പേര് സൂചിപ്പിക്കുന്നത് പോലെ ജീവിതത്തിൽ ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുന്ന ഒരു സസ്യമാണ് ലക്കി ബാംബൂ. സംഭവം ചൈനീസ് മുള എന്നാണ് ഇത് അറിയപ്പെടുന്നത് എങ്കിലും ലക്കി ബാംബു മുളവര്‍ഗ്ഗത്തില്‍പ്പെട്ട ചെടിയല്ല എന്നതാണ് വാസ്തവം. ഒന്നര അടി മാത്രം ഉയരം വയ്ക്കുന്ന സസ്യമാണ് ഇത്. കാഴ്ചയിൽ അതിന്റെ തണ്ടുകൾ മുളകളോട് സമാനമാണ് എന്ന് മാത്രം. പൂർണമായും വീടിന്റെ അകത്തളങ്ങൾക്ക് യോജിച്ച രീതിയിലുള്ള ഒരു ചെടിയാണിത്. 4000 വർഷങ്ങൾക്ക് മുൻപ് തന്നെ ചൈനയിൽ ഈ സസ്യം വളർത്താൻ ആരംഭിച്ചിരുന്നു.
ചൈനീസ് വിശ്വാസപ്രകാരം പഞ്ചഭൂതങ്ങളുമായി ഇത് ബന്ധപ്പെട്ടു കിടക്കുന്നു. ജലം, മരം തുടങ്ങിയ മനുഷ്യന്റെ നിലനിൽപ്പിനു ആധാരമായ രണ്ടു ശക്തികളുടെ പ്രതീകമാണ് ചൈനീസ് ബാംബു. അതിനാൽ ഇത് സംരക്ഷിക്കപ്പെടുമ്പോൾ ജലം, മരം തുടങ്ങിയ പ്രകൃതി ശക്തികൾ പ്രീതിപ്പെടുന്നു എന്നാണ് വിശ്വാസം. ലക്കിബാംബു വൃക്ഷത്തെയും ഇത് വച്ചിട്ടുള്ള പത്രത്തിലെ കല്ലുകൾ ഭൂമിയെയും ഇതിൽ ചുറ്റിയിട്ടുള്ള ചുവപ്പു നാട അഗ്നിയേയും നാടയിലോ പാത്രത്തിലോ വച്ചിട്ടുള്ള ചൈനീസ് നാണയം ലോഹത്തെയും പാത്രത്തിൽ നിറക്കുന്ന വെള്ളം ജലത്തെയും സൂചിപ്പിക്കുന്നു. പ്രകൃതിശക്തികളെ പ്രതിനിധീകരിക്കുന്ന ലക്കി ബാംബൂ പെട്ടന്ന് തന്നെ ഐശ്വര്യവും ഭാഗ്യവും സമ്പത്തും നൽകുമെന്നാണ് വിശ്വാസം.

സാധാരണയായി ഒന്നുമുതൽ പത്തുവരെ എണ്ണത്തിലുള്ള ബാംബൂ തണ്ടുകളാണ് വയ്ക്കുന്നത്. തണ്ടുകളുടെ എണ്ണത്തിനനുസരിച്ചു ഫലം വ്യത്യസ്തമായിരിക്കും. ഒരുതണ്ട് വളർച്ചയെ സൂചിപ്പിക്കുന്നതിനാൽ ബിസിനസ് ചെയ്യുന്നവർക്ക് ഇത് നല്ലതാണ് . ദാമ്പത്യ പ്രണയ അഭിവൃദ്ധിക്ക് രണ്ടു തണ്ടുള്ള ലക്കി ബാംബൂവാണ് വയ്ക്കേണ്ടത്. മനഃസമാധാനവും ധനവും ആയുസും നൽകുന്നവയാണ് മൂന്നു തണ്ടുള്ളവ. ദോഷമുണ്ടാക്കുന്നതിനാൽ നാലു തണ്ടുള്ളവ ഒഴിവാക്കുക.
ഭാഗ്യവും അഭിവൃദ്ധിയും നൽകാൻ ആറുതണ്ടുകൾ ഒരു ചുവപ്പു നാടയാൽ കൂട്ടിക്കെട്ടിയുള്ള ലക്കി ബാംബൂ ഉത്തമമാണ് . ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരും കുടുംബാരോഗ്യത്തിനുമായി ഏഴ് തണ്ടുള്ളവ വയ്ക്കാവുന്നതാണ്. എട്ടു തണ്ടുകൾ ഉന്നതിയെയും പത്തു തണ്ടുകൾ പൂർണതയെയും സൂചിപ്പിക്കുന്നു . അഞ്ചോ ഒൻപതോ തണ്ടുകൾ സാധാരണയായി വയ്ക്കാറില്ല. ഭവനത്തിലോ ഓഫീസിലോ വെറുതെ എവിടെങ്കിലും കൊണ്ട് വച്ചാൽ ഉദ്ദേശിച്ച ഫലം ലഭിക്കുകയില്ല. കിഴക്കു ദിക്കിലായി സ്ഥാപിക്കുന്നത് ആരോഗ്യപരമായ ഉയർച്ചക്കും തെക്കു കിഴക്കു ഭാഗത്തായി വയ്ക്കുന്നത് സമ്പൽ സമൃദ്ധിക്കും കാരണമാകും.
സാധാരണയായി സ്വീകരണമുറികളിലാണ് ചൈനീസ് ബാംബുവിന്റെ സ്ഥാനം. ഒട്ടും വെളിച്ചം ലഭിക്കാത്ത സ്ഥലത്ത് ഇത് നടുന്നത് അശുഭമാണ്. ബാംബു നടുന്ന പാത്രത്തിൽ അലങ്കാര കല്ലുകൾ, ജെല്ലുകൾ, മാർബിളുകൾ എന്നിവ ഇടുന്നത് ആകർഷണീയത വർധിപ്പിക്കും. ചെടിക്കായി ഒഴിക്കുന്ന വെള്ളം ക്ളോറിൻ ഇല്ലാത്തതാകുവാൻ പ്രത്യേകം ശ്രദ്ധിക്കുക. അല്ലാത്തപക്ഷം മുള വളരെ വേഗം നശിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.
English Summary- Lucky Bamboo for Prosperity at House