ADVERTISEMENT

വ്യാപാര സമുച്ചയങ്ങൾ അഥവാ ഷോപ്പിങ് കോംപ്ലക്സുകൾ നിർമിക്കുമ്പോൾ ഭൂമി തിരഞ്ഞെടുക്കുന്നതു ബുദ്ധിപൂർവമായിരിക്കണം. വസ്തു സമചതുരമോ ദീർഘ ചതുരമോ തന്നെയായിരിക്കണം. അതല്ലാത്ത വസ്തുവാണ് കിട്ടുന്നതെങ്കിൽ ദീർഘ– സമചതുരാകൃതിയിലാക്കിയ ശേഷം ചുറ്റുമതിൽ കെട്ടി പ്രധാന ഗേറ്റിനു പുറമേ ഗേറ്റുകൾക്ക് പറഞ്ഞിട്ടുള്ള ദിക്കുകളിൽ ചെറിയ ഗേറ്റുകളുണ്ടാക്കി വസ്തുവിന്റെ ബാക്കി ഭാഗം ഉപയോഗപ്രദമാക്കിക്കൊള്ളണം.

വാസ്തുനിയമങ്ങള്‍ തെറ്റിക്കാതെ ഉചിതമായ വിധം യോജിപ്പിച്ച് വേണം വ്യാപാര സമുച്ചയങ്ങൾക്കുള്ള കെട്ടിടം നിർമിക്കേണ്ടത്. കണക്കു പ്രകാരം ചെയ്തെടുക്കുന്ന കെട്ടിടങ്ങളും പാർപ്പിടങ്ങളും വ്യാപാരികൾക്കും കുടുംബനാഥൻമാർക്കും സുഗമമായ ധനാഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാക്കിത്തരുമെന്നതിൽ സംശയിക്കേണ്ടതില്ല.

ജ്യോതിഷ പണ്ഡിതന്മാരുമായി ആലോചിച്ച് സമയദോഷങ്ങൾക്കും ദശാസന്ധി, ഗ്രഹപ്പിഴകൾക്കും, മറ്റു ദോഷങ്ങൾക്കും പരിഹാരങ്ങൾ ചെയ്തതിനു ശേഷം വേണം വ്യാപാര സമുച്ചയത്തിന് അടിസ്ഥാനമിടേണ്ടത്.

വ്യാപാര സമുച്ചയത്തിലെ കെട്ടിടങ്ങൾക്കു ചുറ്റും തുറസ്സായ സ്ഥലം ഉണ്ടായിരിക്കണം. കെട്ടിടങ്ങളുടെ തറനിരപ്പിനു വടക്ക് കിഴക്കേ ഭാഗത്തിനു ചായ്‌വ് ഉണ്ടായിരിക്കണം. തെക്ക്, പടിഞ്ഞാറ് എന്നീ ഭാഗങ്ങളിൽ വലിയ മരങ്ങളും വൃക്ഷങ്ങളും നടാവുന്നതാണ്. ഉടമസ്ഥന്റെ ജന്മവൃക്ഷം പ്രത്യേകമായി പരിപാലിച്ചു പോരുന്നതും ശ്രേയസ്കരമാണ്.

ഉയരത്തിലുള്ള ടാങ്കുകളും മറ്റും നിരൃതികോണിൽ നിന്നു തുല്യ അകലങ്ങളിലായിരിക്കണം. അതായത് തെക്കുഭാഗത്തോ പടിഞ്ഞാറു ഭാഗത്തോ ആയിരിക്കണം നിർമിക്കേണ്ടത്. ഭൂമിക്കടിയിലാണ് ഇത്തരത്തിലുള്ള സംഭരണികൾ നിർമിക്കുന്നതെങ്കിൽ കിഴക്ക്, വടക്ക്, വടക്ക് കിഴക്ക് എന്നീ സ്ഥാനങ്ങളിലായിരിക്കണം നിർമിക്കേണ്ടത്. മലിനജലം ഒഴുക്കിവിടാൻ തെക്കുകിഴക്കേ ഭാഗത്തേക്ക് ചരിവുള്ള ഓവുകളോ ചാലുകളോ ആയിരിക്കും അഭികാമ്യം.

വ്യാപാര സമുച്ചയത്തിലേക്കുള്ള പ്രധാന കവാടം കിഴക്ക്, വടക്കു കിഴക്ക് എന്നീ ഭാഗങ്ങളിലെവിടെയെങ്കിലും ആയിരിക്കണം. കെട്ടിടങ്ങളിലെ അല്ലെങ്കിൽ മുറികളിലെ ശൗചാലയങ്ങൾ വടക്ക്, പടിഞ്ഞാറ് അല്ലെങ്കിൽ വടക്കു പടിഞ്ഞാറ് ഭാഗങ്ങളിലെവിടെയെങ്കിലും ആകാം. കിഴക്കുവശത്ത്  നിർമിതികളൊന്നും പാടില്ല. ഗോവണി, ലിഫ്റ്റുകൾ തുടങ്ങിയവ തെക്ക് വശത്തോ പടിഞ്ഞാറു വശത്തോ നിർമിക്കാം. ഈശാനകോൺ ഒഴിവാക്കണം. ഗോഡൗണുകൾ, സ്റ്റോറൂമുകൾ എന്നിവകളുടെ സ്ഥാനം കെട്ടിടത്തിന്റെ നിരൃതി കോണിനും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലും ആണു നല്ലത്.

സമുച്ചയത്തിന്റെ പേരിടൽ വ്യക്തിപരമാകുന്നതിനെക്കാൾ ജ്യോതിശ്ശാസ്ത്രം, സംഖ്യാശാസ്ത്രം, നാമശാസ്ത്രം എന്നിവയുടെ നിർദേശമനുസരിച്ചാകുന്നതു കൂടുതൽ നല്ലതായിരിക്കും. ഉദ്ഘാടന ദിവസം പ്രത്യേക പൂജകളും വാസ്തുയന്ത്രസ്ഥാപനവും നടത്തുന്നതു കെട്ടിടത്തിന്റെ അഭിവൃദ്ധിക്കും ആയുസ്സിനും ശ്രേയസ്സിനും നല്ലതാണ്.

English Summary- Vasthu for Commercial Building

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com