaveedu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com