ഗൃഹാരംഭത്തിനും ഗൃഹപ്രവേശത്തിനും നല്ല മുഹൂർത്തം നോക്കണോ? മറിച്ചെങ്കിൽ ദോഷമോ?

Mail This Article
കുറ്റിയടിക്കൽ
ഗൃഹത്തിന്റെ സ്ഥാനം ഏകദേശം നിശ്ചയിക്കുക എന്നതാണ് ആദ്യം ചെയ്തത്. ഇനി ഇതിനെ കണക്കുപ്രകാരം കൃത്യസ്ഥാനമാക്കുകയാണ് വേണ്ടത്. അതിനാണ് കുറ്റിയടിക്കുക എന്നു പറയുന്നത്.
ശരിക്കു പറഞ്ഞാൽ കുറ്റിയടിക്കുന്ന ദിവസം ഒരു ദുർദിനമൊന്നുമാവണ്ട എന്നുള്ളതിൽക്കവിഞ്ഞ് അതിന് വലിയ പ്രാധാന്യം കൊടുക്കേണ്ട ആവശ്യമില്ല. എന്നാൽ അതാത് ദേശത്ത് നിലനിൽക്കുന്ന ആചാരമനുസരിച്ച് ചെയ്യുന്നതില്‍ ദോഷവുമില്ല. കാരണം വീടിനു നാലു മൂലയ്ക്കുമാണല്ലോ കുറ്റി നാട്ടുന്നത്. അങ്ങനെ കുറ്റിയടിച്ചാൽത്തന്നെ പണിയാൻ വരുമ്പോൾ ആ കുറ്റിയൊക്കെ മാറ്റിത്തറച്ചു വേണം അകത്തേക്കു കടക്കാൻ. അപ്പോൾ കുറ്റിയടിക്കുക എന്നു പറഞ്ഞാൽ കൃത്യസ്ഥാനമാക്കുക എന്നുള്ളതേയുള്ളൂ.
ഗൃഹാരംഭത്തിനാണെങ്കിൽ നല്ല സമയമൊക്കെ നോക്കണം. ഗൃഹപ്രവേശമാണെങ്കിലും വേണം. ഒരു പുതുജീവിതം അവിടെ തുടങ്ങുന്നു എന്ന മംഗളസന്ദർഭമാണല്ലോ അത്. അപ്പോൾ അതിനൊരു പ്രാധാന്യമുണ്ട്. ഗൃഹാരംഭവും ഗൃഹപ്രവേശവും ഒന്നു തന്നെയാണെന്ന് ചിലർ തെറ്റിദ്ധരിക്കാറുണ്ട്. ഗൃഹാരംഭം എന്നാൽ ഗൃഹനിർമാണത്തിന്റെ ആരംഭം എന്നാണ് അര്‍ഥമാക്കേണ്ടത്. ഗൃഹപ്രവേശം പാലുകാച്ചലും.
കല്ലിടീൽ

കുറ്റിയടിക്കൽ ഒരു ഗൃഹാരംഭം ആണെന്നു പറയാൻ പറ്റില്ല. പണിയാരംഭിക്കുക എന്നത് സാധാരണനിലയ്ക്ക് ആദ്യത്തെ കല്ല് വയ്ക്കുന്നതിനെയാണ് പറയുക. അതുതന്നെ പറഞ്ഞാൽ കല്ലുവയ്ക്കുമ്പോൾ അത് കൃത്യമായും ഗൃഹനിർമാണാരംഭമാണോ എന്ന് ചോദിച്ചാൽ അല്ലെന്നും പറയേണ്ടിവരും. കാരണം ഭൂമിയിൽ നിന്ന് മേൽപ്പോട്ടുള്ള ഭാഗത്തെ മാത്രമേ വീടിന്റെ അവയവമായി കണക്കാക്കുന്നുള്ളൂ. അതിനു കീഴ്പോട്ടുള്ളതൊക്കെ ഭൂമിക്കും വീടിനും ഉറപ്പുവരുത്താൻ െചയ്യുന്ന കാര്യങ്ങളാണ് എന്നാണ് ശാസ്ത്രം. അങ്ങനെ വരുമ്പോൾ ഭൂമിക്ക് അടിയിൽ പോകുന്ന അസ്തിവാരത്തിനുവേണ്ടിയുള്ള കല്ലിടുന്നതിനെ അത്ര പ്രധാനമായി കണക്കാക്കേണ്ട ആവശ്യമില്ല. പാദുകത്തിനുള്ള കല്ലിടലാണ് ശരിക്കുള്ള ആരംഭം എന്നാണ് കണക്കാക്കേണ്ടത്.
പക്ഷേ ഇന്ന് അസ്തിവാരത്തെയും പാദുകത്തെയും വ്യത്യസ്ത അംഗങ്ങളായി കണക്കാക്കുന്ന പതിവില്ല. അതുകൊണ്ട് എല്ലാവരും അസ്തിവാരത്തിന്റെ പണി തുടങ്ങുമ്പോൾത്തന്നെ പാദുകത്തിന്റെ സങ്കൽപം മനസ്സിൽക്കണ്ട് കല്ലിടുന്നു എന്നു മാത്രം. എന്തായാലും കുറ്റിയടിക്കുന്നതിനല്ല, കല്ലിടുക എന്നുള്ളതിനാണു കൂടുതൽ പ്രാധാന്യം.
അസ്തിവാരത്തിന്റെ കല്ലിടുന്നതിനെ വിശേഷമായിക്കണ്ടാലും തെറ്റു പറയാൻ പറ്റില്ല എന്നാണ് പറഞ്ഞതിന്റെ ചുരുക്കം. അതുകൊണ്ട് അത് നല്ല ദിവസം നോക്കി, നല്ല സമയം നോക്കി ചെയ്യാമെന്നാണ് പറയേണ്ടത്. ഗൃഹനാഥന്റെ അഥവാ ഗൃഹനാഥയുടെ നക്ഷത്രത്തിന് യോജിച്ചതും അഷ്ടമരാശിക്കൂറ് ഒഴിവാക്കിയുമുള്ള മുഹൂർത്തമാണ് ഗൃഹാരംഭത്തിന് നിശ്ചയിക്കേണ്ടത്.
മുഹൂർത്തം ഗൃഹനാഥനു യോജിച്ചതാണോ എന്നു നോക്കണം. കാരണം ആ വ്യക്തിയാണവിടെ നിർമാണം തുടങ്ങുന്നത്. ഗൃഹപ്രവേശമായാലും അതാണ് പരിഗണിക്കുക. ഗൃഹനാഥനു യോജിക്കുന്ന മുഹൂർത്തം നിശ്ചയിച്ചശേഷം അതനുസരിച്ച് കല്ലിടുക.
സാധാരണ പണ്ടുമുതൽക്കേ ദേശാചാരമനുസരിച്ച് പ്രധാന ആശാരിയോ കല്ലാശാരിമാരിലെ പ്രധാനിയോ ആണ് കല്ലിടുന്ന ചടങ്ങ് നിർവഹിക്കുക. അത് അവരുടെ ചുമതലയാണ്. പണി തുടങ്ങിവയ്ക്കലാണല്ലോ അത്. യുക്തികൊണ്ടു ചിന്തിച്ചാലും അവരല്ലേ അതു വേണ്ടത്? ഇക്കാലത്ത് അമ്പലത്തില്‍ നിന്ന് പൂജാരിയെ വരുത്തി കല്ല് പൂജിച്ച് കർമം നിർവഹിക്കുന്നവരുമുണ്ട്. അതിനും തെറ്റു പറയാൻ പറ്റില്ല.
കല്ലിടുമ്പോൾ സ്വർണശകലം വയ്ക്കണമെന്ന് ശാസ്ത്രം പറയുന്നില്ല. അത്തരത്തിൽ ഒരു കർമം ഗൃഹപ്രവേശ സമയമാകുമ്പോൾ മാത്രമേ നടത്താറുള്ളൂ. അതിന് പഞ്ചശിരസ്ഥാപനം എന്നാണ് പറയുക. ചിലർ കട്ടിളയുടെ അടിയിൽ സ്വർണം വയ്ക്കുന്നത് കണ്ടിട്ടുണ്ട്. അതൊന്നും തത്ത്വത്തിലില്ലാത്തതാണ്. കട്ടിള വയ്ക്കുന്നതിനു പ്രാധാന്യമുണ്ട്. എന്നാൽ അതിന്നടിയിൽ സ്വർണം വയ്ക്കുക എന്നുള്ളത് പ്രധാനമല്ല. സാധാരണ ക്ഷേത്രങ്ങളിലാണ് കട്ടിളയ്ക്കടിയിൽ ഗർഭന്യാസം മുതലായതു ചെയ്യുക. അല്ലാതെ വീടുകൾക്കതു പതിവില്ല.