സൂപ്പർഹിറ്റ്: 7000 സ്ക്വയർഫീറ്റിൽ നയൻതാരയുടെയും വിഘ്നേഷിന്റെയും പുതിയ സ്റ്റുഡിയോ

Mail This Article
തെന്നിന്ത്യൻ പവർ കപ്പിളായ നയൻതാരയുടെയും വിഗ്നേഷ് ശിവന്റെയും ജീവിതത്തിലെ ഓരോ മുഹൂർത്തങ്ങളും ആരാധകർ ഉറ്റുനോക്കാറുണ്ട്. ഇപ്പോഴിതാ താരദമ്പതികൾ ചെന്നൈയിൽ ഒരു പുതിയ സ്റ്റുഡിയോ ഒരുക്കിയതിന്റെ വിശേഷങ്ങളാണ് ശ്രദ്ധനേടുന്നത്. കൊളോണിയൽ ശൈലിയിൽ നിർമിച്ച പ്രൗഢമായ ഒരു ബംഗ്ലാവ്, ഹോം സ്റ്റുഡിയോ രൂപത്തിൽ മാറ്റിയെടുത്തിരിക്കുകയാണ് ഇരുവരും. ഇതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു കഴിഞ്ഞു.
7000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബംഗ്ലാവിനാണ് നയൻതാരയും വിഗ്നേഷും പുതിയ രൂപം നൽകിയിരിക്കുന്നത്. പ്രകൃതിയോടിണങ്ങി സ്വച്ഛമായി സമയം പങ്കിടാൻ ഏറ്റവും അനുയോജ്യമായ ഇടമാക്കിയാണ് താരങ്ങൾ ഈ വീടിനെ ഒരുക്കിയെടുത്തിരിക്കുന്നത്. അത്യാഡംബരങ്ങളില്ലാതെ, എന്നാൽ പ്രൗഢിയിൽ ഒട്ടും കുറവ് വരുത്താതെ സവിശേഷമായ രീതിയിലാണ് ഇൻ്റീരിയർ ഡിസൈനിങ്.
പഴമയുടെ സൗന്ദര്യം തുളുമ്പി നിൽക്കുന്ന കരകൗശല വസ്തുക്കളുടെയും ശിൽപങ്ങളുടെയും പെയിന്റിങ്ങുകളുടെയും വലിയൊരു ശേഖരമാണ് ഈ ഹോം സ്റ്റുഡിയോയുടെ സവിശേഷത. അവയെല്ലാം ഓരോ മുറിക്കും ഏറ്റവും അനുയോജ്യമായ രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. തടിയിൽ തീർത്ത ഫർണിച്ചറുകൾ കാലാതീതമായ ഭംഗിയുള്ളവയാണ്. പ്രധാനമായും തേക്കിൽ നിർമിച്ച ഫർണിച്ചറുകളാണ് ഇവിടെയുള്ളത്. വെളിച്ചത്തിന് ഒട്ടും കുറവ് വരാതിരിക്കാൻ ഗ്ലാസ് ഉപയോഗിച്ചാണ് ഫസാഡ് നിർമിച്ചിരിക്കുന്നത്. വൈക്കോല്‍, ഈറ്റയിൽ തയാറാക്കിയ കൊട്ടകൾ എന്നിവ ഉപയോഗിച്ച് നിർമിച്ച ഹാങ്ങിങ് ലൈറ്റുകളാണ് മറ്റൊരു കാഴ്ച. അകത്തളത്തിൽ ധാരാളം ഇൻഡോർ പ്ലാന്റുകളും ഇടം പിടിച്ചിട്ടുണ്ട്.
കോൺഫറൻസ് റൂം, അതിഥികളെ സൽക്കരിക്കാനും പാർട്ടി നടത്താനും വിശാലമായ ലോഞ്ച്, ഒഴിവുവേളകൾ ആസ്വാദ്യകരമാക്കാൻ ഔട്ട്ഡോർ - ഇൻഡോർ സിറ്റിങ് ഏരിയകൾ, ലിവിങ് റൂം, കിടപ്പുമുറികൾ, മീറ്റിങ്ങിനായി പ്രത്യേകം മുറികൾ, പിൻഭാഗത്തായി പ്രത്യേക ഡൈനിങ് ഏരിയ എന്നിവയെല്ലാം ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്. വിഗ്നേഷിന്റെ സ്റ്റുഡിയോ റൂമും അതിഥികളെ സൽക്കരിക്കുന്ന ടെറസ് കഫേ ലോഞ്ചുമാണ് ഇവിടെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങൾ എന്ന് നയൻതാര പറയുന്നു.
ചെന്നൈയിലെ പ്രൈം റസിഡൻഷ്യൽ നെയ്ബർഹുഡായ വീനസ് കോളനിയിലാണ് ഹോം സ്റ്റുഡിയോ. നഗരത്തിന്റെ തിരക്കുകൾ അനുഭവപ്പെടാത്ത പ്രശാന്ത സുന്ദരമായ ഇടമായാണ് വീട് ഒരുക്കിയിരിക്കുന്നതെങ്കിലും ഈ ബംഗ്ലാവിൽ ഇരുന്നാൽ നഗരക്കാഴ്ചകൾ ആവോളം ആസ്വദിക്കുകയും ചെയ്യാം. ഡിസൈനർ നിഖിത റെഡിയാണ് താരങ്ങളുടെ മനസ്സിനിണങ്ങിയ രീതിയിൽ വീട് ഒരുക്കിയെടുത്തിരിക്കുന്നത്.