ഭാഗ്യമുള്ള വീടിനു വാസ്തു; ഈ കാര്യങ്ങൾ ഒരിക്കലും ഒഴിവാക്കരുത്

traditional-home-newyear
SHARE

പരമ്പരാഗത ശൈലിയിലുള്ളതായാലും ആധുനിക ശൈലിയിലുള്ളതായാലും വീട് രൂപകൽപന ചെയ്യുമ്പോൾ വാസ്തുവിൽ പ്രതിപാദിക്കുന്ന പ്രാധാന്യമർഹിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം. എത്ര ആധുനിക ശൈലിയിലുള്ള വീട് ആയാലും വാസ്തുവിന്റെ അടിസ്ഥാന നിയമങ്ങൾ പാലിക്കാവുന്നതേയുള്ളൂ.

ഗൃഹരൂപകൽപനയെ ആറായി തിരിച്ച് ഓരോന്നിന്റെയും അടിസ്ഥാന നിയമങ്ങൾ മനസ്സിലാക്കാം. ഭൂമി തിരഞ്ഞെടുക്കൽ, ദിശയുടെ പ്രാധാന്യം, ഗൃഹത്തിന്റെ ദർശനം, മുറികളുടെ സ്ഥാനം, അളവുകളുടെ പ്രാധാന്യം, അലങ്കാര പണികൾ. ഭൂമി തിരഞ്ഞെടുക്കൽ, ദിശയ്ക്കനുസരിച്ച് ഗൃഹത്തിന്റെ ദർശനം തീരുമാനിക്കൽ എന്നിവ വഴിയുടെ സാമീപ്യവും ഭൂമിയുടെ കിടപ്പും അനുസരിച്ച് ശാസ്ത്രയുക്തമായി ചെയ്യേണ്ടതാണ്. ഉദാഹരണമായി ചില ഭൂമികൾ റോഡിൽനിന്ന് കാണുമ്പോൾ ദീർഘചതുരമോ സമചതുരമോ ആയി തോന്നുന്നുണ്ടെങ്കിലും കൃത്യമായ കിഴക്കുപടിഞ്ഞാറ് അല്ലെങ്കിൽ തെക്കുവടക്ക് ദിശ എന്നു പറയുന്നത് ഭൂമിയുടെ അതിരുകൾക്ക് സമാന്തരമായി (parallel) ആവണമെന്ന് നിർബന്ധമില്ല. അങ്ങനെയുള്ളപ്പോൾ വഴിയിലേക്ക് മുഖമായി ഗൃഹം വയ്ക്കുന്നത് ഉപദേശയോഗ്യമല്ല. വിദിക്കിലേക്ക് (കൃത്യമായ ദിക്കല്ലാത്തത്) ദർശനമായി രൂപകൽപന ചെയ്യുന്ന ഗൃഹങ്ങൾ വാസയോഗ്യങ്ങളായി പറയുന്നില്ല. ആധുനിക എലിവേഷനുകളാണെങ്കിലും ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചു വേണം ഗൃഹരൂപകൽപന ചെയ്യാൻ.

എലിവേഷൻ

നമ്മുടെ നാട്ടിലെ കാലാവസ്ഥാ വ്യതിയാനങ്ങളിൽനിന്ന് ഉദാഹരണത്തിന് അതിശൈത്യം, അത്യുഷ്ണം, അതിവർഷം, വായുകോപം തുടങ്ങിയ കാലാവസ്ഥാവ്യതിയാനങ്ങളിൽ നിന്ന് മനുഷ്യശരീരത്തെ സംരക്ഷിക്കാനുള്ള ഉപാധിയായ ഗൃഹം രൂപകൽപന ചെയ്യുമ്പോൾ ചില ആധുനിക രൂപകൽപനാ സമ്പ്രദായങ്ങൾ ഇതിനു യോജിച്ചതായി തോന്നുന്നില്ല. ഉദാഹരണത്തിന് ഫ്രഞ്ച് ജനാലകൾ, ഭിത്തിക്കു പകരമുള്ള ഗ്ലാസ് പാർട്ടീഷനുകൾ എന്നിവ. കാരണം, ഗൃഹത്തിനകത്തേക്ക് വെയിൽ, തണുപ്പ്, ചൂട് എന്നിവ കടത്തിവിടാതിരിക്കാനാണ് ഘനമായ ഭിത്തികൾ ചെയ്ത് ചെറിയ ജനലുകൾ വച്ച് പണ്ട് ഗൃഹങ്ങൾ രൂപകൽപന ചെയ്തിരുന്നത്. അതിനു വിരുദ്ധമായി മേൽപറഞ്ഞ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉള്ളിലേക്കു കടത്തിവിടുന്ന വിധം വലിയ ജനലുകളും മുഴുവനായ ഗ്ലാസ് പാർട്ടീഷനുകളും ഗൃഹത്തിനുള്ളിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നില്ല.

എന്നാൽ പുറംഭിത്തി പൂർണമായും പഴയ രീതിയിൽ ഭിത്തിയും ജനലും വച്ച് നിർമിക്കുകയും ആധുനിക ശൈലികളായ ഓപൻ കിച്ചൻ, ലൈറ്റ് വെൽ (വെളിച്ചം കടത്തി വിടാൻ മേൽക്കൂരയിൽ നൽകുന്ന ഓപനിങ്ങുകൾ), മേൽഭാഗം അടച്ച നടുമുറ്റങ്ങൾ, ഓപൻ ഫാമിലി ലിവിങ്, ഹാൾ, കന്റെംപ്രറി ഡിസൈനുകൾ എന്നിവ രൂപകൽപനയിൽ ഉൾപ്പെടുത്തുന്നതിന് ദോഷമില്ല.

മേൽക്കൂര

vastu-tips
Some decor changes or alteration in the positions of furniture at home may herald prosperity and good luck.

പഴയ ശൈലിയിൽ ചരിഞ്ഞ മേൽക്കൂരകളാണ് രൂപകൽപനയ്ക്ക് ആധാരമായിരുന്നത്. എങ്കിൽ ഇപ്പോൾ കന്റെംപ്രറി ഡിസൈൻ, ഫ്ലാറ്റ് റൂഫ്, പർഗോള രീതിയിലുള്ള മേൽക്കൂര എന്നിവ കൊടുക്കുന്നതിനു ശാസ്ത്രപ്രകാരം ദോഷമില്ല. എന്നാൽ മഴ, വെയിൽ എന്നിവ ചരിഞ്ഞടിക്കുന്ന സമയത്ത് വരാന്തയിലേക്കോ ഭിത്തികളിലേക്കോ വല്ലാതെ സ്വാധീനിക്കാത്ത വിധം സൺഷേഡ് പ്രൊജക്ഷൻ കൊടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്. മേൽപ്പറഞ്ഞ ഗൃഹത്തിനകത്തു വരുന്ന കോർട്‌യാർഡ്, നടുമുറ്റങ്ങൾ, ഗൃഹത്തിന്റെ വടക്കുവശത്തോ കിഴക്കുവശത്തോ വരുന്നതാണ് ഏറ്റവും ഉത്തമമായി പറയുന്നത്.

അടുക്കള

ഇന്ന് പാൻട്രി, ഫസ്റ്റ് കിച്ചൻ, സെക്കൻഡ് കിച്ചൻ എന്നീ രീതിയിലുള്ള രൂപകൽപനാ സംവിധാനങ്ങളിൽ ശാസ്ത്രപ്രകാരം ദോഷമില്ല. എന്നാൽ ഇതിൽ സെക്കൻഡ് കിച്ചൻ എന്നു പറയുന്ന വർക്കിങ് കിച്ചൻ മാത്രമാണ് ഭക്ഷണം പാകം ചെയ്യുന്നതിന് കൂടുതലായി ഉപയോഗിച്ചുകാണുന്നത്. അതുകൊണ്ടുതന്നെ ഫസ്റ്റ് കിച്ചൻ മാത്രമല്ല സെക്കൻഡ് കിച്ചനും വടക്കോ കിഴക്കോ വരുന്നവിധം ക്രമീകരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഗൃഹത്തിനു പുറത്ത് അടുക്കളപ്പുര പോലെ നിർമിക്കുകയാണെങ്കിലും അപ്രകാരമുള്ള അടുക്കളകളും വടക്കോ കിഴക്കോ തന്നെ നിർമിക്കാൻ ശ്രദ്ധിക്കണം. അടുക്കളയിൽ ചെയ്യുന്ന കർമം ഭക്ഷണം പാകം ചെയ്യുക എന്നുള്ളതായതുകൊണ്ട് ഉപയോഗിക്കുന്ന ഇന്ധനം ഏതായാലും (ഗ്യാസ്, പുകയില്ലാത്ത അടുപ്പ്, ഇൻഡക്ഷൻ കുക്കർ) പാകം ചെയ്യുന്നത് കിഴക്കോ വടക്കോ തിരിഞ്ഞു നിന്ന് ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്.

കിടപ്പുമുറി, ജിം, ഹോം തിയറ്റർ

കിടപ്പുമുറികൾക്കുള്ളിൽ ആധുനിക രീതിയിൽ ചെയ്യുന്ന ഷെൽഫ് സംവിധാനങ്ങളും മറ്റ് ഇന്റീരിയർ അലങ്കാരങ്ങളും ശാസ്ത്രത്തിൽ പറയുന്ന അളവ് പാലിച്ചുംകൊണ്ട് ചെയ്യുന്നതിന് ദോഷമില്ല. എന്നാൽ കിഴക്കോട്ടോ തെക്കോട്ടോ തലവച്ചു കിടക്കാൻ പറ്റുന്ന വിധമാണ് കട്ടിലുകൾ ക്രമീകരിക്കേണ്ടത്.

ജിം, ഹോം തിയറ്റർ, യൂട്ടിലിറ്റി റൂം തുടങ്ങിയവ താഴത്തെ നിലയിലോ മുകളിലെ നിലയിലോ സ്ഥാനം നിശ്ചയിക്കുന്നതിന് ദോഷമില്ല. എന്നാൽ ശയന വിദ്യാഭ്യാസങ്ങൾക്കായി ഉപയോഗിക്കുന്ന മുറികൾ കോണിൽ വരുന്ന മുറികളാണ് ഉത്തമം എന്നു ശാസ്ത്രം അനുശാസിക്കുന്നു.

ഉദാഹരണത്തിന് പടിഞ്ഞാറോ കിഴക്കോ മുഖമായ പടിഞ്ഞാറ്റിനി പ്രാധാന്യമായ രൂപകൽപനകളിൽ പടിഞ്ഞാറ്റിനി ഗൃഹത്തിന്റെ രണ്ട് മൂലകളായ തെക്കുപടിഞ്ഞാറും വടക്കുപടിഞ്ഞാറും ആണ് രണ്ട് പ്രധാന മുറികളായി രൂപകൽപന ചെയ്യാൻ ശ്രദ്ധിക്കേണ്ടത്. എന്നാൽ തെക്കോട്ടോ വടക്കോട്ടോ മുഖമായ തെക്കിനി പ്രാധാന്യമായ ഏകശാലാ രൂപകൽപനകളിൽ തെക്കിനിയുടെ കോൺഗൃഹങ്ങളായ തെക്കു പടിഞ്ഞാറേ മൂലയിലോ തെക്കുകിഴക്കേ മൂലയിലോ ആണ് രണ്ട് പ്രധാന കിടപ്പുമുറികൾ വരാൻ ശ്രദ്ധിക്കേണ്ടത്. തെക്കിനി അല്ലെങ്കിൽ പടിഞ്ഞാറ്റിനി പ്രാധാന്യമായ രൂപകൽപനകളിൽ പൊതുവായി രണ്ടിലും വരുന്ന കോൺഗൃഹമായ തെക്കുപടിഞ്ഞാറേ മൂലയിൽ കിടപ്പുമുറി ഉത്തമമാണ് എന്നു മേൽപറഞ്ഞ കാരണം കൊണ്ടാണ് പറയുന്നത്.

സ്വിമ്മിങ് പൂൾ

ഗൃഹത്തിനെ ഒരു സമചതുരമോ ദീർഘചതുരമോ ആയി കണക്കാക്കുമ്പോൾ സ്വിമ്മിങ് പൂൾ അതിനകത്തോ പുറത്തോ വരുമ്പോൾ വടക്കും കിഴക്കും ആകാമെങ്കിലും വടക്കുപടിഞ്ഞാറേ മൂലയായ വായുകോണും തെക്കുകിഴക്കേ മൂലയായ അഗ്നികോണും ഒഴിവാക്കാം.

പ്രെയർ സ്‌പേസ് 

ഇന്നത്തെ വീടുകളിൽ പൂജാമുറി എന്നു പറയുന്നുണ്ടെങ്കിലും ആരാധന മാത്രം നടത്തുന്ന മുറികൾ ആയതുകൊണ്ട് പ്രാർഥനാ മുറികളായി കണക്കാക്കിയാൽ മതിയാകും. അതുകൊണ്ടുതന്നെ ഗൃഹത്തിനകത്ത് കിഴക്കോ പടിഞ്ഞാറോ ഭിത്തികളിൽ ഉചിതമായ ദർശനത്തോടു കൂടി വയ്ക്കുന്നതും പ്രത്യേകം മുറിയായി തിരിച്ച് പടങ്ങൾ വച്ച് വിളക്കു കൊളുത്തുന്ന സംവിധാനങ്ങളും ദോഷമായി കണക്കാക്കേണ്ടതില്ല.

വിവരങ്ങൾക്ക് കടപ്പാട്

കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്

English Summary- Vasthu Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.