വീടുപണിയിൽ കട്ടിള വയ്ക്കുമ്പോൾ സ്ഥാനമുണ്ടോ? തെറ്റിയാൽ ദോഷമുണ്ടോ?

Mail This Article
വീടിന്റെ ദർശനവുമായി ബന്ധപ്പെട്ട ഒരു കാര്യമാണിത്. പ്രധാനപ്പെട്ട കട്ടിള വയ്ക്കുന്നതിന് പ്രത്യേകം സ്ഥാനമുണ്ട്. മധ്യത്തിലാണ് കട്ടിള വയ്ക്കേണ്ടതെങ്കിലും നേർമധ്യത്തിലല്ല വയ്ക്കുക. മധ്യത്തിൽ നിന്ന് അൽപം വിട്ട് വേണം വയ്ക്കാൻ. ഇത് ഗമനം പാലിക്കാനാണ്.
ഗമനം എന്നാൽ എന്താണ്? ഒരു വീടിന്റെ ദർശനമുഖത്തു നിന്ന് അതിന്റെ പിന്നിലേക്ക് മധ്യത്തിൽക്കൂടി ഒരു രേഖ കടന്നു പോകുന്നു എന്നു വിചാരിക്കുക. ആ രേഖയിൽ നിന്നുള്ള നീക്കത്തെയാണ് ഗമനമായി കണക്കാക്കുന്നത്. മധ്യം ഒഴിച്ചിടണമെന്ന് നേരത്തേതന്നെ പറഞ്ഞല്ലോ. അതിൽക്കൂടി സ്വതന്ത്രമായി വായു സഞ്ചരിക്കാനുള്ള തുറസ്സ് ഇടണമെന്നാണ് ശാസ്ത്രം. ഇത് വീട്ടിൽ പാർക്കുന്നവരുടെ ആരോഗ്യത്തെ വർധിപ്പിക്കും. കാരണം വീടിനുള്ളിൽ ശുദ്ധവായു കടക്കാനുള്ള പ്രവേശികയാണത്. കാറ്റും വെളിച്ചവും എത്രയധികം ലഭിക്കുന്നോ അത്രയും നല്ലതാണ്.
മധ്യത്തിൽ തടസ്സമായി വരുന്ന രീതിയിൽ ഒരു നിർമാണവും പാടില്ല എന്ന് നിഷ്കർഷിക്കുന്നുണ്ട്. നടുക്ക് പാടില്ല എന്നു പറഞ്ഞാല്‍ ഓരോന്നിന്റെയും മധ്യങ്ങൾ തമ്മിൽ മാറണം എന്നാണർഥം. ഉദാഹരണത്തിന് നാലുകെട്ടു പണിയുമെന്നു വിചാരിക്കുക. നാലുകെട്ടു പണിയുമ്പോൾ അതിന്റെ ഒത്ത മധ്യം എന്നു പറയുന്നത് നടുമുറ്റത്തിന്റെ മധ്യമാണല്ലോ. അവിടെ നിന്നു നാലുവശത്തേക്കും രേഖ വരച്ചാൽ നടുമുറ്റത്തിന്റെ പടിഞ്ഞാട്ടുള്ള രേഖയിൽ പടിഞ്ഞാറ്റിയുടെ മധ്യം വരാൻ പാടില്ല. അപ്പോൾ പറയും പടിഞ്ഞാറ്റിയുടെ മധ്യം നടുമുറ്റത്തിന്റെ മധ്യത്തിൽ നിന്ന് കുറച്ച് വടക്കോട്ടു നീക്കണം അല്ലെങ്കിൽ ഗമിപ്പിക്കണം എന്ന്. അപ്പോൾ നടുമുറ്റമധ്യത്തിൽ നിന്നു നോക്കുമ്പോൾ പ്രദക്ഷിണമായി പടിഞ്ഞാറ്റിയുടെ മധ്യം വലത്തോട്ടു മാറും. പിന്നെ അവിടെ വേണം കട്ടിള വയ്ക്കാൻ.
പടിഞ്ഞാറ്റിയുടെ മധ്യത്തിന്റെയും നടുമധ്യത്തിന്റെയും മധ്യത്തിൽ കട്ടിളമധ്യം വരുന്ന വിധത്തിൽ കട്ടിള വയ്ക്കണം എന്നാണ് ശാസ്ത്രം ഉപദേശിക്കുന്നത്. അപ്പോൾ ആ മൂന്നു രേഖകളും തമ്മിൽ വേധം വരില്ല. ഇങ്ങനെ എല്ലാ മധ്യങ്ങളും തമ്മിൽ ഗമനം വയ്ക്കുക പതിവുണ്ട്. പടിഞ്ഞാറുവശത്തൊരു കട്ടിള വയ്ക്കുകയാണെങ്കിൽ ആ കട്ടിളയും ഇതിനു നേരേ വരരുത്. കുറച്ചു മാറ്റി വയ്ക്കണം. കാഴ്ചയിൽ ഇത് നമ്മൾ അറിയില്ല. മധ്യം വളരെ സൂക്ഷ്മമായ അളവുകൾ കൊണ്ട് – യവം കൊണ്ടോ, അംഗുലം കൊണ്ടോ– അളന്നു മാറ്റുകയേ വേണ്ടൂ.
വേധം എന്നതിന്റെ ഉദ്ദേശ്യം ഒന്നിന്റെ മധ്യത്തിൽ വേറൊന്നിന്റെ വരാൻ പാടില്ല എന്നതാണ്. ഉദാഹരണത്തിന് ഒരു റോഡ് (വീഥി) നേരെ വരികയാണെങ്കിൽ ആ വീഥിമധ്യത്തിലാകരുത് കട്ടിളയുടെ മധ്യം. വേറൊരുതരത്തിൽ പറഞ്ഞാൽ വീഥിമധ്യത്തിലാവരുത് നമ്മുടെ ഗൃഹമധ്യം. അല്ലാതെ വീഥി നേരെ വന്നതുകൊണ്ട് തെറ്റൊന്നും പറയാൻ പറ്റില്ല.
വേധം എത്രത്തോളം കണക്കാക്കണംഎന്നു ചോദിച്ചേക്കാം. അതിന്റെ വണ്ണത്തിനും കണക്കുണ്ട്. ഒരു സൂത്രവണ്ണം എന്നു പറയാം. അത് ആനുപാതികമായി കൂടുകയോ കുറയുകയോ ചെയ്യാം. ധമനിയുടെ കാര്യം പറഞ്ഞതുപോലെ തന്നെ മൊത്തമുള്ള സ്ഥലത്തിന്റെ വലുപ്പമനുസരിച്ച് അതിന്റെ വണ്ണം കൂടുകയും കുറയുകയും ചെയ്യുമെന്നർഥം.
പറഞ്ഞുവന്നത് ഗമനം ഒഴിച്ച് വേണം കട്ടിളയുടെ സ്ഥാനം നിശ്ചയിക്കുവാൻ എന്നാണ്. ബാക്കിയുള്ളതൊക്കെ എങ്ങനെ വേണമെന്നു പിന്നീടാണ് തീരുമാനിക്കുക. അത്തരം കാര്യങ്ങൾ വീടിന്റെ പ്ലാനുമായി ബന്ധപ്പെട്ടാണു വരിക. വീടിനെ ഒമ്പതു ദളങ്ങളായി തിരിച്ച് അതിന്റെ ഓരോ ഭാഗങ്ങളിൽ വേണം കട്ടിളയും ജനലും വയ്ക്കാൻ എന്ന് ചിലർ പറയും. അതിന് ശാസ്ത്രത്തിന്റെ സൂചനകളെടുത്ത് പ്രമാണമുണ്ടാക്കാനും സാധിക്കും. പക്ഷേ അത് ഒട്ടും പ്രായോഗികമാവില്ലെന്നു മാത്രം. കാരണം രൂപകൽപന വരുമ്പോൾ ഒൻപത് പദങ്ങളായി തിരിച്ച് സ്ഥാനനിർണയം നടത്തുന്നത് പടിപ്പുര (ഗെയ്റ്റ്)കൾക്കാണ്; അല്ലാതെ കട്ടിളയ്ക്കല്ല എന്നു മനസ്സിലാക്കേണ്ടതാണ്.
നമ്മൾ എന്തിനാണ് വാതിലും ജനലും വയ്ക്കുന്നത്? പുറത്തു നിന്നുള്ള അമിത ചൂടും അധിക തണുപ്പും ഏൽക്കാതിരിക്കാനും ഉള്ളിലേക്ക് കാറ്റും വെളിച്ചവും കടന്നു വരാനും എന്നാണ് ശാസ്ത്രം പറയുന്നത്. അപ്പോൾ അതിനു വേണ്ട വിധത്തിൽ അതാതു പ്രദേശത്തേക്ക് യോജിച്ച രീതി അനുവർത്തിക്കുന്നതിൽ ഒരു തെറ്റും പറയാനില്ല. ഉദാഹരണത്തിന് ഇന്ത്യയ്ക്കു യോജിച്ചതാവില്ല യൂറോപ്പിൽ വേണ്ടി വരിക. എന്തിന്, കേരളത്തിൽത്തന്നെ വ്യത്യസ്ത ഭൂപ്രകൃതിയും കാലാവസ്ഥയും നിലനിൽക്കുന്നുണ്ടല്ലോ. വയനാട്ടില്‍ വേണ്ടതല്ല, തിരുവനന്തപുരത്ത് ആവശ്യം വരിക. അപ്പോൾ അതാതു സ്ഥലത്തിനു യോജിച്ചതിനനുസിച്ചു ചെയ്യണമെന്നു മാത്രമേയുള്ളൂ.