റിയൽ എസ്റ്റേറ്റിലും താരമായി കജോൾ: 29 കോടിക്ക് വീണ്ടും പ്രോപ്പർട്ടി സ്വന്തമാക്കി

Mail This Article
മുംബൈയിൽ സ്വന്തമാക്കിയ സ്ഥലങ്ങൾ മുടക്കിയ തുകയുടെ ഇരട്ടി ലാഭത്തിൽ കൈമാറ്റം ചെയ്യുകയാണ് ബോളിവുഡ് താരങ്ങൾ. ഈ ട്രെൻഡ് തുടരുന്നതിനിടെ മുംബൈയിൽ പുതിയൊരു പ്രോപ്പർട്ടി സ്വന്തമാക്കിയിരിക്കുകയാണ് കജോൾ. റിപ്പോർട്ടുകൾ പ്രകാരം മുംബൈയിലെ ഗോരേഗാവ് വെസ്റ്റ് മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു വാണിജ്യ പ്രോപ്പർട്ടിയാണ് കോടികൾ വില നൽകി താരം വാങ്ങിയിരിക്കുന്നത്.
ഒരു റെസിഡൻഷ്യൽ ടവറിന്റെ താഴത്തെ നിലയിലുള്ള പ്രോപ്പർട്ടി, ഭാരത് റിയൽറ്റി വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പക്കൽ നിന്നുമാണ് കജോൾ വാങ്ങിയത്. 28.78 കോടി രൂപ വില നൽകിയെന്നാണ് റിപ്പോർട്ടുകൾ. 4365 ചതുരശ്ര അടിയാണ് വിസ്തീർണ്ണം. മാർച്ച് ആറിന് ഇടപാടുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായിട്ടുണ്ട്. 1.72 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ താരം കെട്ടിവച്ചു.
65940 രൂപയാണ് ഒരു ചതുരശ്ര അടിക്ക് കജോൾ നൽകിയിരിക്കുന്നത്. അഞ്ച് കാർ പാർക്കിങ് സ്ലോട്ടുകൾ ഉൾപ്പെടുന്നതാണ് പ്രോപ്പർട്ടി. ഇന്ത്യയിലെ പ്രധാന മേഖലകളിൽ നിക്ഷേപങ്ങൾ നടത്തുന്നതിലെ ലാഭം കണക്കിലെടുത്ത് അതിസമ്പന്നരും സെലിബ്രിറ്റികളും റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് അധിക പ്രാധാന്യം നൽകിവരുന്നതാണ് ട്രെൻഡ്. ഇതിൽ തന്നെ വാണിജ്യ പ്രോപ്പർട്ടികൾ സ്വന്തമാക്കുന്നതിലൂടെ സ്ഥിരമായ വാടക വരുമാനവും ദീർഘകാല മൂലധന വളർച്ചയും ഉറപ്പാക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
രണ്ടു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് കജോൾ വാണിജ്യ പ്രോപ്പർട്ടിയിൽ നിക്ഷേപം നടത്തുന്നത്. 2023 ൽ മുംബൈയിലെ ഒഷിവാരയിലുള്ള സിഗ്നേച്ചർ ബിൽഡിങ്ങിലെ 194.67 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഓഫിസ് കെട്ടിടം 7.64 കോടി രൂപയ്ക്ക് താരം സ്വന്തമാക്കിയിരുന്നു. 2023 ൽ റസിഡൻഷ്യൽ പ്രോപ്പർട്ടിയിലും കജോൾ നിക്ഷേപം നടത്തി. ഭാരത് റിയൽറ്റി വെഞ്ചേഴ്സിൽ നിന്നുതന്നെയായിരുന്നു അപ്പാർട്ട്മെന്റ് വാങ്ങിയത്. 16.5 കോടി രൂപയായിരുന്നു അപ്പാർട്ട്മെന്റിന്റെ വില.