ADVERTISEMENT

ദീർഘകാലത്തെ സ്വപ്നമായ വീട് പണിതുകഴിഞ്ഞാലും പ്രതീക്ഷിച്ച അത്ര സന്തോഷം അനുഭവപ്പെടുന്നില്ല എന്ന് ചിലർ പറയാറുണ്ട്. വീട്ടിൽ തങ്ങി നിൽക്കുന്ന നെഗറ്റീവ് എനർജിയാകാം അതിനുകാരണം. വാസ്തുശാസ്ത്രം അനുശാസിക്കുന്നതിനു വിരുദ്ധമായി എന്തെങ്കിലും ദോഷങ്ങളുണ്ടെങ്കിൽ പണിതീർത്ത ഭവനത്തിൽ സ്വസ്ഥതയും സമാധാനവുമുണ്ടാകില്ലെന്നാണ് പഴമക്കാരും പറയാറ്. എങ്കിലും പേടിക്കേണ്ട കാര്യമില്ല. ചില ക്രമീകരണങ്ങളിലൂടെ വീട്ടിലെ നെഗറ്റീവ് എനർജി പുറംതള്ളി പുതുവർഷം സന്തോഷകരമാക്കാം. വാസ്തുശാസ്ത്രത്തിൽ വിശ്വാസമുള്ളവർക്ക് മാത്രമാണ് ഈ വിധികൾ ബാധകമാവുക.

1. പ്രകൃതിദത്തമായ വെളിച്ചവും വായുവും വീട്ടിനുള്ളിൽ നിറയ്ക്കുക. വെളിച്ചമില്ലാത്ത വീടുകൾ അശുഭകരമാണ്. പ്രധാന വാതിലിനരികിലായി പച്ച നിറത്തിലുള്ള ചെടികൾ വയ്ക്കുക. ഒരു വേസിൽ പുതിയതായി വിരിഞ്ഞ പൂക്കൾ വയ്ക്കുന്നത് ഐശ്വര്യദായകമാണ്. വീട്ടിലേക്കു കയറുമ്പോൾ കണ്ണെത്തുന്നിടത്തായി ഫാമിലി ഫോട്ടോ വയ്ക്കുക. അതു കാണുമ്പോൾ തന്നെ മനസ്സിൽ സന്തോഷം നിറയും.

2. ലിവിങ് റൂമിൽ വലിയ ഫർണിച്ചർ ഒഴിവാക്കുക. ലളിതമായ ഡിസൈനിലുള്ള ഫർണിച്ചർ ഉപയോഗിക്കണം. അതും കുറച്ചു മാത്രം. ഡൈനിങ് റൂമിൻറെ നടുവിൽ കനത്ത ഫർണിച്ചർ ഇടരുത്. ഊണുമേശ മധ്യത്തിൽ നിന്ന് അല്പം മാറ്റി ഇടുക. മേശ പ്രതിനിധീകരിക്കുന്നത് ആരോഗ്യത്തെയാണ്. അതുകൊണ്ട് സാധനങ്ങൾ വലിച്ചുവാരിയിടാതെ മേശ വൃത്തിയായി സൂക്ഷിക്കുക. 

3. ഏതെങ്കിലുമൊരു ഭിത്തിയിൽ കണ്ണാടി പിടിപ്പിക്കുന്നത് വീടിനുള്ളിൽ വലുപ്പം തോന്നിക്കുക മാത്രമല്ല പോസിറ്റീവ് ഊർജം നിറയ്ക്കുകയും ചെയ്യുന്നു. പോസിറ്റീവ് ഊർജം പ്രദാനം ചെയ്യുന്ന ലാഫിങ്ബുദ്ധ പോലുള്ള വസ്തുക്കൾ പ്രതിഫലിക്കുന്ന രീതിയിൽ കണ്ണാടി സ്ഥാപിക്കുന്നത് ഭവനത്തിൽ അനുകൂല ഊർജം നിറയ്ക്കും. പോസിറ്റീവ് ഊർജത്തെ പ്രതിഫലിപ്പിക്കുന്നതിനാൽ ഉമ്മറത്തിണ്ണയിൽ കണ്ണാടി ഒഴിവാക്കുന്നതാണ് ഉത്തമം.

4. ഊണുമുറിയിൽ ഓറഞ്ച് നിറത്തിലുള്ള ആക്സ്സറീസ് പരീക്ഷിക്കാം. ഇത് വിശപ്പും പ്രസരിപ്പും കൂട്ടാൻ സഹായിക്കും. ഊണുമുറിയിൽ ക്രിസ്റ്റലുകൾ വയ്ക്കുന്നത് പോസിറ്റീവ് ഊർജം നിറയ്ക്കും. ബുദ്ധശിരസ്സിൻറെ പ്രതിമകൾ വാങ്ങാൻ കിട്ടും. ഇവ വീട്ടിനുള്ളിൽ വയ്ക്കുന്നതു ഭാഗ്യം കൊണ്ടുവരും. കഴിവതും ഇളംനിറങ്ങളേ ഊണുമുറിയ്ക്ക് നൽകാവൂ. പ്രധാനവാതിലിന് നേർക്ക് ഊണുമുറി വരാൻപാടില്ല. ഊണുമുറിയോട് ചേർന്ന് കഴിവതും ബാത്റൂം പാടില്ല .ഇത് മുറിയിൽ നെഗറ്റീവ് ഊർജം നിറയ്ക്കും.

5. ചുവരിന് എതിരായി സ്റ്റഡി ടേബിൾ ഇടരുത്. കഴിവതും വാതിൽ കാണാവുന്ന രീതിയിൽ മേശ ഇടാം. ചുവരിന് എതിരായി മേശ ഇടുകയാണെങ്കിൽ കുറഞ്ഞത് നാല് ഇഞ്ചെങ്കിലും അകലം പാലിക്കണം. കട്ടിലിന് ഇരുവശത്തും നടക്കാനുള്ള സ്ഥലം വിടണം. ചുവരിനോട് ചേർത്ത് കട്ടിൽ ഇടരുത്. പക്ഷേ, ഹെഡ്ബോർഡ് ഏതെങ്കിലും ചുവരിനോട് ചേർത്തിടാൻ ശ്രദ്ധിക്കണം.

6. ബെഡ്റൂമിന് പിങ്ക് നിറം നല്ലതാണ്. സ്നേഹവും സന്തോഷവും പ്രണയവും നിറയ്ക്കാൻ ഈ നിറത്തിനാവും. കിടപ്പുമുറിയിൽ ആവശ്യത്തിനു വായുസഞ്ചാരം ഉണ്ടാകണം എന്നതു വളരെ പ്രധാനപ്പെട്ട കാര്യം. കിടക്കവിരിയുടെ നിറം, ബെഡ്റൂം ലാംപിന്റെ നിറം ചുവരിലെ ചിത്രങ്ങൾ, അലമാരയുടെ കണ്ണാടി എന്നിവ ഒക്കെ നമ്മെ സ്വാധീനിക്കുന്നു. കിടന്നുകൊണ്ടു നോക്കിയാൽ കണ്ണാടിയിൽ കിടക്കുന്ന ആളുടെ പ്രതിബിംബം കാണാൻ പാടില്ല.

7. ഭവനത്തിൽ ഏറ്റവും അധികം നെഗറ്റീവ് ഊർജം ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലമാണ് ബാത്റൂം. അതിനാൽ തേച്ചുകഴുകി അണുനാശിനി തളിച്ച്  വൃത്തിയായി സൂക്ഷിക്കണം. ബാത്‌റൂമിൽ പോസിറ്റീവ് ഊർജം നിലനിർത്താൻ ഒരു ബൗളിൽ കുറച്ച് ഉപ്പുകല്ല് നനവുതട്ടാത്ത രീതിയിൽ വയ്ക്കണം. ഉപ്പ് അലിഞ്ഞുകഴിഞ്ഞാൽ മാറ്റി നിറയ്ക്കാനും മറക്കരുത്.

English Summary- Vasthu Tips for Prosperity in New year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com