വീട്ടിൽ ഐശ്വര്യത്തിനു ചൈനീസ് വ്യാളിയുടെ രൂപം വയ്ക്കാമോ?

Dragan
SHARE

ഫെങ്ങ്ഷൂയി ശാസ്ത്രശാഖയിൽ ഏറെ പ്രശസ്തമാണ് എട്ട് ചൈനീസ് സന്യാസി ശ്രേഷ്ഠന്മാരായ ചിരഞ്ജീവികൾ തുഴയുന്ന ചൈനീസ് വ്യാളീ നൗക. ഭൂമിയിലെ സദ്ഗുണസമ്പന്നരായ മനുഷ്യരുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും പൂർത്തീകരിക്കാനായി സ്വര്‍ഗത്തിൽനിന്നും അയച്ച ദേവദൂതന്മാരായിട്ടാണ് മണ്ഡേറിയൻ പുരാണങ്ങൾ ഇവരെ വിശേഷിപ്പിക്കുന്നത്. ഓരോ യോഗിമാരും വ്യത്യസ്തങ്ങളായ നൈപുണ്യങ്ങളിൽ അഗ്രഗണ്യന്മാരായിട്ടാണ് പണ്ഡിതന്മാർ വിവരിക്കുന്നത്.

മനുഷ്യരുടെ ലക്ഷ്യപ്രാപ്തിയിലേക്കുള്ള പ്രയാണത്തിൽ ഇവരെ ഒഴിവാക്കാൻ പാടില്ലെന്ന് ചീനക്കാർ വിശ്വസിക്കുന്നു. ജീവിതത്തിലെ ഓരോ പാതയിലും കൈത്താങ്ങായി മാറുന്ന ഈ അഷ്ടയോഗിമാർ മനുഷ്യന്റെ മരണാനന്തര സ്വർഗാരോഹണം വരെ ഒപ്പമുണ്ടാകുമെന്ന് ഇവർ വിശ്വസിക്കുന്നു. ചീനക്കാരിൽ നിന്നും വ്യത്യസ്തമായി ജപ്പാൻകാരുടെ ഡ്രാഗൺ ബോട്ടിൽ ഏഴ് ജ്ഞാനികളാണ് തുഴക്കാരാവുന്നത്. അവർ തുഴയുന്ന നൗകയിൽ സമ്പത്തുക്കൾ നിറച്ചാണ് യാത്ര ചെയ്യുന്നത്. മനുഷ്യനെ ദിശാബോധമുള്ളവരാക്കുന്നതിൽ ഇവരുടെ പങ്ക് ഏറെ ശ്ലാഘനീയമായിട്ടാണ് ഫെങ്ങ്ഷൂയി വിവരിക്കുന്നത്. ഓരോ വീടിലും സ്ഥാപനത്തിലും ഈ അത്ഭുത നൗകയുടേയും യോഗീശ്രേഷ്ഠന്മാരുടേയും അനുഗ്രഹം നിറയ്ക്കാന്‍ ഫെങ്ങ്ഷൂയി ഗുരുനാഥന്മാർ ശുപാർശ ചെയ്യുന്നു.

മനഃശാന്തിയും, സമാധാനവും ചൊരിയുന്ന അഷ്ടതാരങ്ങൾ

fengshui-home

വ്യാളീനൗക തുഴയുന്ന ചിരഞ്ജീവികളായ അഷ്ടതാരങ്ങള്‍ കുതിര, ആന, മഹിഷം, കൂർമം, മണ്ഡൂകം, സിംഹവ്യാളി, ഋഷഭം എന്നിവയുടെ മുകളിലേറി സഞ്ചരിക്കുന്ന രൂപങ്ങൾ ഏറെ കൗതുകവും, ഭാഗ്യദായകങ്ങളുമാണ്. താവോ ഗ്രന്ഥങ്ങൾ അനുശാസിക്കുന്നത് ഇവർ ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന അതിശക്തന്മാരായിട്ടുള്ള ദേവകളായിട്ടാണ്. ഭൂമിയുടെ അല്ലെങ്കിൽ വസ്തുവിന്റെ എട്ടുദിക്കുകൾ ക്രമീകരിച്ച് ഈ ശ്രേഷ്ഠന്മാരെ പ്രതിഷ്ഠിച്ചാൽ അവാച്യമായ ദീപ്തിയും, പരിവേഷവും, സംരക്ഷണവും മനുഷ്യന് സ്വായത്തമാക്കാമെന്ന് ഏഷ്യൻ ഇതിഹാസങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

ഭാരതം ഉൾപ്പെടെയുള്ള ഏഷ്യൻ രാഷ്ട്രങ്ങളിലും, ചില യൂറോപ്യൻ രാജ്യങ്ങളിലും ഏറെ സ്വീകാര്യതയാണ് ഈ ചിരഞ്ജീവികള്‍ക്കുള്ളത്. കാലാനുസൃതമായി ഭൂമിയിലെ സന്മാർഗികളെ പുനരുദ്ധരിപ്പിക്കാനും, അനുഗ്രഹിക്കാനുമായി ഇവർ അവതരിച്ചുകൊണ്ടിരിക്കുമെന്ന് ഫെങ്ങ്ഷൂയി പ്രഖ്യാപിക്കുന്നു. ജീവിതനൗകയിലെ പ്രയാണം സുഗമമാക്കാനും, പ്രതിബന്ധങ്ങളെ പ്രതിരോധിക്കാനും ഈ ചിരഞ്ജീവികളുടെ സാമീപ്യം ഏറെ പ്രയോജനകരമാണ്.

വിവരങ്ങൾക്ക് കടപ്പാട് 

ഷാജി കെ നായർ 

വാസ്തു-ഫെങ്‌ഷുയി കൺസൽട്ടൻറ് 

English Summary- Chinese Dragon for Prosperity at Home

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA