വീടിന്റെ ദർശനം എപ്പോഴും റോഡിനു അഭിമുഖമാകണോ?

astro-vasthu-fence
Representative Image
SHARE

വീട് വയ്ക്കാനുള്ള സ്ഥലത്തിനുമുന്നിൽ ഒരു വയലുണ്ട്, അല്ലെങ്കിൽ ഒരു നദിയുണ്ട്, അല്ലെങ്കിൽ വഴിയുണ്ട് എന്നിരിക്കട്ടെ. അങ്ങനെ വരുമ്പോൾ അതാതു ഭൂപ്രകൃതിക്കനുസരിച്ചു വേണം വീടിന്റെ സ്ഥാനം നിർണയിക്കാൻ. ഉദാഹരണത്തിന്, കിഴക്കുവശത്താണു നദി എങ്കില്‍‍ പുര അവിടെ നദിക്ക് സമാന്തരമായിട്ട് പണിയണം. നീളം നദിക്കനുസരിച്ചിട്ടാവണം എന്നർഥം. ദർശനവും നദിയിലേക്കുതന്നെ വേണം. മറുവശത്താണ് റോഡെങ്കിൽ ഏതിനാണ് കൂടുതൽ പ്രാധാന്യമെന്നു നമ്മൾ നിശ്ചയിക്കണം. ശാസ്ത്രത്തിലുദ്ദേശിക്കുന്നത് എല്ലാ മുറിക്കും നന്നായി വായുവും പ്രകാശവും കിട്ടണം എന്നാണ്.

വയലിന് അഭിമുഖമാണെങ്കിൽ വയലിൽ നിന്നാണ് കാറ്റു വരിക. നദിയുണ്ടെങ്കിൽ നദിയിൽ നിന്നാവും. മലയുണ്ടെങ്കിൽ അതിന്റെ ഓരത്തു നിന്നാണ് കാറ്റുവരിക. അതാണ് അതാതിന് സമാന്തരമായിട്ടായിരിക്കണം അഥവാ അതാതിനു ദർശനമായിട്ടായിരിക്കണമെന്നു പറയുന്നതിന്റെ ഉദ്ദേശ്യം.

എപ്പോഴും റോഡിന് അഭിമുഖമാണോ?

റോഡുണ്ടെങ്കിൽ എപ്പോഴും റോഡിലേക്കു തന്നെ ദർശനം വേണമെന്ന് പറയാൻ പറ്റില്ല. പുഴയുണ്ടെങ്കിൽ ഏത് സാഹചര്യത്തിലും പുഴയിലേക്കു മാത്രമേ ദർശനം പാടുള്ളൂ എന്നും പറയാൻ സാധിക്കില്ല. കാരണം ദിക്കിനാണ് കൂടുതൽ പ്രാധാന്യം. അതുകൂടി അനുകൂലമായിരുന്നാലേ റോഡായാലും പുഴയായാലും അവയ്ക്കഭിമുഖമായി പണിയാൻ കഴിയൂ.

kannimoola-home

നാലുകെട്ടിന്റെ ഓരോ കെട്ടായാണ് വീടിന്റെ ദർശനം കണക്കാക്കുക. നാല് കൂട്ടിക്കെട്ടുകൾ വരുമ്പോഴാണല്ലോ നാലുകെട്ടുണ്ടാവുക. ഒരു കെട്ടു മാത്രം പണിയുമ്പോൾ അത് ഏകശാലയായി. രണ്ടു കെട്ടായി പണിതാൽ ദ്വിശാലയായി. മൂന്നു കെട്ടുകൾ വരുമ്പോൾ അത് ത്രിശാല. നാലും പണി താൽ ചതുശ്ശാല അഥവാ നാലുകെട്ട്.

നാലുകെട്ടിന് നാലു ഭാഗങ്ങളുണ്ട്. കിഴക്കിനി, വടക്കിനി, തെക്കിനി, പടിഞ്ഞാറ്റിനി അഥവാ പടിഞ്ഞാറ്റി. കിഴക്കു വശത്ത് പുഴയാണെങ്കിൽ വീട് തെക്കുവടക്കായി പണിയുമ്പോൾ അതിനെ പടിഞ്ഞാറ്റി എന്നു പറയാം. പക്ഷേ ദർശനം കണക്കാക്കേണ്ടത് പുഴ കണക്കാക്കിയോ റോഡു കണക്കാക്കിയോ അല്ല. ദർശനം കണക്കാക്കേണ്ടത് ഒരു പറമ്പിന്റെ ഏതു ഭാഗത്താണ് ഗൃഹം പണിയേണ്ടതെന്നതിന് അനുസരിച്ചാണ്. അതായത് ഒരു പ്ലോട്ടിന്റെ കാര്യമെടുത്താൽ ആ വസ്തുവിന്റെ മദ്ധ്യത്തിലേക്കു കേന്ദ്രീകരിച്ചാണ് എല്ലാം കണക്കാക്കുക. അപ്പോൾ നദിയും വഴിയും നോക്കിയിട്ടു കാര്യമില്ല.

വിവരങ്ങൾക്ക് കടപ്പാട്- കാണിപ്പയ്യൂർ മകൻ കൃഷ്ണൻ നമ്പൂതിരിപ്പാട്

Content Summary: Ideal Direction and Place for House in a Plot; Vasthu Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA