'തെക്കോട്ട് വീടുപണിതാൽ അപകടം, കിഴക്ക് ഉത്തമം'; എന്താണ് സത്യം?

traditional-home-newyear
Representative Image
SHARE

ഗൃഹനിർമിതിക്ക് തയ്യാറെടുക്കുന്ന ഓരോ വ്യക്തിയെയും ഏറ്റവും അധികം ചിന്തിപ്പിക്കുന്ന ഒരു വിഷയമാണ് നിർമിക്കാൻ പോകുന്ന ഗൃഹത്തിൻറെ ദർശനം എങ്ങോട്ട് എന്നത്. പരമ്പരാഗതമായി പല വിശ്വാസങ്ങളും വച്ചു പുലർത്തുന്ന കേരളീയ സമൂഹത്തിൽ ശാസ്ത്രത്തിൻറെ ശരിയായ ധാരണക്കുറവ് പല തരത്തിലുള്ള അന്ധവിശ്വാസങ്ങളെയും ഊട്ടി ഉറപ്പിച്ചിട്ടുണ്ട്. തങ്ങൾ നിർമിക്കാൻ ഉദ്ദേശിക്കുന്ന ഗൃഹം കിഴക്കോട്ടുതന്നെ വേണം എന്ന് ശാഠ്യം പിടിക്കുന്നവർ ഗൃഹരൂപകൽപന പലപ്പോഴും വികലമാക്കുകയാണ് ചെയ്യുന്നത്. ഇതുപോലെ തന്നെ വീടിൻറെ ദർശനം എന്നാൽ വാതിലിൻറെ പുറത്തേക്കുള്ള അഭിമുഖത്വമാണ് എന്നു കരുതുന്ന ആളുകളുടെ എണ്ണവും കൂടുതലാണ്.

വാസ്തുശാസ്ത്ര വീക്ഷണത്തിൽ ഗൃഹത്തിന് കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് എന്നീ ദിക്കുകൾക്കനുസൃതമായി ദർശനം സ്വീകരിക്കാവുന്നതാണ്. സ്ഥലത്തിൻറെയും ചുറ്റുപാടുകളുടെയും പ്രത്യേകതകൾക്കനുസരിച്ചാണ് ദർശനം തീരുമാനിക്കേണ്ടത്. പുഴകൾ, മലകൾ, വഴികൾ, കോട്ടകൾ, കിടങ്ങുകൾ, ക്ഷേത്രങ്ങൾ, കൊട്ടാരങ്ങൾ, വൻമരങ്ങൾ മുതലായവയെല്ലാം തന്നെ വാസ്തുപരമായി ഗൃഹത്തിൻറെ സ്ഥാനത്തെയും ദർശനത്തെയും സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇതുകൊണ്ടുതന്നെയാണ് ഗൃഹരൂപകല്പനയ്ക്ക് മുന്നോടിയായി സ്ഥലസന്ദർശനം(സൈറ്റ് വിസിറ്റ്) അത്യാവശ്യമായി വരുന്നത്. വാസ്തുവിദ്യ നന്നായി കൈകാര്യം ചെയ്യാൻ അറിയാവുന്ന അഭ്യസ്തവിദ്യരായ എൻജിനീയർമാരും ആർക്കിടെക്ടുകളും ഈ രംഗത്തേക്ക് അധികമായി കടന്നു വരേണ്ടത് അത്യന്താപേക്ഷിതമാണ്.

പൊതുവെ പറഞ്ഞാൽ, വഴിയും പുഴയും ക്ഷേത്രങ്ങളും ഉളള ഭാഗത്തേക്ക് ദർശനമായി ഗൃഹത്തെ പണിയേണ്ടതാണ്. ദർശന നിർണയം വാസ്തുശാസ്ത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ദർശനത്തിനനുസൃതമായാണ് ഗൃഹത്തിന് കണക്കുകൾ നിശ്ചിക്കേണ്ടത്. കണക്കുകളിൽ ഉത്തമ, മധ്യമ, അധമ, വർജ്യ വിഭാഗങ്ങളുണ്ട്. സാധാരണയായി ഉത്തമ, മധ്യമ കണക്കുകളാണ് ഗൃഹരൂപകല്പനയ്ക്ക് ഉപയോഗിക്കുന്നത്.

പലപ്പോഴും ഉത്കണ്ഠയോടുകൂടിയാണ് തെക്കുദർശനമായ ഗൃഹനിർമാണത്തെ വീക്ഷിക്കുന്നത്. എന്നാൽ ശാസ്ത്രാനുസൃതമായ കണക്കിൽ ഗൃഹരൂപകൽപന ചെയ്യുകയാണെങ്കിൽ തെക്കുദർശനവും പടിഞ്ഞാറുദർശനവും മറ്റു രണ്ടു ദർശനങ്ങളെപ്പോലെതന്നെ ഉപയോഗയോഗ്യങ്ങളാണ്. തെക്കുകിഴക്ക് മുതലായ കോൺദിക്കിലേക്ക് ഒരു കാരണവശാലും ഗൃഹത്തിന് ദർശനം നൽകാതിരിക്കുക. ഒരു പുരയിടത്തിൽ ഗൃഹനിർമാണം ചെയ്യുമ്പോൾ അതിലുൾക്കൊള്ളുന്ന ദിക്കനുസരിച്ച് വാസ്തുമണ്ഡലത്തിനാധാരമായി വേണം രൂപകൽപന ചെയ്യാൻ.

മറ്റൊരു രസകരമായ സംഗതി കിഴക്കും വടക്കും ദർശനത്തിനുപയോഗിക്കുന്ന കണക്കുകൾ തമോഗുണപ്രധാനമായതും തെക്കുദർശനമായത് രജോഗുണപ്രധാനമായതും പടിഞ്ഞാറ് ദർശനമായ കണക്ക് സ്വാത്വിക പ്രധാനമായതുമാണ് എന്നതാണ്. വടക്കും കിഴക്കും ദർശനങ്ങൾ അതിഭൗതികതയ്ക്കും മറ്റുരണ്ടു ദർശനങ്ങൾ ആത്മീയോന്നതിക്കും കൂടുതൽ ഗുണകരമാണ് എന്നു വേണമെങ്കിൽ വിവക്ഷിക്കാവുന്നതാണ്. പൊതുവേ പറഞ്ഞാൽ, നാലു പ്രധാന ദിക്കുകളിലേക്കും ദർശനമായി ഗൃഹനിർമാണം സാധ്യമാണ്.

English Summary- Direction of House Vasthu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA