സിനിമകൾ തുടർച്ചയായി നഷ്ടക്കച്ചവടം: വീടുവിറ്റ് കോടികൾ ലാഭം നേടി അക്ഷയ് കുമാർ

Mail This Article
ബോക്സ് ഓഫിസിൽ തന്റെ ചിത്രങ്ങൾ തുടരെ നഷ്ടക്കച്ചവടമായി മാറുകയാണെങ്കിലും റിയൽ എസ്റ്റേറ്റിലൂടെ ലാഭം കൊയ്യുകയാണ് നടൻ അക്ഷയ് കുമാർ. മുംബൈയിലെ ബോറിവാലി ഈസ്റ്റ് മേഖലയിൽ സ്ഥിതിചെയ്യുന്ന അപ്പാർട്ട്മെന്റാണ് അക്ഷയ്കുമാർ വിറ്റത്. മുംബൈ റിയൽ എസ്റ്റേറ്റ് മേഖലയുടെ കുതിച്ചു കയറ്റം മൂലം നിക്ഷേപങ്ങളിൽ നിന്നും പരമാവധി ലാഭം നേടാനുള്ള സാധ്യത കണക്കിലെടുത്താണ് വിൽപന നടന്നത്. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം നാലേകാൽ കോടി രൂപയാണ് അക്ഷയ് കുമാറിന് വിലയായി ലഭിച്ചത്.
ഒബറോയി സ്കൈ സിറ്റിയിലാണ് അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. 1073 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കാർപെറ്റ് ഏരിയയാണ് അപ്പാർട്ട്മെന്റിനുള്ളത്. കെട്ടിടത്തിലെ രണ്ട് കാർ പാർക്കിങ് സ്ലോട്ടുകളും അപ്പാർട്ട്മെന്റിന്റെ ഉടമകൾക്കായി നീക്കിവച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഭവന കൈമാറ്റം സംബന്ധിച്ച രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായതായി രേഖകൾ സൂചിപ്പിക്കുന്നു. 25.5 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും മുപ്പതിനായിരം രൂപ രജിസ്ട്രേഷൻ ഫീ ഇനത്തിലും കെട്ടിവച്ചു.
ഈ ഇടപാടിലൂടെ വൻതുകയുടെ ലാഭം അക്ഷയ് കുമാറിന് ഉണ്ടായതായാണ് റിയൽ എസ്റ്റേറ്റ് സൈറ്റുകൾ സൂചിപ്പിക്കുന്നത്. 2017ൽ 2.38 കോടി രൂപ വില നൽകിയാണ് അക്ഷയ് കുമാർ അപ്പാർട്ട്മെന്റ് സ്വന്തമാക്കിയത്. എട്ടു വർഷങ്ങൾ കൊണ്ട് വീടിന്റെ വിലമതിപ്പ് 78 ശതമാനം വർധിച്ചു. 25 ഏക്കറിലാണ് ഈ ഭവനപദ്ധതി ഒരുക്കിയിരിക്കുന്നത്. 3 BHK, 3 BHK + സ്റ്റുഡിയോ, ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റുകളാണ് ഇവിടെയുള്ളത്.
മുംബൈ റിയൽ എസ്റ്റേറ്റ് മേഖലയുടെ ചലനാത്മകതയ്ക്കൊപ്പം മികച്ച പ്രവർത്തനമാണ് ഒബ്രോയ് സ്കൈ കാഴ്ചവയ്ക്കുന്നത് എന്ന് റിയൽ എസ്റ്റേറ്റ് സൈറ്റുകൾ എടുത്തുപറയുന്നു. 2024ൽ മാത്രം ആകെ 848 കോടി വിലമതിപ്പിൽ 216 വിൽപന രജിസ്ട്രേഷനുകൾ ഇവിടെ നടന്നിട്ടുണ്ട്. ഭവന പദ്ധതിയിലെ ശരാശരി റീ സെയിൽ വില നിലവിൽ ചതുരശ്ര അടിക്ക് 39,522 രൂപയാണ്.