ADVERTISEMENT

വെളളം കിട്ടുന്നിടത്തെല്ലാം കിണർ കുഴിക്കാമോ?

ഒരു വീട്ടില്‍ പൊതുവായ വാസ്തുദോഷങ്ങൾ നോക്കാൻ പോയപ്പോൾ അവിടുത്തെ കിണറിന്റെ സ്ഥാനം അല്‍പം അപകടമായിട്ടു തോന്നി. അപ്പോൾ വീട്ടുടമസ്ഥൻ എന്നോട് ചോദിച്ചു : ‘വെള്ളമുള്ളിടത്തല്ലേ കിണർ കുഴിക്കാൻ പറ്റൂ?’

ഞാൻ ചോദിച്ചു: ‘‘ഇവിടെ മാത്രമേ വെള്ളം കിട്ടൂ എന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞോ?’’

‘‘അതില്ല, പക്ഷേ ഇവിടെ കിട്ടുമെന്ന് പറഞ്ഞപ്പോൾ ഞാൻ വേറൊന്നും നോക്കിയില്ല.’’

‘ഇത്ര അപകടമായിട്ടുള്ള സ്ഥലം തന്നെ കണ്ടുപിടിച്ചല്ലോ’ എന്ന് മനസ്സിൽ തോന്നി. 

കിണർ കുഴിക്കേണ്ടത് എവിടെ, കുളം കുഴിക്കേണ്ടത് എവിടെ എന്നൊക്കെ ശാസ്ത്രത്തിൽ വ്യക്തമായ സൂചനകളുണ്ട്. ഇന്ന ദിക്കിൽ കുഴിക്കണം, ഇന്ന ദിക്കിൽ പാടില്ല എന്നതിനേക്കാൾ നമുക്ക് സ്വീകരിക്കാവുന്ന, കുറച്ചുകൂടി അയവുള്ള, പ്രായോഗികമായ നിർദേശങ്ങളാണ് ശാസ്ത്രം തരുന്നത്. 

ധാരാളം വെള്ളമുള്ള ഭൂമി, പ്രദക്ഷിണമായി ഒഴുകുന്ന ജലത്തോടുകൂടിയ സ്ഥലം എന്ന് ആദ്യം പറയുന്നു. പിന്നെ പറയും, വിത്തു പാകിയാൽ വേഗം മുളയ്ക്കുന്ന സ്ഥലമാവണം അത്. അതായത് വിളഭൂമി, വിത്തിട്ടു മുളച്ചെങ്കിലല്ലേ അതു ഭക്ഷിച്ച് ജീവിക്കാൻ പറ്റുകയുള്ളൂ? അതെങ്ങനെ കണ്ടുപിടിക്കുമെന്നുള്ളതിന് തത്ത്വങ്ങൾ അനവധിയുണ്ട്. അതു കണ്ടുപിടിക്കേണ്ട രീതികളും പറയുന്നുണ്ട്. 

വിളഭൂമി എന്നു പറഞ്ഞാൽ വേറൊന്നുമില്ല, ധാരാളം ധാന്യങ്ങളും കൃഷിയുമൊക്കെ ചെയ്യുന്ന സ്ഥലമാണെങ്കില്‍ അത് വിളഭൂമിയായി. അങ്ങനെ ഫലഭൂയിഷ്ഠമായ സ്ഥലമല്ലെങ്കിൽ നമുക്ക് ജീവിക്കാനും പറ്റില്ലല്ലോ. വാസയോഗ്യമായ ഭൂമിയുടെ ലക്ഷണത്തിൽപ്പെടുന്ന സംഗതിയാണിത്. നമുക്കു വേണ്ടതെന്തോ അതിലേക്കുള്ള സൂചനകളാണ് ശാസ്ത്രം നല്‍കുന്നതെന്നർഥം. ആ വിധത്തിലാണ് ഈ നിർദേശങ്ങളെ എടുക്കേണ്ടത്. സൂചനകളുപയോഗിച്ച് വേണ്ടവിധത്തിലുള്ള രൂപകൽപന ചെയ്യലാണ് വാസ്തുശാസ്ത്രജ്ഞന്റെ കർത്തവ്യം. 

 

വെള്ളമുള്ളിടത്ത് സ്ഥാനമില്ലെങ്കിൽ...

അങ്ങനെ വന്നാൽ സാധാരണ എന്താണ് െചയ്യുക? അടിച്ചതിലേ പോയില്ലെങ്കിൽ പോയതിലേ അടിക്കാം എന്ന് പണ്ടൊരു വിദ്വാൻ പറഞ്ഞിട്ടുണ്ടല്ലോ. അതുപോലെ വെള്ളമുള്ളിടത്ത് കിണർ കുഴിക്കാം. വാസ്തുവിന്റെ കാര്യം അവിടെ നിൽക്കട്ടെ എന്നു കരുതുന്നവരുണ്ട്.  അപ്പോൾ ശാസ്ത്രം പറയും, കിണറും ജലാശയങ്ങളും നമ്മൾ ആദ്യം കണക്കിലെടുത്തു വേണം വീടുവയ്ക്കാൻ എന്ന്.

കിണർ വാസ്തുവിന്റെ അതിരിന് പുറത്തായാൽ വിരോധമില്ല. ഉദാഹരണത്തിന് രണ്ടു പുരയിടക്കാരുടെ പ്രശ്നം നോക്കാം. ഒരാളുടെ പറമ്പിന്റെ വടക്കേവശത്ത് വേറൊരു പറമ്പുണ്ട്. തെക്കേ വശത്തുള്ള പറമ്പുകാരൻ അയാളുടെ വടക്കുകിഴക്കുഭാഗത്താണ് ശാസ്ത്രപ്രകാരം കിണർ കുഴിക്കുക. വടക്കേ പറമ്പുകാരനെ സംബന്ധിച്ചിടത്തോളം ആ കിണർ അഗ്നികോണിലാണ്. അതുകൊണ്ട് അയാളോട് കിണർ മൂടാൻ പറയാൻ സാധിക്കുമോ? ഒരിക്കലും പറ്റില്ല. അപ്പോഴാണ് രണ്ടു പറമ്പാക്കിക്കഴിഞ്ഞാൽ അതു നോക്കേണ്ട എന്ന് പറയുന്നത്. അതാതു പറമ്പിലുള്ള കിണറിനെയോ ജലാശയത്തിനെയോ മാത്രം കണക്കിലെടുത്താൽ മതിയാകും. 

പറഞ്ഞുവരുന്നതിതാണ്, ദോഷസ്ഥാനത്താണ് കിണറിന് സ്ഥാനമുള്ളത് എങ്കിൽ ആ കിണറിരിക്കുന്ന സ്ഥലം ചെറുമതിൽ കെട്ടി വസ്തുവിനെ ദീർഘചതുരമോ സമചതുരമോ ആയ ഖണ്ഡമാക്കി തിരിക്കുക. അപ്പോൾ നമ്മൾ മറ്റൊരു പറമ്പിൽ കിണറുണ്ടാക്കുന്നു എന്നു വരുന്നു. അത് അത്ര കുഴപ്പമുള്ള കാര്യമല്ല. അതിനുള്ള സ്ഥലവിസ്തൃതി ഉണ്ടാവണമെന്നേയുള്ളൂ. 

English Summary- Position of Well according to Vasthu- Fact check, Exper Talk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com