ADVERTISEMENT

വീടിനകത്തേക്കും പുറത്തേക്കും പ്രവേശിക്കാനുള്ള വഴി എന്നതിലുപരി വാസ്തുപരമായി പ്രധാനവാതിലിനു ഒട്ടേറെ പ്രത്യേകതകളുണ്ട് .  വീട്ടിലേക്ക് ഊർജ്ജം കടന്നെത്തുന്ന പ്രധാന മാർഗമാണ് വാതിൽ. അതിനാൽ വാതിലുകൾ സ്ഥാപിക്കുമ്പോൾ ഒട്ടേറെ കാര്യങ്ങൾ  ശ്രദ്ധിക്കേണ്ടതുണ്ട്. വാതിലുകളുടെ കാര്യത്തിൽ ചെയ്യേണ്ടവയും അരുതാത്തവയുമായ ചില കാര്യങ്ങൾ നോക്കാം. 

ദർശനം 

വീടിന്റെ പ്രധാനവാതിൽ തെക്ക് ഭാഗത്തിനോ പടിഞ്ഞാറ് ഭാഗത്തിനോ അഭിമുഖമായി വയ്ക്കുന്നത് പൊതുവിൽ വാസ്തുപരമായി അത്ര നന്നല്ല എന്നാണ് വിശ്വാസം. ഈ ദിക്കുകളിലേക്ക് വാതിൽ വച്ചാൽ പ്രതികൂല ഊർജ്‌ജം വീട്ടിനുള്ളിലേക്ക് കടന്നെത്തുമെന്നാണ് കരുതുന്നത്. കലഹങ്ങളും നിർഭാഗ്യങ്ങളും കുടുംബാംഗങ്ങളെ തേടിയെത്തുന്നതിന് ഈ പ്രതികൂല ഊർജ്‌ജം കാരണമാകും. നിലവിൽ വാതിലുകൾ ഈ ഭാഗത്തേക്കാണ് സ്ഥാപിച്ചിരിക്കുന്നത് എങ്കിൽ ദോഷങ്ങളകറ്റാൻ വാസ്തുശാസ്ത്ര വിധിപ്രകാരമുള്ള പരിഹാരമാർഗ്ഗങ്ങൾ ചെയ്യാവുന്നതാണ്. പുഷ്യരാഗം, പവിഴം  പോലെയുള്ള ചില രത്നങ്ങളും ലോഹങ്ങളും ഈയവുമൊക്കെ വിദഗ്ധരുടെ നിർദ്ദേശപ്രകാരം  വാതിലുകളിൽ സ്ഥാപിക്കുക. 

വാതിൽ എന്തുകൊണ്ട് നിർമിക്കണം 

കിഴക്കുഭാഗത്താണ് പ്രധാനവാതിലെങ്കിൽ അത് പൂർണമായും തടിയിൽ നിർമിക്കുന്നതാണ് ഏറ്റവും ഉചിതം. എന്നാൽ തെക്കുഭാഗത്തേക്ക് ദർശനമായാണ് വാതിൽ ഉള്ളതെങ്കിൽ തടിയും ലോഹവും ചേർത്ത് നിർമ്മിച്ചവയാവും കൂടുതൽ നല്ലത്. പടിഞ്ഞാറ് ഭാഗത്തേക്കുള്ള വാതിലിലും മെറ്റൽ കൊണ്ടുള്ള അലങ്കാരപ്പണികൾ ചെയ്യാം. വടക്ക് ഭാഗത്തേക്ക് ദർശനമുള്ള വാതിലിൽ വെള്ളി നിറം ഉൾപ്പെടുത്തുന്നത് ഉചിതമായിരിക്കും. 

എടുത്ത് അറിയുന്ന വിധത്തിൽ സ്ഥാപിക്കാം 

വീടിന്റെ പുറംഭിത്തിയുമായി ചേർന്ന് പോകുന്ന തരത്തിലല്ലാതെ വാതിലുകൾ പ്രത്യേകം എടുത്തറിയുന്ന രീതിയിൽ സ്ഥാപിക്കുന്നതാണ് ഉചിതം എന്നാണ് വാസ്തുശാസ്ത്രവും ഫെങ്ങ് ഷൂയിയും പറയുന്നത്. ചുവരുകളുടെ നിറത്തിൽ നിന്നും വ്യത്യസ്തമായ നിറം പ്രധാനവാതിലിനു നൽകാം. വീട്ടു പേരോ വീട്ടുനമ്പറോ ഒക്കെ വാതിലിൽതന്നെ ഉൾപ്പെടുത്തി ശ്രദ്ധേയമാക്കാവുന്നതാണ്. 

 

വാതിലിന്റെ ഉയരവും വീതിയും 

പ്രധാന വാതിലിനു ചുരുങ്ങിയത് ഏഴടി ഉയരവും മൂന്ന് അടി വീതിയും വേണമെന്നാണ് കണക്ക്. വലിയ വാതിലുകൾ കൂടുതൽ ഊർജ്ജം അകത്തേക്ക് പ്രവേശിക്കാൻ സഹായിക്കും. വീടിനുള്ളിലെ മറ്റു വാതിലുകൾക്ക് പ്രധാനവാതിലിന്റെയത്ര ഉയരം പാടുള്ളതല്ല. 

 

വാതിലിനു സമീപം വയ്ക്കാൻ പാടില്ലാത്തത് 

പ്രധാനവാതിലിനു സമീപം തന്നെ ചെരുപ്പ് സൂക്ഷിക്കുന്ന സ്റ്റാൻഡ് സ്ഥാപിക്കുന്ന പ്രവണതയുണ്ട്. എന്നാൽ വാസ്തുശാസ്ത്രപ്രകാരം ഇത് നന്നല്ല. സമാനമായ രീതിയിൽ ചവറ്റുകുട്ടകളും കേടുപാടുകളുള്ള ഫർണിച്ചറുകളും പ്രധാനവാതിലിനു സമീപമായി സ്ഥാപിക്കാൻ പാടില്ല. അലങ്കാരത്തിനുള്ള തോരണങ്ങളും മറ്റും സ്ഥാപിക്കുമ്പോൾ അത് വാതിലിനു മുൻഭാഗത്ത് തന്നെ സ്ഥാപിക്കാൻ ശ്രദ്ധിക്കുക. പ്രധാന വാതിലിനോട് ചേർന്ന് പടവുകൾ ഉണ്ടെങ്കിൽ അത് ഒറ്റസംഖ്യയിൽ മാത്രം ആവാൻ  ശ്രദ്ധിക്കുക. പ്രധാനവാതിലിനു മുൻഭാഗത്തായി വെള്ളം നിറച്ച ചില്ലുപാത്രത്തിൽ പൂക്കളുടെ ഇതളുകൾ ഇട്ട് വയ്ക്കുന്നത് നെഗറ്റീവ് എനർജി തടഞ്ഞുനിർത്താൻ സഹായകമാണ്.

English Summary- Main Door Correct Practice for Better Home Prosperity; Vasthu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com