പ്രധാനവാതിൽ, ഗെയ്റ്റ് സ്ഥാപിക്കുമ്പോൾ ദർശനം എങ്ങോട്ടാകണം?

Mail This Article
നമ്മൾ പടിഞ്ഞാറുവശത്തൊരു പടിപ്പുര പണിയുന്നുണ്ടെങ്കിൽ ആ പടിപ്പുരയുടെ ദർശനം കിഴക്കോട്ടാവണം. അതായത് വീട്ടിലേക്കാവണം. റോഡിലേക്കു പാടില്ല. പടിപ്പുരയുടെ ദർശനം എങ്ങനെ മനസ്സിലാക്കും എന്ന് ചോദിച്ചേക്കാം. വീടിന്റെ ദർശനം എങ്ങനെയാണ് മനസ്സിലാക്കുന്നത്? അത് മുഖ്യവാതിലിന്റെ സ്ഥാനം അനുസരിച്ചാണല്ലോ? അപ്പോൾ െഗയ്റ്റും അങ്ങനെ തന്നെ വേണം. പടിഞ്ഞാറുവശത്തു പണിയുന്ന പടിപ്പുര അഥവാ ഗെയ്റ്റ് പടിഞ്ഞാറ്റിയുടെ കണക്കനുസരിച്ച് പണിയണം. പടിഞ്ഞാറ്റിയുടെ ദർശനം എങ്ങോട്ടാണ്? അത് കിഴക്കോട്ടാണ്.
നമ്മൾ കാഴ്ചഭംഗിക്കായി പടിപ്പുരയോ െഗയ്റ്റോ പണിയുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, അതിന്റെ വാതിൽ അഥവാ ദർശനം വീടിനുള്ളിലേക്കാവണം എന്ന്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരം ശ്രദ്ധിച്ചു നോക്കിയിട്ടുണ്ടോ? അതിന്റെ മുഖം എങ്ങോട്ടാണ്? സംശയിക്കേണ്ട, വടക്കോട്ടു തന്നെയാണ്. തെക്കോട്ടല്ല. കാഴ്ച തെക്കോട്ടാവുമെന്നല്ലാതെ മുഖം വടക്കോട്ടാണ്.
അതായത് നമ്മൾ പടിഞ്ഞാറുവശത്തു വയ്ക്കുന്ന ഗെയ്റ്റിന്റെ മുഖം നമ്മുടെ വീട്ടിലേക്കായിട്ടാണ് കണക്കാക്കുക. കാരണം വീടിനോടു ബന്ധപ്പെട്ടിട്ടാണല്ലോ പടിപ്പുര വരുന്നത്. അല്ലാതെ റോഡിനോടു ബന്ധപ്പെട്ടിട്ടല്ല. വീട്ടിൽ നിന്നു പോവാനുള്ള മാർഗം, അല്ലെങ്കിൽ വീട്ടിലേക്കു വരാനുള്ള മാർഗം എന്നല്ലേ അതിന്റെ തത്ത്വം?

പടിപ്പുരയുടെ വാതിൽ തുറക്കേണ്ടത് അകത്തേക്കാണ് സൂത്രപ്പട്ടിക അപ്പോൾ പുറത്തു വരും. അല്ലെങ്കിൽ പുറത്തു നിന്ന് പൂട്ടാൻ സാധിക്കുകയുമില്ലല്ലോ.
വീടിന്റെ രണ്ടു വശത്തും ചിലേടങ്ങളിൽ മൂന്നു പുറത്തും റോഡുണ്ടായേക്കാം. ചിലേടങ്ങളിൽ നാലു ദിക്കിൽ നിന്നും ഉള്ളിൽ കടക്കാം. അങ്ങനെ വന്നാൽ മുന്നിൽ മാത്രമേ ഗെയ്റ്റ് പാടുള്ളൂ എന്നു പറയുന്നതിൽ എന്താണ് യുക്തിയെന്ന് ഒരു ചോദ്യകർത്താവിന് സംശയം. ഞാൻ പറഞ്ഞു: മുന്നിൽ മാത്രമേ പടിപ്പുര അഥവാ പ്രവേശനദ്വാരം. പാടുള്ളൂ എന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്? അങ്ങനെ ഒരിടത്തും പറയുന്നില്ല. ക്ഷേത്രം തന്നെ ഉദാഹരണമായെടുക്കാം. നാലു ദിക്കിലും ഗോപുരദ്വാരങ്ങളുണ്ടല്ലോ. അപ്പോൾ കിഴക്കാവാം എന്നു പറയുന്നതുപോലെ തന്നെ തെക്കുവശത്താവാം, പടിഞ്ഞാറു വശത്താവാം, വടക്കുവശത്തുമാവാം.