സന്ദർശകർ പോലുമറിയാത്ത രഹസ്യം: താജ്മഹലിനു താഴെ പൂട്ടിയിടപ്പെട്ട 22 മുറികൾ; അതിനുള്ളിലെന്ത്?

Mail This Article
ചരിത്രം കൊണ്ടും വാസ്തുവിദ്യാ വൈഭവംകൊണ്ടും ലോകാദ്‌ഭുതങ്ങളിൽ ഏറ്റവും ആകർഷകമാണ് താജ്മഹൽ. ഈ നിർമിതിയെ ചുറ്റിപ്പറ്റിയുള്ള ഓരോ അറിവും അതിശയിപ്പിക്കുന്നതാണ്. അതിൽ ഒട്ടേറെ രഹസ്യങ്ങളുമുണ്ട്. അവയിലൊന്നാണ് താജ്മഹലിന് താഴെ പൂട്ടിയിട്ടിരിക്കുന്ന 22 മുറികൾ. ഇവ നിർമിക്കപ്പെട്ടതിന്റെ കാരണവും ഉള്ളിൽ എന്താണുള്ളതെന്നതുമെല്ലാം ഒട്ടേറെ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വഴിവച്ചിട്ടുണ്ട്.
താജ്മഹലിന്റെ വെളുത്ത മാർബിൾ ഘടനയ്ക്ക് ചുറ്റുമായി നിലകൊള്ളുന്ന ചുവന്ന മണൽക്കല്ലിൽ നിർമ്മിച്ച ചമേലി ഫ്ലോറിന് താഴെയാണ് രഹസ്യമുറികൾ. ഈ ഭൂഗർഭ മുറികൾ പൊതുജനങ്ങൾക്ക് എത്തിപ്പെടാനാവാത്ത വിധം അടച്ചു പൂട്ടപ്പെട്ട നിലയിലാണ്. താജ്മഹലിന്റെ ഭംഗി ആസ്വദിച്ച് ഇവയ്ക്ക് മുകളിലൂടെ നടന്നു നീങ്ങുന്ന സഞ്ചാരികൾ ഈ രഹസ്യത്തെക്കുറിച്ച് അറിയാറുമില്ല. താജ്മഹലിന്റെ അറ്റകുറ്റപണികൾ നടത്തിയ എൻജിനീയർമാരും ചരിത്രകാരന്മാരും ഈ നിലവറകളെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ പതിറ്റാണ്ടുകളായി ഇവ അടച്ചുപൂട്ടി സൂക്ഷിക്കപ്പെടുന്നതിനാൽ ഈ മുറികളെ ചുറ്റിപ്പറ്റി ഒട്ടേറെ കഥകളും പ്രചരിക്കുന്നു. വരിവരിയായി വ്യത്യസ്ത വലുപ്പത്തിലാണ് ഈ മുറികൾ. ഇവയ്ക്കുള്ളിൽ പുറംലോകം അറിയരുതാത്ത നിഗൂഢ രഹസ്യങ്ങൾ ഒളിപ്പിച്ചുവച്ചിട്ടുണ്ടാവാം എന്നാണ് പലരുടെയും വിശ്വാസം.
രാജഭരണകാലത്തെ കനത്ത നിധി ശേഖരം മുറികൾക്കുള്ളിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. അതല്ല ചരിത്രപരമായ പല രഹസ്യങ്ങളുടെയും അവശേഷിപ്പുകളാണ് ഇവയ്ക്കുള്ളിലെന്ന് കരുതുന്നവരും കുറവല്ല. ഷാജഹാന്റെയും മുംതാസിന്റെയും യഥാർഥ ശവകുടീരങ്ങൾ ഈ നിലവറുകൾക്കുള്ളിലാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
എന്നാൽ ഈ മുൻവിധികളെയെല്ലാം ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (ASI) തള്ളിക്കളഞ്ഞിട്ടുണ്ട്. ASI പറയുന്നതനുസരിച്ച് മുകളിലത്തെ മാർബിൾ ഫ്ലോറിന്റെയും ആകെ ഘടനയുടെയും ഭാരം വഹിക്കാനായാണ് ഈ ചേമ്പറുകൾ നിർമിച്ചിരിക്കുന്നത്. താജ്മഹലിന്റെ ഘടനയിൽ ഉടനീളം വായു സഞ്ചാരം ഉറപ്പാക്കാനും ഈർപ്പനില ക്രമപ്പെടുത്താനും ഉദ്ദേശിച്ചുകൊണ്ടാണ് ഇവയുടെ നിർമാണം. ഇഷ്ടികയും പ്ലാസ്റ്ററും ഉപയോഗിച്ചിരിക്കുന്ന ഈ അറകൾ ആരാധനകൾക്കോ താമസത്തിനോ വേണ്ടി നിർമിച്ചതല്ല എന്നും ASI പറയുന്നു.

ഘടനയുടെ സംരക്ഷണം നിലനിർത്താനുള്ള നടപടികളുടെ ഭാഗമായി ഇവയിൽ രണ്ട് മുറികൾ തുറന്നതിന്റെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. ചുണ്ണാമ്പുകൊണ്ട് പ്ലാസ്റ്ററിങ് ചെയ്ത, പഴയ ഇഷ്ടികകളിൽ നിർമിച്ച സാധാരണ മുറികൾ എന്നതിനപ്പുറം ഇവയ്ക്കുള്ളിൽ ഒന്നുമില്ല എന്നാണ് വിശദീകരണം. അറകളെല്ലാം ശൂന്യമാണ്. അലങ്കാരങ്ങൾ ഒന്നും ഇവിടെയില്ല. പുരാതന കൊട്ടാരങ്ങളുടെയും കോട്ടകളുടെയും ബേസ്മെന്റിലുള്ള സ്റ്റോറേജുകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഈ നിലവറകളുള്ളത്.
താജ്മഹലിന്റെ ഘടന നിലനിർത്തുന്നതിൽ ഈ അറകൾക്ക് പ്രധാന പങ്കാണുള്ളത്. ഇവിടേക്ക് സഞ്ചാരികളെ അനുവദിക്കുന്നത് നിർമിതിയുടെ നിലനിൽപ്പിനെ ദോഷകരമായി ബാധിക്കും എന്നതിനാലാണ് ഇവ പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത വിധത്തിൽ പൂട്ടിയിട്ടിരിക്കുന്നത്. ഈ ഭാഗത്ത് ഈർപ്പത്തിന്റെ നിലയിൽ ഉണ്ടാവുന്ന ചെറിയ മാറ്റം പോലും നിർമിതിയെ പ്രതികൂലമായി ബാധിച്ചേക്കാം.
മലിനീകരണത്തിന്റെ തോതും കാലാവസ്ഥയിലെ വ്യതിയാനവും ഇതിനോടകം താജ്മഹലിൻ്റെ നിലനിൽപ്പിന് ഭീഷണിയായി നിൽക്കുമ്പോൾ അതിന്റെ ഘടനയെ സംരക്ഷിച്ചു നിർത്തുന്നത് സുപ്രധാനമായതിനാൽ ഈ അറകൾ ഇതേ നിലയിൽ തുടരുമെന്നാണ് അധികൃതർ അറിയിക്കുന്നത്. പൊതുജനങ്ങൾക്ക് കാണാനാവില്ലെങ്കിലും നവീകരണങ്ങൾ ആവശ്യമായി വരുന്ന സമയങ്ങളിലൊക്കെയും നിലവറകൾ ഉൾപ്പെടുന്ന ഭാഗം തുറക്കപ്പെടാറുണ്ട്.