തെക്കോട്ട് വീട് പണിയുന്നത് ദോഷമാണോ?

This house is a perfect blend of beauty, tradition and vastu
Representaive Image
SHARE

ചില ഭൂമികൾ വേർതിരിച്ചു കഴിയുമ്പോഴാണ്, അതിന്റെ അതിരുകളൊക്കെ കുറച്ച് ദിശ വ്യത്യാസത്തിലാണ് ഇരിക്കുന്നതെന്നു മനസിലാവുക. ആ പ്ലോട്ടിനകത്ത് വീട് കുറച്ച് ചരിച്ച് കൃത്യമായിട്ട് കിഴക്കോട്ടു മുഖമായി രൂപകൽപന ചെയ്യണം എന്ന് നിര്‍ദേശിക്കാറുണ്ട്. കാരണം ഗൃഹം കിഴക്കോട്ട് മുഖമായാൽ മാത്രമേ തെക്ക് കിഴക്കേ മൂലയിലോ വടക്കു കിഴക്കേ മൂലയിലോ അടുക്കള വേണമെന്നും കന്നിമൂലയിൽ കിടപ്പുമുറി വേണമെന്നും അങ്ങനെയുള്ള ഓരോ മുറിയുടെയും കിഴക്കോട്ട് തിരിഞ്ഞ് നിന്ന് ഭക്ഷണം പാകം ചെയ്യണമെന്നും ഒക്കെ നിർദേശിക്കാൻ കഴിയൂ.

ദിശയുടെ പ്രാധാന്യം?

വാസ്തുശാസ്ത്രത്തിൽ ദിശയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. നാല് പ്രധാനപ്പെട്ട ദിശകളിലേക്ക് തന്നെ മുഖമായി ഗൃഹം രൂപകൽപന ചെയ്യണം. നാല് കോൺ മൂലകൾക്ക് ശാസ്ത്രത്തിൽ തന്നെ ചില ദോഷവശങ്ങൾ പറയുന്നുണ്ട്.

തെക്ക് കിഴക്കേ മൂലയിൽ വടക്കു പടിഞ്ഞാറേ മൂലയിലേക്ക് കോൺ തിരിഞ്ഞിരിക്കുന്ന ദർശനമായിട്ടുള്ള ഗൃഹങ്ങൾ വച്ചു താമസിച്ചാൽ ഭയമാണ് അതിന്റെ ഫലം എന്നൊരു സൂചന പറയുന്നു.

തെക്കു പടിഞ്ഞാറ് കന്നിമൂല ഭാഗത്ത് വടക്ക് കിഴക്കോട്ട് മുഖമായിട്ട് കോൺ തിരിഞ്ഞിരിക്കുന്ന ഗൃഹങ്ങളാണെങ്കിൽ കലഹമാണ് ഫലം എന്നു പറയുന്നുണ്ട്.

വടക്കു പടിഞ്ഞാറേ മൂലയായിട്ടുള്ള വായുകോണിൽ തെക്കു കിഴക്കേ മൂലയായിട്ടുള്ള അഗ്നികോണിലേക്ക് മുഖമായിട്ടുള്ള രീതിയിൽ ഗൃഹങ്ങൾ വച്ചു താമസിച്ചാൽ ചപലതയാണ് അതിന്റെ ന്യൂനത എന്നു ശാസ്ത്രം പറയുന്നു. ചപലത എന്നു പറയുമ്പോൾ ഒന്നിലും ഉറച്ചു നിൽക്കാത്ത പ്രകൃതി മനഃചാഞ്ചല്യം എന്നു പറയുന്നുണ്ട്. അതും അത്ര നല്ലതല്ല.

vasthu

ഈശാന കോൺ വടക്കു കിഴക്കേ മൂലയിൽ തെക്കു പടിഞ്ഞാറോട്ട് ദര്‍ശനമായിട്ട് കോൺ തിരിഞ്ഞിരിക്കുന്ന മുഖമാണെങ്കിൽ അങ്ങനെയുള്ള ഗൃഹങ്ങളിൽ കുലനാശമാണ് ഫലം എന്നൊരു സൂചനയും ശാസ്ത്രത്തിൽ പറയുന്നു.

എങ്ങോട്ട് ദർശനമായിട്ടുള്ള പ്ലോട്ടാണെങ്കിലും, ഭൂമിയുടെ നാലു കാന്തിക ദിശകളിൽനിന്നും 15 ഡിഗ്രിയിൽ കൂടുതൽ ചെരിവ് വരുന്നത് പൊതുവേ വാസയോഗ്യമായ ഗൃഹത്തിന്റെ ലക്ഷണത്തിന് അത്ര ഉത്തമമല്ല എന്ന് വാസ്തു ശാസ്ത്രത്തിൽ വളരെ പ്രധാനമായിട്ട് എടുത്തു പറയുന്നുണ്ട്.

തെക്കോട്ട് മുഖമായിട്ടുള്ള ഗൃഹങ്ങൾ ദോഷകരമാണെന്ന് വാസ്തുശാസ്ത്രം പറയുന്നില്ല. തെക്കോട്ട് അഭിമുഖമായി പണിയുകയാണെങ്കിൽ അത് കൃത്യമായ മാഗ്നെറ്റിക്ക് സൗത്ത് ആയിരിക്കണം എന്നുമാത്രമാണ് നിർദേശിക്കുന്നത്. കൃത്യമായ തെക്കാണോ എന്ന് പരിശോധിച്ച് ധൈര്യമായി തെക്കോട്ട് മുഖമായി ഗൃഹം നിർമ്മിക്കാം. കൃത്യമായ സ്ഥാനം ക്രമീകരിക്കുകയും ഗൃഹമധ്യ സൂത്രം തടസപ്പെടാതെ ഒഴിച്ചിടുകയും ചെയ്താൽ തെക്കോട്ട് മുഖമായിട്ടുള്ള ഗൃഹങ്ങളും ഉത്തമമായിട്ട് പണിചെയ്യാം എന്ന് ശാസ്ത്രത്തിൽ വളരെ വ്യക്തമായിട്ട് പറയുന്നുണ്ട്. അതു കൊണ്ട് അത് അന്ധവിശ്വാസമായിട്ട് ആരുടെയെങ്കിലും മനസ്സിലുണ്ട് എങ്കിൽ ഒഴിവാക്കാം.

വിവരങ്ങൾക്ക് കടപ്പാട്- കാണിപ്പയ്യൂർ മകൻ കൃഷ്ണൻ നമ്പൂതിരിപ്പാട്

English Summary- Importance of Directions in House Building; Vasthu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA