വരവ് ചെലവുകൾ നിയന്ത്രിക്കാനാകുന്നില്ലേ? വീട്ടിൽ സമ്പത്തു വർധിക്കാൻ ചില വഴികൾ

cash-box-house
SHARE

പണം അനാവശ്യമായി ചെലവഴിക്കുന്നില്ലെങ്കിലും വരവിൽ കൂടുതൽ ചെലവ് പലർക്കും അനുഭവപ്പെടാറുണ്ട്. മിക്കപ്പോഴും മാസാവസാനം കടം വാങ്ങേണ്ടിവരുമ്പോൾ അതിന്റെ കാരണമെന്താണെന്ന് പലപ്പോഴും ആലോചിക്കാറില്ല. വാസ്തുവിന്റെ അടിസ്ഥാന നിയമങ്ങൾ പാലിച്ചു നിർമ്മിക്കുന്ന ഭവനത്തിൽ ഐശ്വര്യവും സമ്പത്തും നിലനിൽക്കുമെന്നാണ് വിശ്വാസം. വിവിധ ഊർജതരംഗങ്ങൾ ഗൃഹവാസികളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് വാസ്തു നിയമങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വീട് പൊളിച്ചു പണിയാതെ ചിലകാര്യങ്ങൾ ശ്രദ്ധിച്ചാൽ പണത്തിന്റെ വരവുചെലവുകൾ ക്രമപ്പെടുത്താൻ സാധിക്കും.

തെക്ക്, പടിഞ്ഞാറ്, തെക്കുപടിഞ്ഞാറ് എന്നീ ദിക്കുകളിലുള്ള മുറികളിലായിരിക്കണം പണവും മറ്റു രേഖകളും സൂക്ഷിക്കേണ്ടത്. വീടിന്റെ തെക്കു കിഴക്ക്‌ അഗ്നികോണിൽ ധനം സൂക്ഷിച്ചാൽ അനാവശ്യചിലവുകൾ വന്നു ചേരും. അഗ്നികോണിൽ മുറികൾ പണിയുന്നതിലും നന്ന് അടുക്കള നിർമ്മിക്കുന്നതാണ്. വടക്കു കിഴക്കുഭാഗത്തെ മുറിയിലാണ് ധനം സൂക്ഷിക്കുന്നതെങ്കിൽ കടബാധ്യതയാവും ഫലം. ഈശാനകോണായ വടക്കു കിഴക്കുഭാഗം പൂജാമുറിക്കായോ കുട്ടികളുടെ പഠനമുറിയായോ ഉപയോഗിക്കുന്നതാണ് ഉത്തമം.പണം സൂക്ഷിക്കാൻ വടക്ക് പടിഞ്ഞാറ് വായുകോണിലുള്ള മുറിയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ വരവിൽ കവിഞ്ഞ ചിലവ് അനുഭവപ്പെടും. ഉള്ളതും കൂടി ഇല്ലാതാവുമെന്നു സാരം.

cupboard

കുബേരന്റെ ദിക്കാണ് വടക്കുഭാഗം. ഈ ഭാഗം കഴിവതും തുറസ്സായി സൂക്ഷിക്കുന്നതാണ് ഉത്തമം. ഭാരമുള്ള വസ്തുക്കൾ ഈ ഭാഗത്ത് സൂക്ഷിക്കരുത്. കൂടാതെ വടക്കോട്ടു ദർശനമായി കണ്ണാടി വയ്ക്കുന്നത് ധനാഗമനത്തെ തടസ്സപ്പെടുത്തും. വടക്കുകിഴക്കേ മൂലയിൽ തലഭാഗവും തെക്കുപടിഞ്ഞാറേ മൂലയിൽ കാൽഭാഗവും വരുന്ന രീതിയിലാണ് വാസ്തു പുരുഷന്റെ ശയനം . അതായത് ഭവനത്തിലേക്കുള്ള അനുകൂല ഊർജം വടക്കുകിഴക്കേ ഭാഗത്തു നിന്ന് തുടങ്ങി തെക്കു പടിഞ്ഞാറേ ഭാഗത്തേക്കാണ് നീങ്ങുന്നത്. തെക്ക് പടിഞ്ഞാറ്‌ മൂലയിൽ കട്ടിയുള്ള അലമാരപോലുള്ള വസ്തുക്കൾ സൂക്ഷിക്കുന്നത് ധനനഷ്ടം തടയാൻ സഹായിക്കും. വീടിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ വടക്കോട്ട് ദർശനമായി വേണം അലമാര സ്ഥാപിക്കാൻ. വടക്കോട്ടു ദർശനമായി കണ്ണാടിയോടുകൂടിയ അലമാരയാണ് വയ്‌ക്കേണ്ടതെങ്കിൽ  ഉപയോഗശേഷം കണ്ണാടി ഒരു വൃത്തിയുള്ള തുണികൊണ്ടു മൂടിയാൽ മതി. 

money-in-house

വീടിന്റെ തെക്കു ഭാഗവും പടിഞ്ഞാറ് ഭാഗവും കിഴക്കിനെയും വടക്കിനെയും അപേക്ഷിച്ച് താണ് കിടക്കരുത്. വടക്കുപടിഞ്ഞാറേ മൂലയിലെ മതിൽ വളച്ചു കെട്ടാതിരിക്കാനും ശ്രദ്ധിക്കുക.  ഭവനത്തിന്റെ മധ്യഭാഗം അതായത് ബ്രഹ്മസ്ഥാനത്ത് ഭാരമുള്ള വസ്തുക്കൾ സ്ഥാപിക്കരുത്. ചോർച്ചയുള്ള പൈപ്പുകൾ എത്രയും പെട്ടെന്ന് നന്നാക്കണം.വെള്ളം നഷ്ടപ്പെടുന്നതുപോലെ നമ്മുടെ കൈയിലെ പണവും നഷ്ടമാകുമെന്നാണ് പഴമക്കാർ പറയുന്നത്

സാമ്പത്തിക അഭിവൃദ്ധിയുണ്ടാവാൻ വീടിന്റെ കന്നിമൂലയിൽ പണവും മറ്റും സൂക്ഷിക്കുന്നതാണ് ഉത്തമം. മുറിയുടെ തെക്കുപടിഞ്ഞാറെ മൂലയിൽ വടക്കോട്ടു ദർശനമായി അലമാര വയ്ക്കുന്നത് നന്ന്. വാസ്തു അനുസരിച്ചു വീട് പണിതാലും വേണ്ടരീതിയിൽ പരിപാലിച്ചില്ലെങ്കിൽ ഗുണഫലങ്ങളൊന്നും അനുഭവയോഗ്യമാവില്ല.

English Summary- Vasthu Tips for Wealth at House

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA