റിയൽഎസ്റ്റേറ്റ് കുതിച്ചുചാട്ടം പരമാവധി മുതലെടുത്ത് സിനിമാതാരങ്ങൾ: നേടുന്നത് ഇരട്ടിയിലേറെ ലാഭം

Mail This Article
മുംബൈയിലെ മുൻനിര നഗരങ്ങളിലും സാമാന്യം ഭേദപ്പെട്ട പട്ടണങ്ങളിലുമെല്ലാം സ്ഥലവിലയും ഭവനവിലയും കുതിച്ചുയരുകയാണ്. ഈ കുതിച്ചുചാട്ടം മികച്ച അവസരമായി കണ്ട് വൻലാഭം കൊയ്യുകയാണ് ബോളിവുഡ് താരങ്ങൾ. മുംബൈയിലെ പ്രധാന ലൊക്കേഷനുകളായി സ്ഥിതി ചെയ്യുന്ന വീടുകൾ ഇരട്ടിയിലധികം ലാഭത്തിലാണ് പല താരങ്ങളും കൈമാറ്റം ചെയ്തിരിക്കുന്നത്.
അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, സുഭാഷ് ഘായ്, സോനാക്ഷി സിൻഹ എന്നിവരുൾപ്പെടെയുള്ള ബോളിവുഡ് താരങ്ങൾ 2016 നും 2021 നും ഇടയിൽ മുംബൈയിലെ മൈക്രോ മാർക്കറ്റുകളിൽ അപ്പാർട്ട്മെന്റുകൾ സ്വന്തമാക്കുന്നതിനായി ആകെ 56.1 കോടി രൂപ ചെലവിട്ടിരുന്നു. ഇവയിൽ നാലു ഫ്ലാറ്റുകൾ 2025 ജനുവരിയിൽ 122.42 കോടി രൂപ മൊത്തം മൂല്യമായി നേടിയാണ് വിറ്റു പോയത്. മുൻനിര സെലിബ്രിറ്റികൾ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിലൂടെ വൻതുക സമ്പാദിക്കുന്നത് റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിലേക്ക് കൂടുതൽ ജനങ്ങളെ ആകർഷിക്കുന്നുമുണ്ട്. പ്രോപ്പർട്ടി കൈമാറ്റത്തിലൂടെ അടുത്തിടെ വലിയ ലാഭം നേടിയ ചില സെലിബ്രിറ്റി ഇടപാടുകൾ നോക്കാം.
അമിതാഭ് ബച്ചൻ
റിയൽ എസ്റ്റേറ്റ് മാർക്കറ്റ് പ്ലേസായ സ്ക്വയർ യാർഡ്സ് ശേഖരിച്ച രജിസ്ട്രേഷൻ വിവരങ്ങൾ പ്രകാരം അന്ധേരി മേഖലയിൽ സ്ഥിതി ചെയ്യുന്ന തന്റെ ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റ് കഴിഞ്ഞ ജനുവരിയിൽ അമിതാഭ് ബച്ചൻ കൈമാറ്റം ചെയ്തിരുന്നു. 83 കോടി രൂപയാണ് അദ്ദേഹത്തിന് വിലയായി ലഭിച്ചത്. 2021 ഏപ്രിലിൽ 31 കോടി രൂപയ്ക്ക് വാങ്ങിയ ഫ്ലാറ്റാണ് 52 കോടി രൂപ അധികം നേട്ടത്തിൽ ബിഗ് ബി വിറ്റത്. അറ്റ്ലാൻഡിസ് എന്ന കെട്ടിടത്തിലെ 27, 28 നിലകളിൽ സ്ഥിതി ചെയ്യുന്ന അപ്പാർട്ട്മെൻ്റാണിത്. 5185 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ കാർപെറ്റ് ഏരിയയും 4400 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ടെറസ് ബാൽക്കണിയും ഈ അപ്പാർട്ട്മെന്റിനുണ്ട്.
അക്ഷയ് കുമാർ
2025 ജനുവരിയിലാണ് ബൊറിവാലി ഈസ്റ്റിൽ തന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന അപ്പാർട്ട്മെന്റ് അക്ഷയ് കുമാര്‍ കൈമാറ്റം ചെയ്തത്. 4.25 കോടി രൂപയായിരുന്നു വിലയായി ലഭിച്ചത്. 2017ൽ 2.38 കോടി രൂപയ്ക്ക് അദ്ദേഹം സ്വന്തമാക്കിയ അപ്പാർട്ട്മെന്റാണിത്. ഏഴു വർഷങ്ങൾക്കിപ്പുറം ഈ അപ്പാർട്ട്മെന്റിന്റെ വിലമതിപ്പ് 78 ശതമാനം വർദ്ധിച്ചു.
സോനാക്ഷി സിൻഹ
ബോളിവുഡ് താരം സോനാക്ഷി സിൻഹ ബാന്ദ്രയിലെ അപ്പാർട്ട്മെന്റാണ് വൻ ലാഭത്തിന് വിറ്റത്. പ്രോപ്പർട്ടി ഇടപാടിലൂടെ 22.5 കോടി രൂപ താരം നേടി. 2020 ലാണ് ഈ അപ്പാർട്ട്മെന്റ് സോനാക്ഷി വാങ്ങിയത്. അന്ന് 14 കോടി രൂപയായിരുന്നു വീടിന്റെ വില. അതായത് നാലു വർഷങ്ങൾ കൊണ്ട് അപ്പാർട്ട്മെന്റിൻ്റെ വിലമതിപ്പ് 61 ശതമാനം വർദ്ധിച്ചു.
സുഭാഷ് ഘായ്
താരങ്ങൾക്ക് പുറമേ ചലച്ചിത്ര മേഖലയിലെ മറ്റു പ്രമുഖരും റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ നിന്നും വലിയ ലാഭം നേടിയവരുടെ പട്ടികയിലുണ്ട്. ചലച്ചിത്ര സംവിധായകൻ സുഭാഷ് ഘായിയും ഭാര്യ മുക്ത ഘായിയും ജനുവരിയിൽ മുംബൈയിലെ അന്ധേരിയിലുള്ള അപ്പാർട്ട്മെന്റ് 12.85 കോടി രൂപയ്ക്ക് വിറ്റതായി സാപ്കി.കോം പുറത്തുവിട്ട പ്രോപ്പർട്ടി രജിസ്ട്രേഷൻ രേഖകൾ വ്യക്തമാക്കുന്നു. 2016 ഓഗസ്റ്റിൽ 8.72 കോടി രൂപയ്ക്കാണ് അദ്ദേഹം ഈ അപ്പാർട്ട്മെന്റ് വാങ്ങിയത്. ഈ ലാഭ നേട്ടത്തിന് തൊട്ടുപിന്നാലെ ഫെബ്രുവരി മൂന്നിന് ബാന്ദ്രാ വെസ്റ്റ് മേഖലയിൽ മറ്റൊരു അപ്പാർട്ട്മെന്റ് 24 കോടി രൂപ മുടക്കി സുഭാഷ് ഘായ് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.