വീട്ടിൽ ദോഷങ്ങൾ അകറ്റാൻ പഞ്ചശിരസ്ഥാപനം: അറിയേണ്ട കാര്യങ്ങൾ

Mail This Article
വീടുപണി കഴിഞ്ഞു. പടിപ്പുരയും വച്ചു. ഇനി പാർക്കാനുള്ള ഒരുക്കം തുടങ്ങാം. ഗൃഹപ്രവേശത്തിന് എന്തെല്ലാം കാര്യങ്ങൾ വേണം? ഒരുപാടുപേർ ചോദിച്ചിട്ടുള്ള ചോദ്യമാണത്. അതുകൊണ്ട് അൽപം വിശദമായി തന്നെ പറയാം.
ഗൃഹപ്രവേശത്തിന്റെ തലേദിവസം വാസ്തുബലി ചെയ്യണം എന്നു നിഷ്കർഷിക്കുന്നു. വാസ്തുബലി നടത്തിക്കഴിഞ്ഞാൽ പഞ്ചശിരസ്ഥാപനവും ചെയ്യണം എന്നു ശാസ്ത്രം ഉപദേശിക്കുന്നു. നിർമാണത്തിലും പുരയിടത്തിലും പൂർവികമായും ഒക്കെ വന്നുപോയിട്ടുള്ള ശകുനപ്പിഴകളുടെ പ്രായശ്ചിത്തം എന്നുള്ള നിലയ്ക്കാണ് ഈ കർമങ്ങൾ.
പഞ്ചശിരസ്സ് സ്ഥാപിക്കേണ്ടതിന്റെ ഉദ്ദേശ്യമെന്താണെന്ന് സാമാന്യമായി പറയാം. നമ്മൾ വീടു പണിയുമ്പോൾ 11 കോൽ ചുറ്റളവ് വീടാണെങ്കിൽ അതിൽ മധ്യം ഇത്ര മാറ്റിയിട്ടുണ്ട് എന്നൊക്കെ പറഞ്ഞാലും മനുഷ്യന് അത്ര കൃത്യമായിട്ട് അടയാളപ്പെടുത്തി പണിയാൻ പറ്റില്ല എന്നാണ് ശാസ്ത്രം പറയുന്നത്. എല്ലാം നമ്മൾ എത്ര കൃത്യമാക്കിയിട്ടുണ്ടെങ്കിലും പണിക്കാരിൽ നിന്നോ മറ്റോ കാഴ്ചയിൽപ്പെടാതെ ചെറിയ െചറിയ മാറ്റങ്ങൾ വന്നു ചേരാം. വലിയ മാറ്റം വരും എന്നല്ല പറയുന്നത്.
നേരത്തെ മർമങ്ങളെക്കുറിച്ച് പറഞ്ഞു. ചെറിയ വീടിന്റെയാണെങ്കിൽ പ്രധാന മർമം മാത്രമേ ഒഴിവാക്കാൻ പറ്റുകയുള്ളൂ. മറ്റുള്ള മർമങ്ങളൊന്നും കൃത്യമായി കണ്ടുപിടിക്കാൻപോലും സാധിക്കില്ല. അപ്പോൾ അവ ഒഴിവാക്കാൻ ശ്രമിക്കാറില്ല. അങ്ങനെ മർമപീഡ വരുന്നതിനും ഒരു പരിഹാരമായിട്ടാണ് പഞ്ചശിരസ്സ് സ്ഥാപിക്കാൻ പറയുന്നത്. ശരിക്ക് വാസ്തുബലിയും പഞ്ചശിരസ്സും സ്ഥാപിച്ചുകഴിഞ്ഞാൽ മാത്രമേ ഗൃഹം നമുക്ക് താമസയോഗ്യമാകുന്നുള്ളൂ.
പഞ്ചശിരസ്സ് ഏതെല്ലാം?
പഞ്ചശിരസ്സെന്നു പറഞ്ഞാൽ അഞ്ച് മൃഗശിരസ്സുകൾ. ഗജം, കൂർമം, വരാഹം, മഹിഷം, സിംഹം അങ്ങനെ അഞ്ചു മൃഗങ്ങളുടെ തലഭാഗം മാത്രം സ്വർണത്തിലുണ്ടാക്കിയതാണ് പഞ്ചശിരസ്സ്. ആറേകാൽ ഗ്രാം സ്വർണമാണ് ആകെ ഇതിന് വേണ്ടത്. ഓരോന്നിനും അരഗ്രാം സ്വർണം വീതം. പണ്ടത്തെ കണക്കിൽ അരപ്പണത്തൂക്കം. അത് പഞ്ചഗവ്യശുദ്ധി നടത്തി സ്ഥാപിക്കുക എന്നുള്ളതാണ് തത്ത്വം.
അഞ്ചുശിരസ്സ് (പഞ്ചശിരസ്ഥാപനം) എന്നതുകൊണ്ട് പഞ്ചഭൂതാത്മകമായിട്ടുള്ള തത്ത്വത്തെയാവണം സൂചിപ്പിക്കുന്നത്. അവയാണല്ലോ ചരാചരങ്ങളെയെല്ലാം നിലനിർത്തുന്നത്.
പഞ്ചശിരസ്ഥാപനം ലളിതമായിട്ടു ചെയ്യേണ്ട പ്രായശ്ചിത്ത കർമമാണ്. ഇതിനെപ്പറ്റി പറയുകയാണെങ്കിൽ, നമ്മൾ വീടുപണി തുടങ്ങിക്കഴിഞ്ഞാൽ പണി കഴിയുന്നതുവരെ ശാസ്ത്രപ്രകാരം അതു പണിക്കാരുടെ കൈയിലാണ്, അല്ലെങ്കിൽ പണിക്കാരുടെ സ്വന്തമാണ്. പണി കഴിയുമ്പോൾ നമ്മൾ അവർക്കുവേണ്ട സമ്മാനങ്ങളൊക്കെ കൊടുത്ത് അവരെ സന്തോഷിപ്പിച്ച് വീട് ഏറ്റെടുക്കുന്നു എന്നാണ് സങ്കല്‍പം. ഈ ഏറ്റെടുക്കലിന് ചടങ്ങൊന്നുമില്ല. പണിക്കാർക്ക് സമ്മാനം കൊടുക്കുക മാത്രമേയുള്ളൂ.
അങ്ങനെ ഏറ്റെടുത്തു കഴിഞ്ഞശേഷം വാസ്തുബലിയും പഞ്ചശിരസ്ഥാപനവും ചെയ്യുന്നു. പിറ്റേദിവസമാണ് ഗൃഹപ്രവേശം. ഗൃഹപ്രവേശദിവസം രാവിലെ ഗണപതിഹോമം നടത്തണമെന്നുണ്ട്. അതിന് രണ്ടു കാര്യമുണ്ട്. ഒന്ന് എല്ലാവർക്കും അറിയാവുന്ന ഗണപതിപ്രീതി. രണ്ടാമത്തേത് ആ തീയ് ഉപയോഗിച്ച് വേണം പാലു കാച്ചാൻ എന്നതാണ്.
ഗൃഹപ്രവേശത്തിന് അഷ്ടമംഗലത്തോടും കത്തിച്ച നിലവിളക്കോടും കൂടി ഗൃഹനാഥനും ഗൃഹനാഥയും മറ്റു കുടുംബാംഗങ്ങളും ഗൃഹത്തിനു പ്രദക്ഷിണം ചെയ്ത് പ്രധാന പ്രവേശനദ്വാരത്തിലൂടെ അകത്തേക്ക് പ്രവേശിക്കണം. പുരുഷന്മാർക്കും സ്ത്രീകൾക്കും രണ്ടു വിധത്തിലാണ് ഇതിന്റെ സമ്പ്രദായം പറയുക. പുരുഷന്മാർ വലത്തെ കാലുവച്ചും സ്ത്രീകൾ ഇടത്തെ കാലുവച്ചും കയറണം.
ഉള്ളിൽ പ്രവേശിച്ചു കഴിഞ്ഞുള്ള ആദ്യ ചടങ്ങ് പാലു കാച്ചുക എന്നതാണ്. പുലർച്ചെ ഗണപതിഹോമം കഴിച്ചല്ലോ. അതിന്റെ തീയ് പുതിയ അടുപ്പിലിട്ട് അതിൽ നിന്ന് ജനിക്കുന്ന അഗ്നികൊണ്ടാണ് പാലുകാച്ചൽ നടത്തേണ്ടത്. അതല്ലെങ്കിൽ ഗണപതിഹോമം നടത്തിയ അടുപ്പിൽത്തന്നെ പാലുകാച്ചുകയുമാവാം.
കാച്ചിയ പാൽ എല്ലാവർക്കും കൊടുത്ത് വന്നവരെ മുഴുവൻ സന്തോഷിപ്പിച്ച് വീട്ടിൽ താമസമാരംഭിക്കുക എന്നതാണ് തത്ത്വം. അതായത് ബന്ധുമിത്രാദികളെ സന്തോഷിപ്പിച്ചുകൊണ്ടുള്ള ഒരു ആഘോഷമാണ് വേണ്ടത് എന്നു പറയുന്നുണ്ട്. അതിനുവേണ്ടിയാണ് ഇഷ്ടജനങ്ങളെ ഉപചാരപൂർവം ക്ഷണിക്കുന്നത്.
എല്ലാവരും വീട്ടിൽ വരികയും നമ്മുടെ സ്നേഹോപചാരങ്ങളിൽ പങ്കെടുക്കുകയും വീടിന് ആശിസ്സുനേരുകയും ചെയ്യുമ്പോൾ ആ വാസസ്ഥലത്തിനും അതിൽ വസിക്കുന്നവർക്കും ആയുരാരോഗ്യസൗഖ്യം ലഭിക്കും.