ADVERTISEMENT

ഒരു വീട് സ്ഥാനമനുസരിച്ച് വച്ചുകഴിഞ്ഞാൽ പിന്നെ മുൻപിൻ നോക്കാതെ താമസിക്കാനാണ് എല്ലാവർക്കും ഉത്സാഹം. അത്യാവശ്യം ഒരു ഗെയ്റ്റ് തങ്ങൾക്ക് തോന്നുന്ന സ്ഥലത്തു വയ്ക്കും.. ഏറ്റവും ചെലവു കുറഞ്ഞ് ഗെയ്റ്റ് വയ്ക്കാൻ പറ്റിയ സ്ഥലം എന്ന മാനദണ്ഡം മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ പേരും നോക്കാറുള്ളൂ. 

ഗെയ്റ്റിന് സ്ഥാനമുണ്ടോ?

ശരിക്കും ഗെയ്റ്റ് ഇന്ന സ്ഥലത്തു വേണമെന്ന് നിർബന്ധമുണ്ടോ? ഉണ്ട്. എന്നു മാത്രമല്ല അതിന് പ്രത്യേക സ്ഥാനങ്ങൾ നിർദേശിക്കുന്നുമുണ്ട്. അതിർത്തിയിൽ മതിലു കെട്ടുമ്പോൾ ഗെയ്റ്റുകൾക്കൊക്കെ ഓരോരോ സ്ഥാനങ്ങൾ പറയുന്നുണ്ട്. ഗെയ്റ്റ് എന്ന വാക്കല്ല അവിടെ പറയുക എന്നേയുള്ളൂ. പടിപ്പുര എന്നാണ് അതിന് വാക്ക്. മൂന്നു പടിപ്പുരകളാണ് അഥവാ ഗെയ്റ്റുകളാണ് പറയുക. ഒന്നാമത്തെ ഗെയറ്റ് ഏകദേശം മധ്യത്തിലായും അല്പം അപ്രദക്ഷിണമായും വരുന്ന സ്ഥാനത്ത് ആവാം. ദിക്ക് തിരിച്ചു പറഞ്ഞാൽ കിഴക്കുവശത്താണ് മതിലെങ്കിൽ കിഴക്കുവശത്തെ മധ്യത്തിൽ നിന്ന് കണക്കനുസരിച്ച് കുറച്ചു പടിഞ്ഞാറേക്കു നീങ്ങി ഗെയ്റ്റ് ആവാം, തെക്കുവശത്താണെന്നു വച്ചാല്‍ കിഴക്കോട്ടു നീങ്ങണം എന്നാണ് കണക്ക്. പടിഞ്ഞാറുവശത്താണെങ്കിലോ, മധ്യത്തിൽ നിന്ന് തെക്കോട്ടാണ് നീക്കേണ്ടത്. ഇങ്ങനെയാണ് പടിപ്പുരയുടെ പ്രധാന സ്ഥാനങ്ങൾ പറയാവുന്നത്. 

ഇതുകൂടാതെ തന്നെ ഗെയ്റ്റിന് ഓരോ ദിക്കിലും രണ്ടു വീതം സ്ഥാനങ്ങൾ വേറെയും പറയുന്നുണ്ട്. ഉപഗെയ്റ്റുകൾ എന്നു വേണമെങ്കിൽ ഇവയെ പറയാം. അതായത് ഒരു വശത്തു തന്നെ മൂന്നു ഗെയ്റ്റിന്റെ സ്ഥാനമുണ്ടെന്നർഥം. ആ മൂന്നു സ്ഥാനത്തിൽ എവിടെ ഗെയ്റ്റു വച്ചാലും വിരോധമില്ല. അതിലൊരു പ്രധാന കാര്യം ശ്രദ്ധിക്കാനുള്ളത് ഒന്ന് മധ്യത്തിനോടടുത്തും മറ്റുള്ളവ മൂലയോടു ചേർന്നുമാണ്. എന്നാൽ വളരെ മൂലചേർത്ത് വയ്ക്കാൻ പാടില്ല. കുറച്ചു വിട്ടിട്ടാണ് വേണ്ടത്. ഒരു പദം വിടണം എന്നാണ് ശാസ്ത്രം. ഒരു പദമെന്നാൽ ആകെ നീളത്തിന്റെ പത്തിലൊന്ന് ആണ്. അപ്പോൾ പറയേണ്ടത്, അരികിൽ ഗെയ്റ്റുവയ്ക്കാനുദ്ദേശ്യമുണ്ടെങ്കിൽ പത്തിലൊന്നെങ്കിലും വിട്ടിട്ടേ വക്കാൻ പാടുള്ളൂ എന്നാണ്. 

ഭംഗിക്കോ ആവശ്യത്തിനോ എന്നറിയില്ല, ഒരു പ്രധാന ഗെയ്റ്റും പിന്നൊരു പടിപ്പുര വേറെയും ചെയ്യുന്നവരാണ് ഇന്നധികം. അപ്പോൾ ഒന്നേ ശ്രദ്ധിക്കാനുള്ളൂ. പ്രധാന ഗെയ്റ്റിന് പ്രധാന പടിപ്പുരക്കു വേണ്ടതായ ലക്ഷണങ്ങൾ മുഴുവൻ ഉണ്ടായിരിക്കണം. 

വിവരങ്ങൾക്ക് കടപ്പാട്- കാണിപ്പയൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്

English Summary- Position of Gate as per Vasthu; Vastu Tips in Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com