പുരപ്പുറത്ത് തിരിക്കുന്ന ആന്റിന, പഴയ ടിവി, റേഡിയോ; 1980ലെ കേരളം ദുബായിലെ വീട്ടിൽ ഒരുക്കി മലയാളി കോടീശ്വരൻ

Mail This Article
ടിവിയിലെ കാഴ്ച തടസ്സപ്പെടുന്നുണ്ടെങ്കിൽ വീടിന് മുകളിൽ കയറി ആന്റിന തിരിച്ചു നോക്കിയിരുന്ന കാലം. ഇന്ന് അങ്ങനെയൊരു കാഴ്ച കേരളത്തിൽ എവിടെയും കാണാനാവില്ല. എന്നാൽ അത്യാധുനികത മാത്രം നിറഞ്ഞുനിൽക്കുന്ന ദുബായിൽ ഇങ്ങനെ മേൽക്കൂരയ്ക്ക് മുകളിൽ ഉയർന്നുനിൽക്കുന്ന ടിവി ആന്റിനയുള്ള ഒരു വീടുണ്ട്. ചുവരിൽ ഏണിചാരിവച്ച് മേൽക്കൂരയിൽ കയറി ആൻ്റിന തിരിക്കുന്ന ഒരു മലയാളിയും ഇവിടെയുണ്ട്. അബ്ദുള്ള നൂറുദ്ദീൻ എന്ന കോടീശ്വരനാണ് എഴുപതുകളിലെയും എൺപതുകളിലെയും കേരളീയ ജീവിതം അപ്പാടെ പകർത്തി ദുബായിൽ ജീവിക്കുന്നത്.
നൊസ്റ്റാൾജിയ നിറച്ചുവച്ചിരിക്കുന്ന ആഡംബര വീട്. അബ്ദുള്ളയുടെ ദുബായിലെ വീടിന് ഇങ്ങനെ വിശേഷിപ്പിക്കാം. വീടിന്റെ പിന്നാമ്പുറത്ത് ഒരുക്കിയിരിക്കുന്ന അടുക്കള തോട്ടത്തിൽ നിന്ന് ആരംഭിക്കുന്നതാണ് അബ്ദുള്ളയുടെ ദിനചര്യകൾ. തക്കാളിയും പാവയ്ക്കയും മുരിങ്ങയ്ക്കയും പച്ചമുളകുമെല്ലാം ധാരാളമായി ഇവിടെ നിന്നും ലഭിക്കും. ഇവയെല്ലാം ശേഖരിച്ച ശേഷം വീടിനുള്ളിലേയ്ക്ക് കയറും മുൻപ് കാലുകൾ കഴുകാൻ പണ്ടുകാലത്ത് കേരളത്തിലെ തറവാട് വീടുകളിലെ മുന്നിൽ ഇടം പിടിച്ചിരുന്നതുപോലെ ഒരു കിണ്ടിയും തയ്യാറാക്കിയിരിക്കുന്നു.
ഇനി വീടിനുള്ളിലേയ്ക്ക് കയറിയാലോ, ചാരുകസേരയും പഴയ റേഡിയോയും ടിവിയും ഗ്രാമഫോണും കോളാമ്പിയും ചിമ്മിനി വിളക്കും ടൈപ്പ് റൈറ്ററും ടോർച്ചും എന്തിനേറെ ലാൻഡ് ലൈൻ ഫോൺ വരെ ഇവിടെ കാണാം. ഇവയെല്ലാം അബ്ദുള്ളയുടെ നിത്യജീവിതത്തിന്റെ ഭാഗങ്ങളാണ്. കേരളത്തിന്റെ ഓർമ്മകൾ തങ്ങിനിൽക്കുന്ന തന്റെ പ്രിയപ്പെട്ട വസ്തുക്കൾ സൂക്ഷിക്കാനായി ഒരു പ്രത്യേക ഭാഗം തന്നെ വീടിനുള്ളിൽ അദ്ദേഹം നീക്കിവച്ചിട്ടുണ്ട്.
കണ്ണൂർ സ്വദേശിയായ അബ്ദുള്ള 20 വർഷങ്ങളായി റിയൽ എസ്റ്റേറ്റ്, എയർപോർട്ട് സർവീസ് മേഖലയിൽ ബിസിനസ് ചെയ്യുകയാണ്. എന്നാൽ നാടിനോടുള്ള തന്റെ പ്രിയം ജീവിതശൈലിയിൽ പകർത്താൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു. മുണ്ടുടുത്ത് തനി നാട്ടിൻപുറത്തുകാരനായാണ് ഈ വലിയ വീട്ടിൽ അദ്ദേഹം ജീവിക്കുന്നത്. ദുബായ് നഗരത്തിന്റെ ഹൃദയഭാഗത്ത് കേരളത്തിലെ ഗ്രാമത്തിൽ ജീവിക്കുന്ന അനുഭവം സൃഷ്ടിച്ചെടുക്കുകയാണ് അദ്ദേഹം. പഴയകാലത്ത് ഓരോ കാര്യങ്ങളും എങ്ങനെയാണ് മലയാളികൾ ചെയ്തിരുന്നത് എന്ന് പുതുതലമുറയെ ഓർമിപ്പിക്കുന്നതിനായി പെട്രോമാക്സ് തെളിയിക്കുന്നതിൻ്റെയും കനലിട്ട് തേപ്പുപെട്ടി ഉപയോഗിക്കുന്നതിൻ്റെയും ടേപ്പ് റെക്കോർഡറിൽ കാസെറ്റിട്ട് പാട്ട് കേൾക്കുന്നതിന്റെയുമൊക്കെ വിഡിയോ അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.
എന്നാൽ ആധുനിക രീതിയിൽ അതിമനോഹരമായി തന്നെയാണ് തൻ്റെ ദുബായ് വീട് അദ്ദേഹം ഡിസൈൻ ചെയ്തിരിക്കുന്നത്. നിലവിലെ ദുബായ് ജീവിതം തിരക്കേറിയതാണെങ്കിലും നാട്ടിൽ ജീവിച്ചിരുന്ന കാലത്ത് താൻ കണ്ട കാഴ്ചകളും കേരളത്തിലെ ലളിത ജീവിതത്തിന്റെ ശൈലിയും ഏറെ ഇഷ്ടപ്പെടുന്നതിനാലാണ് നാടിന്റെ ഒരു ഭാഗം വീട്ടിൽ തന്നെ ഒരുക്കാൻ അദ്ദേഹം തീരുമാനിച്ചത്. പഴയകാല വസ്തുക്കൾക്ക് പുറമെ വിൻ്റേജ് കാറുകളുടെ വലിയൊരു ശേഖരവും അബ്ദുള്ളയ്ക്കുണ്ട്. ജീവിതവിജയം എന്നാൽ ഇങ്ങനെയായിരിക്കണമെന്നാണ് അദ്ദേഹത്തിന്റെ വിഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ.