ഭാരതീയ വാസ്തു ശാസ്ത്രമനുസരിച്ച് ഗൃഹപ്രവേശനത്തിനു മുൻപ് വീടിന്റെയും വീട്ടുകാരുടെയും ഐശ്വര്യത്തിനായി ചെയ്യേണ്ട ചില ചടങ്ങുകളുണ്ട്. അതിൽ പ്രധാനമാണ് പഞ്ചശിരസ്ഥാപനം. അഞ്ചുശിരസ്സ് (പഞ്ചശിരസ്ഥാപനം) എന്നതുകൊണ്ട് പഞ്ച ഭൂതാത്മകമായിട്ടുള്ള തത്ത്വത്തെയാവണം സൂചിപ്പിക്കുന്നത്. അവയാണല്ലോ ചരാചരങ്ങളെയെല്ലാം നിലനിർത്തുന്നത്.
പഞ്ചശിരസ്സെന്നു പറഞ്ഞാൽ അഞ്ച് മൃഗശിരസ്സുകൾ. ഗജം, കൂർമം, വരാഹം, മഹിഷം, സിംഹം അങ്ങനെ അഞ്ചു മൃഗങ്ങ ളുടെ തലഭാഗം മാത്രം സ്വർണത്തിലുണ്ടാക്കിയതാണ് പഞ്ച ശിരസ്സ്. ആറേകാൽ ഗ്രാം സ്വർണമാണ് ആകെ ഇതിന് വേണ്ടത്. ഓരോന്നിനും അരഗ്രാം സ്വർണം വീതം. പണ്ടത്തെ കണക്കിൽ അരപ്പണത്തൂക്കം. അത് പഞ്ചഗവ്യശുദ്ധി നടത്തി സ്ഥാപിക്കുക എന്നുള്ളതാണ് തത്ത്വം.
പഞ്ചശിരസ്ഥാപനം ലളിതമായിട്ടു ചെയ്യേണ്ട പ്രായശ്ചിത്ത കർമമാണ്. ഇതിനെപ്പറ്റി പറയുകയാണെങ്കിൽ, നമ്മൾ വീടു പണി തുടങ്ങിക്കഴിഞ്ഞാൽ പണി കഴിയുന്നതുവരെ ശാസ്ത്രപ്രകാരം അതു പണിക്കാരുടെ കൈയിലാണ്, അല്ലെങ്കിൽ പണിക്കാരുടെ സ്വന്തമാണ്. പണി കഴിയുമ്പോൾ നമ്മൾ അവർക്കു േവണ്ട സമ്മാനങ്ങളൊക്കെ കൊടുത്ത് അവരെ സന്തോഷിപ്പിച്ച് വീട് ഏറ്റെടുക്കുന്നു എന്നാണ് സങ്കല്പം. ഈ ഏറ്റെടുക്കലിന് ചടങ്ങൊന്നുമില്ല. പണിക്കാർക്ക് സമ്മാനം കൊടുക്കുക മാത്രമേയുളളൂ.
അങ്ങനെ ഏറ്റെടുത്തു കഴിഞ്ഞശേഷം വാസ്തുബലിയും പഞ്ചശിരസ്ഥാപനവും ചെയ്യുന്നു. പിറ്റേദിവസമാണ് ഗൃഹപ്രവേശം. ഗൃഹപ്രവേശദിവസം രാവിലെ ഗണപതിഹോമം നടത്തണമെന്നുണ്ട്. അതിന് രണ്ടു കാര്യമുണ്ട്. ഒന്ന് എല്ലാവർക്കും അറിയാവുന്ന ഗണപതിപ്രീതി. രണ്ടാമത്തേത് ആ തീ ഉപയോഗിച്ച് വേണം പാലു കാച്ചാൻ എന്നതാണ്.
ഗൃഹപ്രവേശത്തിന് അഷ്ടമംഗലത്തോടും കത്തിച്ച നിലവിളക്കോടും കൂടി ഗൃഹനാഥനും ഗൃഹനാഥയും മറ്റു കുടുംബാംഗങ്ങളും ഗൃഹത്തിനു പ്രദക്ഷിണം ചെയ്ത് പ്രധാന പ്രവേശനദ്വാരത്തിലൂടെ അകത്തേക്ക് പ്രവേശിക്കണം. പുരുഷന്മാർക്കും സ്ത്രീകൾക്കും രണ്ടു വിധത്തിലാണ് ഇതിന്റെ സമ്പദായം പറയുക. പുരുഷന്മാർ വലത്തെ കാലുവച്ചും സ്ത്രീകൾ ഇടത്തെ കാലുവച്ചും കയറണം.
ഉള്ളിൽ പ്രവേശിച്ചു കഴിഞ്ഞുള്ള ആദ്യ ചടങ്ങ് പാലു കാച്ചുക എന്നതാണ്. പുലർച്ചെ ഗണപതിഹോമം കഴിച്ചല്ലോ. അതിന്റെ തീയ് പുതിയ അടുപ്പിലിട്ട് അതിൽ നിന്ന് ജനിക്കുന്ന അഗ്നി കൊണ്ടാണ് പാലുകാച്ചൽ നടത്തേണ്ടത്. അതല്ലെങ്കിൽ ഗണപതിഹോമം നടത്തിയ അടുപ്പിൽത്തന്നെ പാലു കാച്ചുകയുമാവാം.
കാച്ചിയ പാൽ എല്ലാവർക്കും കൊടുത്ത് വന്നവരെ മുഴുവൻ സന്തോഷിപ്പിച്ച് വീട്ടിൽ താമസമാരംഭിക്കുക എന്നാണ് തത്ത്വം. അതായത് ബന്ധുമിത്രാദികളെ സന്തോഷിപ്പിച്ചുകൊണ്ടുള്ള ഒരു ആഘോഷമാണ് വേണ്ടത് എന്നു പറയുന്നുണ്ട്. അതിനുവേണ്ടിയാണ് ഇഷ്ട ജനങ്ങളെ ഉപചാരപൂർവം ക്ഷണിക്കുന്നത്.
എല്ലാവരും വീട്ടിൽ വരികയും നമ്മുടെ സ്നേഹോപചാ രങ്ങളിൽ പങ്കെടുക്കുകയും വീടിന് ആശിസ്സുനേരുകയും ചെയ്യുമ്പോൾ ആ വാസസ്ഥലത്തിനും അതിൽ വസിക്കു ന്നവർക്കും ആയുരാരോഗ്യസൗഖ്യം ലഭിക്കും.
പ്രത്യേകം ഓർമിക്കാൻ:
∙നല്ല മുഹൂർത്തം നോക്കിവേണം ഗൃഹപ്രവേശം നിശ്ചയി ക്കാന്‍.
∙വാസ്തുബലി, പഞ്ചശിരസ്ഥാപനം എന്നിവ നടത്തി ഗൃഹം വാസയോഗ്യമാക്കിത്തീർക്കണം.
∙ബന്ധുമിത്രാദികളെ ക്ഷണിച്ച് അവരുടെ ആശിസ്സുകളോടെ വേണം താമസം തുടങ്ങാൻ.
വിവരങ്ങൾക്ക് കടപ്പാട്- കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്