ADVERTISEMENT

വീട്ടിലേക്ക് പ്രവേശിക്കേണ്ടത് ഏതു ദിക്കിൽ നിന്നാണ്? എങ്ങോട്ടു തിരിച്ചാണ് പ്രധാന വാതിൽ വരേണ്ടത്? എവിടെയാണ് നടകൾ പണിയേണ്ടത്? പ്രധാന വാതിലിൽക്കൂടിയല്ലാതെ വീട്ടിനുള്ളിൽ പ്രവേശിച്ചാൽ കുഴപ്പമുണ്ടോ? വീട്ടിലേക്ക് കടക്കുന്നതിനെച്ചൊല്ലി ഇങ്ങനെ ഒരുപാടു സംശയങ്ങളും തെറ്റിദ്ധാരണകളും ഉണ്ട്. പലരും എന്നോട് ഇതേപ്പറ്റി ചോദിക്കാറുമുണ്ട്. വീട് ആദ്യം സ്വന്തം ഇഷ്ടപ്രകാരം നിർമിച്ച ശേഷം വാസ്തു നോക്കണമെന്ന് ആവശ്യപ്പെടുന്നവരും കുറവല്ല. 

എന്തായാലും ഇത്തരം കാര്യങ്ങളെക്കുറിച്ച് സാമാന്യമായ ഒരു ധാരണ എല്ലാവർക്കും ഉണ്ടായിരിക്കേണ്ടതാണ്. അതിനാദ്യം നാലു കെട്ടിന്റെ തത്ത്വത്തിൽ നിന്ന് തുടങ്ങാം.

നാലുകെട്ടെന്ന് പൊതുവേ പറയുമ്പോൾ നാലു ഗൃഹമായിട്ടാണല്ലോ വരിക. തെക്കുണ്ടാക്കിയ ഗൃഹം തെക്കിനി. പടിഞ്ഞാറ് ഉണ്ടാക്കിയ ഗൃഹം പടിഞ്ഞാറ്റി. ബാക്കിയുള്ള ഗൃഹങ്ങളും അതുപോലെ വരും. തെക്കിനിക്കും പടിഞ്ഞാറ്റിക്കും ഇടയിൽ താഴ്ന്നുകിടക്കുന്ന സ്ഥലമുണ്ടാവും. അവിടെ പുരയില്ലല്ലോ. പൊതുവേ ആളുകൾ പറയും, അവിടെ അങ്ങനെ താഴ്ന്നു കിടക്കാൻ വയ്യ എന്ന്. അതിലർഥമില്ല. പരസ്പരം ബന്ധിപ്പിക്കാത്ത നാലുകെട്ടാണെങ്കിൽ നാലു മൂലയിലും താഴ്ന്നു കിടക്കും. അതുകൊണ്ടു വിരോധമില്ല. എന്നാൽ മുമ്പു പറഞ്ഞതുപോലെ നാലു പുരകളും പരസ്പരം യോജിപ്പിക്കാതെ പണിതുകഴിഞ്ഞാൽ, നടുക്ക് നടുമുറ്റമായി. അപ്പോൾ ശാസ്ത്രപ്രകാരം എന്തൊക്കെ ചെയ്യണമോ അതൊക്കെ ചെയ്യേണ്ടി വരും. 

തെക്കിനിപ്പുരയിലേക്ക് കടക്കണമെങ്കിൽ നമുക്ക് വടക്കു നിന്ന് കടക്കണം. അതിന് ആദ്യം നടുമുറ്റത്തു വന്നിട്ടുവേണമല്ലോ. കാരണം പ്രധാന വാതിലുകളെല്ലാം നടുമുറ്റത്തേക്കാണ് ദർശനമായി വരിക. ഇനി നാലു പുരകളും കോണുഗൃഹങ്ങളും യോജിപ്പിച്ച നാലുകെട്ടാണെങ്കിലോ? അപ്പോൾ നടുമുറ്റം നാലു പുറവും അടഞ്ഞതായി. അങ്ങനെ വരുമ്പോഴും നാലുഗൃഹങ്ങളുടെയും വാതിലുകൾ ദർശനമനുസരിച്ച് നടുമുറ്റത്തേക്കാണ് വരിക. നടുമുറ്റത്തിന്റെ മദ്ധ്യത്തിലേക്ക് മുഖം വരുമ്പോൾ തെക്കിനിയുടെ വാതിലാണ് പ്രധാനപ്പെട്ടതെങ്കിൽ ആ വാതിൽ വടക്കോട്ടു വയ്ക്കും, പടിഞ്ഞാറ്റിയാണു പ്രധാനമെങ്കിൽ വാതിൽ കിഴക്കോട്ടു വയ്ക്കും. വടക്കിനിയുടേതാണെന്നു വച്ചാൽ തെക്കോട്ടു വയ്ക്കും. കിഴക്കിനിയുടേതാണെങ്കിലോ, പടിഞ്ഞാട്ടും വയ്ക്കും. 

അങ്ങനെ വരുമ്പോൾ നമുക്ക് ആദ്യം മുറിയിലേക്കു കടക്കണമെങ്കിൽ നടുമുറ്റത്തു വന്നാലല്ലേ പറ്റൂ. നടുമുറ്റത്തിലേക്കു വരണമെങ്കിൽ ഇടനാഴിയില്ലാതെ പറ്റില്ലല്ലോ. നമുക്ക് നടുമുറ്റത്തേക്കു വരാനും പോകാനുമുള്ള സ്ഥലം വേണമെന്നുള്ളതും പ്രായോഗികമായി ചിന്തിച്ചാൽ മനസ്സിലാക്കാവുന്ന സംഗതിയാണ്. പടിഞ്ഞാറു നിന്നാണ് വരുന്നതെങ്കിൽ പടിഞ്ഞാറ്റിയുടെ തെക്കേവശത്തെ ഇടനാഴിയിൽക്കൂടി വരണം. പടിഞ്ഞാറ്റിക്കും തെക്കിനിക്കുമിടയില്‍ ഇടനാഴിയുണ്ടാവുമല്ലോ. ആ ഇടനാഴിയിൽക്കൂടി വരണം. 

നടുമുറ്റത്തേക്കു വരാനുള്ള വഴി പടിഞ്ഞാറുനിന്നാണെങ്കിൽ തെക്കേ വശത്തു കൂടി വരണം. തെക്കു നിന്നാണ് വരുന്നതെന്നു വച്ചാൽ തെക്കിനിയുടെ കിഴക്കേവശത്തുകൂടി വരണം. കിഴക്കു നിന്നാണ് വരുന്നതെങ്കിൽ കിഴക്കിനിയുടെ വടക്കേ വശത്തുകൂടി വേണം പ്രവേശിക്കാൻ. വടക്കിനിയിൽ നിന്നാണ് വരുന്നതെന്നു വച്ചാൽ വടക്കിനിയുടെ പടിഞ്ഞാറേവശത്തു കൂടിയും വരണം. 

അതായത് ഇന്ന ദിക്കിൽ നിന്നു വരാൻ പാടില്ല എന്നു പറഞ്ഞിട്ടില്ല. അകത്തേക്കു വരാനുള്ള വഴികളിങ്ങനെയെല്ലാമാണു വേണ്ടത് എന്നാണ് പറയുക. അതുപോലെ തന്നെ മുന്‍പു പറഞ്ഞു, പടിഞ്ഞാറു വശത്തു റോഡുണ്ടെങ്കിൽ പടിഞ്ഞാറ്റിയേ പണിയാൻ പാടുള്ളൂ. പടിഞ്ഞാറ്റിയുടെ മുഖം കിഴക്കോട്ടാണ്. അപ്പോൾ പ്രധാനപ്പെട്ട കട്ടിള കിഴക്കു വശത്താണ് വരിക. അതിൽ സംശയമില്ലല്ലോ. പടിഞ്ഞാറു വശത്തുള്ള റോഡിൽക്കൂടി കിഴക്കു വശത്തു വരണമെന്ന് നിർബന്ധം പറയുന്നില്ല. അതിനാണ് പിൻവശത്തു വയ്ക്കുന്ന കട്ടിളയുടെ സ്ഥാനം പറയുന്നത്. പടിഞ്ഞാറ്റിയുടെ പിൻവശത്തു വയ്ക്കുന്ന കട്ടിള എന്നു വച്ചാൽ പടിഞ്ഞാറുവശത്തേക്കു കയറുന്ന കട്ടിള. അതിനു പ്രത്യേക സ്ഥാനമുണ്ട്. ആ സ്ഥാനത്തു കട്ടിള വച്ചാൽ, കിഴക്കോട്ടു ദർശനമായ പടിഞ്ഞാറ്റിയിലേക്ക് പ‍ടിഞ്ഞാറുന്നിന്ന് പ്രവേശിക്കണമെന്ന് ശാസ്ത്രം അനുശാസിക്കുന്നു എന്ന് മനസ്സിലാക്കണം. 

അതേസമയം ഗൃഹപ്രവേശം മുതലായ ചടങ്ങുകൾക്ക് ഗൃഹത്തെ പ്രദക്ഷിണം വച്ചു വന്ന് കിഴക്കു നിന്ന് കയറണം എന്നുണ്ട്. പടിഞ്ഞാറു നിന്ന് കയറാമെന്നും പറയുന്നുണ്ട്. നമ്പൂതിരി ഗൃഹങ്ങളിൽ അധികവും പടിഞ്ഞാറു നിന്നേ കയറുകയുള്ളൂ. പടിഞ്ഞാറേ പൂമുഖത്തുകൂടിയാണ് അകത്തേക്ക് പ്രവേശനം. 

എന്നാൽ തെക്കു നിന്നും വടക്കു നിന്നും വീട്ടിലേക്കു കയറാൻ പാടില്ല എന്ന് നമ്മൾ പൊതുവേ പറയും. അതെന്താണെന്നു വച്ചാൽ പൊതുവേയുള്ള ഒരു ആചാരം, തെക്കോട്ട് ഇറങ്ങുകയുമില്ല, തെക്കോട്ട് കയറുകയും പതിവില്ല. ഈ രണ്ടു തത്ത്വവും പറഞ്ഞു കേട്ടിട്ടുണ്ട്. തെക്കു നിന്നും വടക്കോട്ടു കയറാം, വിരോധം പറയുന്നില്ല. എന്നാൽ വടക്കു നിന്നും തെക്കോട്ടു കയറാൻ വയ്യ. വടക്കോട്ട് ഇറങ്ങാമെന്നർത്ഥം. അപ്പോൾ വടക്ക് ദർശനമാണെന്നു വച്ചാൽ രണ്ടു വഴി നിർമിക്കണം. കയറി വരാനും ഇറങ്ങിപ്പോവാനും വെവ്വേറെ വഴികൾ വേണമെന്നർഥം.

മുന്നിൽ ഒരു പൂമുഖമായി പണിതാൽ കിഴക്കു നിന്നും പടിഞ്ഞാറു നിന്നും കയറാമല്ലോ. വാതിൽ തെക്കോട്ടായതു കൊണ്ട് വിരോധമില്ല. തെക്കിനിക്കാണെങ്കിൽ പിൻവശത്തു വച്ചിരിക്കുന്ന കട്ടിള തെക്കുവശത്താണല്ലോ വരിക. ആ വാതിലിൽക്കൂടി കടക്കാം. വിരോധമൊന്നുമില്ല. 

സാധാരണ ഗോവണികൾക്കും ആ തത്ത്വമുപയോഗിക്കും. ഗോവണി തെക്കോട്ടു കയറിത്തുടങ്ങാൻ വയ്യ. അപ്പോൾ കിഴക്കോട്ടു കയറി തെക്കോട്ടു തിരിഞ്ഞ് മുകളിലേക്ക് പ്രദക്ഷിണമായിട്ടു പോവാം. വടക്കോട്ടു കയറി കിഴക്കോട്ടു തിരിഞ്ഞ് പോവാം. കയറിത്തുടങ്ങുന്ന ഭാഗം തെക്കോട്ട് ആകരുതെന്നർഥം. പണ്ടൊക്കെ ഒറ്റ ഗോവണിയാവും കാണുക. കിഴക്കോട്ടോ വടക്കോട്ടോ പടിഞ്ഞാട്ടോ ചാരും. തെക്കോട്ടു പതിവില്ല. നാലുകെട്ടാവുമ്പോൾ പ്രവേശനം ഇങ്ങനെയെല്ലാമാണ് വരിക. 

English Summary- Direction of Main Entrance- Vasthu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com