അടുക്കള സ്ഥാനം തെറ്റിയാൽ സ്ത്രീകൾക്ക് ദോഷമോ?

kitchen-vasthu
Representative Image
SHARE

വടക്കു കിഴക്കേ മൂലയ്ക്ക് അടുക്കള വന്നാൽ സ്ത്രീകൾക്കു ദോഷമുണ്ടെന്നു കേൾക്കുന്നു. ഇതിൽ വാസ്തവമുണ്ടോ?


വീടിന്റെ വടക്കു വശത്തോ, കിഴക്കു വശത്തോ വരുന്ന മുറികൾ അടുക്കളയാക്കാമെന്നാണു ശാസ്ത്രം. തെക്കു കിഴക്കു ഭാഗത്ത് അടുക്കള വരുമ്പോൾ അതിന്റെ കിഴക്കുവശത്തു വർക്ക് ഏരിയ വരുന്നത് ഉത്തമമല്ല. എന്നാൽ തെക്കുവശത്തു വന്നാൽ അതു ദോഷവുമല്ല എന്ന് അറിഞ്ഞിരിക്കണം. കിഴക്കേ ഭാഗം അല്ലെങ്കിൽ വടക്കേഭാഗം എന്നതിൽ ഏതാണ് ഉത്തമം എന്നുള്ളതിനും പ്രസക്തിയില്ല, എല്ലാം ഒരുപോലെ എന്നാണ് പറയുന്നത്. വടക്കിനിയിലോ കിഴക്കിനിയിലോ അടുക്കളയുണ്ടാക്കുമ്പോൾ വടക്കു കിഴക്കേ മൂല വടക്കിനിയും കിഴക്കിനിയും ഉൾപ്പെട്ട ഭാഗമാണ്, അതുകൊണ്ടു തന്നെ ദോഷമില്ല.

ഭക്ഷണം പാകം ചെയ്യുമ്പോൾ വടക്കോട്ടോ കിഴക്കോട്ടോ മുഖമായി നിന്നു ചെയ്യുന്നതാണ് ഉത്തമം. പടിഞ്ഞാറു ഭാഗത്തേക്കു വരുന്നത് നല്ലതല്ല.

വടക്കോട്ടു ദർശനമുള്ള വീടിന്റെ തെക്കുപടിഞ്ഞാറ് സെപ്റ്റിക് ടാങ്ക് പണിയുന്നതുകൊണ്ട് ദോഷമുണ്ടോ?

തെക്കു വടക്കും കിഴക്കു പടിഞ്ഞാറുമുള്ള രേഖകൾ എല്ലാം സിരകളായാണ് കണക്കാക്കേണ്ടത്. ആ സിരകളിൽ പ്രാധാന്യം മദ്ധ്യത്തിൽ വരുന്നതിനാണെന്നാണ് കണക്ക്. മറ്റുള്ളതൊക്കെ അവഗണനീയമായി കണക്കാക്കാം. പ്രധാനപ്പെട്ട സിരകളിൽ വേധം അഥവാ തടസ്സം വന്നാൽ ദോഷമാണ്. ധമനിയാണെങ്കില്‍ ആ ധമനിയിൽ പ്രധാനം ഗൃഹത്തിന്റെ ഒരു മൂലയിൽ നിന്നു കർണാകാരമായി 45 ഡിഗ്രിയിൽ വരുന്ന രേഖയാണ്. അങ്ങനെ 45 ഡിഗ്രി വരുന്ന രേഖയിൽ ഏതു മൂലയിലായാലും ടോയ്‍ലറ്റായാലും സെപ്റ്റിക് ടാങ്കായാലും അഭികാമ്യമല്ല. സെപ്റ്റിക് ടാങ്ക് പണിയുന്നത് സാധാരണ പറമ്പിലാണല്ലോ. പറമ്പിന്റെ കർണം തട്ടുന്ന വിധത്തിൽ പണി ചെയ്യാതിരിക്കുന്നതാണു നല്ലത്.


വിവരങ്ങൾക്ക് കടപ്പാട്- കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്

English Summary- Location of Kitchen as per Vasthu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA