ADVERTISEMENT

നിലവിൽ രാജ്യത്തെ ഏറ്റവും ചലനാത്മകമായ റിയൽ എസ്റ്റേറ്റ് വിപണികളിൽ ഒന്നാണ് മുംബൈ. പ്രധാന നഗരങ്ങളോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങൾക്ക് മാത്രമല്ല താരതമ്യേന ഉൾപ്രദേശങ്ങളിൽ പോലും റിയൽ എസ്റ്റേറ്റ് വിപണി സജീവമാണ്. വാണിജ്യ പ്രോപ്പർട്ടികൾക്കും റസിഡൻഷ്യൽ പ്രോപ്പർട്ടികൾക്കും ഒരേപോലെ ആവശ്യക്കാരുണ്ട് എന്നതാണ് പ്രത്യേകത. 

മികച്ച ലാഭം നൽകുന്ന നിക്ഷേപം എന്ന നിലയിൽ മുംബൈ റിയൽ എസ്റ്റേറ്റിൽ മുതൽമുടക്കിയ ബോളിവുഡ് താരങ്ങൾ അനവധിയാണ്. ബോളിവുഡ് താരം സണ്ണി ലിയോണിയാണ് ആ പട്ടികയിൽ ഏറ്റവും ഒടുവിലത്തേത്. ഓഷിവാര മേഖലയിൽ സണ്ണി പുതിയ ഓഫിസ് വാങ്ങിയതായാണ് റിപ്പോർട്ടുകൾ.

ഓഷിവാരയിൽ വീർ ഗ്രൂപ്പ് ആരംഭിച്ച വാണിജ്യ പദ്ധതിയായ വീർ സിഗ്നേച്ചറിൽ സ്ഥിതി ചെയ്യുന്ന ഓഫിസാണ് സണ്ണി ലിയോണി വാങ്ങിയിരിക്കുന്നത്. ലോകണ്ഡ്വാല കോംപ്ലക്സിന് സമീപം സ്ഥിതി ചെയ്യുന്ന ഈ മേഖല മുംബൈയിലെ സുപ്രധാന ലൊക്കേഷനുകളിൽ ഒന്നാണ്. കച്ചവടത്തിന്റെ രജിസ്ട്രേഷൻ നടപടികൾ ഏതാനും ദിവസങ്ങൾക്ക് മുൻപ് പൂർത്തിയായതായി റിയൽ എസ്റ്റേറ്റ് സംരംഭമായ സ്ക്വയർ യാർഡ്സ് വെളിപ്പെടുത്തുന്നു. രജിസ്ട്രേഷൻ രേഖകൾ പ്രകാരം എട്ടു കോടി രൂപയാണ് വിലയായി നൽകിയിരിക്കുന്നത്.

ചലച്ചിത്ര നിർമ്മാതാവും റിയൽ എസ്റ്റേറ്റ് ഡെവലപ്പറുമായ ആനന്ദ് പണ്ഡിറ്റിൽ നിന്നുമാണ് സണ്ണി ഓഫിസ് സ്പേസ് വാങ്ങിയിരിക്കുന്നത്. 1904.91 ചതുരശ്ര അടി കാർപെറ്റ് ഏരിയയും 2095 ചതുരശ്ര അടി ബിൽറ്റ് അപ്പ് ഏരിയയുമാണ് കെട്ടിടത്തിനുള്ളത്. ഇതിനുപുറമേ വീർ സിഗ്നേച്ചറിലെ മൂന്ന് കാർപാർക്കിങ് സ്പേസുകളും സണ്ണിക്ക് ഉപയോഗിക്കാം. 35 ലക്ഷം രൂപ ഇടപാടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ താരം കെട്ടി വച്ചിട്ടുണ്ട്. മുപ്പതിനായിരം രൂപയാണ് രജിസ്ട്രേഷൻ ചാർജ്. 

അര ഏക്കർ വിസൃതിയിലാണ് വീർ സിഗ്നേച്ചർ കൊമേർഷ്യൽ പദ്ധതി സ്ഥിതി ചെയ്യുന്നത്. 59 ചതുരശ്ര മീറ്റർ മുതൽ 193 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള ഓഫിസുകൾ കെട്ടിടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ക്വയർ യാർഡ്സ്  ശേഖരിച്ച വിവരങ്ങൾ പ്രകാരം കഴിഞ്ഞവർഷം ആകെ 202 കോടി രൂപ വിലമതിപ്പിൽ 12 പ്രോപ്പർട്ടി ഇടപാടുകളാണ് വീർ സിഗ്നേച്ചറിൽ നടന്നിരിക്കുന്നത്. അമിതാഭ് ബച്ചൻ, അജയ് ദേവ്ഗൻ, കാർത്തിക് ആര്യൻ, സാറ അലി ഖാൻ തുടങ്ങിയവരും കെട്ടിടത്തിൽ ഓഫിസ് സ്പേസുകൾ സ്വന്തമാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

ബാന്ദ്ര, ജുഹു , വർളി എന്നിവയ്ക്ക് പുറമേ ഓഷിവാര അടക്കമുള്ള പല മേഖലകളിലും റിയൽ എസ്റ്റേറ്റ് വിപണി കൂടുതൽ സജീവമാകുന്നു എന്നതിന്റെ സൂചനയാണ് ഈ കൈമാറ്റങ്ങൾ നൽകുന്നത്. മുംബൈയിൽ ഒന്നിലധികം പ്രോപ്പർട്ടികളുള്ള സെലിബ്രിറ്റികൾ അടക്കം ഈ സാധ്യത പരമാവധി പ്രയോജനപ്പെടുത്തി വൻ തുക ലാഭത്തിന് വസ്തുക്കൾ കൈമാറ്റം ചെയ്യുന്നുമുണ്ട്.

English Summary:

Sunny Leone Buys Office Space in Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com