Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാടകമണ്ണിൽ വരുമാനം കൊയ്യുന്നവർ

paddy-farming-by-kudumbasree ഒന്നുമില്ലായ്മയിൽനിന്ന് വാടകക്കൃഷിയിലൂടെ നേടിയ സമ്പാദ്യംകൊണ്ട് ഒന്നരയേക്കർ വയൽ വാങ്ങിയ തൃശൂർ മുല്ലശ്ശേരി പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളായ നാൽവർ സംഘം. ബിന്ദു, ഷീബ, മല്ലിക, ശ്രീജ എന്നിവർ സ്വന്തം വയലിനരികിൽ. ഈ വർഷം 22 ഏക്കറിലാണ് ഇവരുടെ വാടകക്കൃഷി.

കാർഷിക വികസന നയരൂപീകരണത്തിനായി സംസ്ഥാന സർക്കാർ നിയോഗിച്ച സമിതി 2015ൽ സമർപ്പിച്ച കരടുനയത്തിൽ പാട്ടക്കൃഷി സംബന്ധിച്ച് ഇങ്ങനെ കാണുന്നു.

'കേരളത്തിൽ ഭൂമി തരിശായി ഇടുന്ന രീതി സമിതിയുടെ ശ്രദ്ധയിൽപ്പെട്ട ദൗർഭാഗ്യകരമായ ഒരു പ്രവണതയാണ്. പാട്ടത്തിനു ഭൂമി നൽകാനുള്ള ഉടമസ്ഥരുടെ ഭയമാണ് ഇതിനു കാരണം. അതിനാൽ ഉടമസ്ഥാവകാശം പൂർണമായും സംരക്ഷിച്ചുകൊണ്ടുതന്നെ ഭൂമി കൃഷിയാവശ്യങ്ങൾക്കായി പാട്ടത്ത‍ിനു ലഭ്യമാക്കാൻ സഹായിക്കുന്ന പദ്ധതികൾക്ക് രൂപം കൊടുക്കാൻ അടിയന്തരമായി സർക്കാർ ഇടപെടണം (കൃഷിഭൂമിയുമായി ബന്ധപ്പെട്ട നയങ്ങൾ).

കാർഷിക നയത്തിന്മേലുള്ള നടപടികൾ രാഷ്ട്ര‌ീയ തീരുമാനമായതിനാൽ ആ വഴിക്കുള്ള ചർച്ച വിടാം. പകരം കേരളത്തിൽ വാടകഭ‌‌ൂമിയിലെ കൃഷി സംബന്ധിച്ച് 2015ലെ ഈ റിപ്പോർട്ടിലുൾപ്പെടെ ദീർഘകാലമായി ചൂണ്ടിക്കാണിക്കപ്പെടുന്ന സാധ്യതകൾ വിലയിരുത്താം. (ജന്മി–ക‌ുടിയാൻ ബന്ധത്തിന്റെ പശ്ചാത്തലമുള്ളതിനാൽ പാട്ടക്കൃഷി എന്ന വാക്കിനു പകരം വാടകക്ക‍ൃഷി എന്നും പാട്ടത്തിന് വാടക എന്നും പ്രയോഗിക്കുന്നതാവും ഇനി ഉചിതം).

വായിക്കാം ഇ - കർഷകശ്രീ

ഭൂപരിഷ്കരണം നടപ്പ‍ാക്കിയെങ്കിലും അതുവഴി ലക്ഷ്യമിട്ട കാർഷിക പുരോഗതി കേരളത്തിലുണ്ടായില്ലെന്നതു ചരിത്രം. കൃഷിയിൽനിന്നു പ്രവാസജീവിതത്തിലേക്കും വൈറ്റ് കോളർ ജോലികളിലേക്കുമെല്ലാം പിൽക്കാല തലമുറ വഴിമാറിയതുതന്നെ പ്രധാന കാരണം. എന്നാൽ കേരളാമോഡൽ എന്നു വിശേഷ‌ി‌പ്പിക്കപ്പെട്ട സാമ്പത്തിക പരിണാമത്തിലേക്കു നമ്മെ നയിച്ചത് ഈ മാറ്റമാണെന്നതു കാണാതിരുന്നുകൂടാ.

പ്രധാനപ്പെട്ട ചോദ്യം ഇതാണ്. ഒരോ നാടിനും സംഭവിക്കുന്ന സാമൂഹികവും സാംസ്കാരികവുമായ പരിണാമങ്ങളെ പരിഗണിക്കാതെ പഴമയെ താലോലിച്ചുമാത്രം നാം കഴിഞ്ഞു കൂടണോ? കേരളത്തിലെ മുഴുവൻ ജനങ്ങളും കൃഷി ചെയ്യണം എന്നു നാം വാശിപിടിക്കേണ്ടതുണ്ടോ? മുഴുവൻ കുട്ടികളും ഡോക്ടറാവണം, അതല്ലെങ്കിൽ നഴ്‌സോ എൻജിനീയറോ അധ്യാപകനോ ആയി മാറണം എന്നും ചിന്തിക്കുന്നതുപോലെ യുക്തിരഹിതമായ കാര്യമല്ലേ അതും? കൃഷി ചെയ്യാൻ ബുദ്ധിയും പ്രതിഭയും വേണ്ടെന്നും അതുകൊണ്ടുതന്നെ കൃഷി തൊഴിലായി ആരും തിരഞ്ഞെടുക്കുകയല്ല, അതിലേക്കിറങ്ങാൻ നിർബന്ധിതരാകുകയാണ് എന്നുമൊരു ചിന്ത മുമ്പുണ്ടായിരുന്നു.

എന്നാൽ കാലം മാറുകയാണ്. കയ്യിലെ കാശിന്റെ ബലത്തിൽ തട്ടിമുട്ടി എംബിബിഎസ് എടുത്ത പലർക്കും ചിക‌ിൽസിക്കാനുള്ള ആത്മവിശ്വാസവും പ്രതിഭയുമില്ലെന്നും ഇവരെത്തേടി രോഗികളാരും എത്തില്ലെന്നുമുള്ള സാമൂഹികയാഥാർഥ്യം നമ്മുടെ കണ്മുന്നിലുണ്ട്. കൃഷിയും ഇന്ന് ഈ സാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നു.

‌കയ്യിൽ ഏക്കറുകണക്കിനു കൃഷിഭൂമിയുണ്ടായിട്ടും അതു യുക്തിപൂർവം വിനിയോഗ‌ിച്ച് മികച്ച ലാഭം നേടുന്നവർ ചുരുക്കം. അതേസമയം അഞ്ചു സെന്റും പത്തു സെന്റും മാത്രമുള്ളവർ കാർഷിക സംരംഭങ്ങളിലൂടെ നേട്ടം കൊയ്യുന്നുമുണ്ട്. അതായത്, കർഷകർ പലരും കാർഷിക സംരംഭകരായി മാറിയിരിക്കുന്നു. എന്നാൽ അഭിരുചിയും പ്രതിഭയുമുണ്ടെങ്കിൽ മാത്രമേ ഏതു സംരംഭകനും വിജയിക്കാൻ കഴിയുകയുള്ളൂ. കാർഷിക സംരംഭകനും ഇതു ബാധകമാണ്.

അതായത്, എല്ലാവരെയും കൃഷിക്കാരാക്കുന്നതിനു പകരം അതിൽ പ്രതിഭയുള്ളവർക്കു വ‍ഴിയൊരുക്കാനാവണം സമൂഹം ഇനി ശ്രമിക്കേണ്ടത്. കേരളത്തിലെ വാടകക്കൃഷിയുടെ വരുംകാല പ്രസക്തിയും ഇതാണ്. കൃഷി ചെയ്യ‌ാൻ‌ താൽപര്യമില്ലാത്തവരുടെ ഭൂമിയും തരിശുകിടക്കുന്ന സർക്കാർ ഭൂമിയുമെല്ലാം പ്രതിഭാസമ്പന്നരായ കൃഷിക്കാരിലേക്ക് എത്തട്ടെ.

ഭൂമിശാസ്ത്രപരമായി മൊത്തം 38.86 ലക്ഷം ഹെക്ടറാണ് കേരളത്തിന്റെ ഭൂവിസ്തൃതി. ഇതിൽ 20.50 ലക്ഷം ഹെക്ടർ, അതായത് 52 ശതമാനം സ്ഥലത്താണ് കൃഷിയുള്ളത്. തോട്ടം മേഖലയിലൊഴികെ വിസ്തൃതമായ കൃഷിഭൂമി കൈവശമുള്ളവർ ഇന്നു കുറവാണ്.

paddy-farming-by-cherian-thomas നൂറ്റിനാൽപതേക്കർ വയൽ വാടകയ്ക്കെടുത്ത് നെൽക്കൃഷി ചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ മേപ്രാൽ നെടുന്തറയിൽ ചെറിയാൻ തോമസ്.

കേരളത്തിലെ 66.5 ലക്ഷം കൃഷിയിടങ്ങളിൽ 95.17 ശതമാനത്തിനും ഒരു ഹെക്ടറിൽ താഴെയാണ് വിസ്തൃതി. ഇവയിൽ നല്ല പങ്കും അഞ്ച് സെന്റിനും 25 സെന്റിനും ഇടയിൽ മാത്രം വിസ്തൃതിയുള്ളവയാണ്. ഇത്തരം തുണ്ടുഭൂമിയിലും കൃഷിയും കോഴി, ആട്, പശു, കൂൺ, തേൻ, മൽസ്യം, പന്നിവളർത്തലുമായി മികച്ച വരുമാനം നേടുന്നവരുണ്ട്. അതേസമയം തുണ്ടുകൃഷിയിടത്തിൽ നെല്ല്, പച്ചക്കറി തുടങ്ങിയവ ചെയ്യുന്നത് അത്ര ആദായകരമല്ലാത്തതിനാൽ ഉടമകൾ തരിശിടുകയും ചെയ്യുന്നു. എന്നാൽ സമർഥരും പ്രതിഭാശാലികളുമായ ഒട്ടേറെ സാധാരണ കർഷകർ ഇത്തരം തുണ്ടുകൃഷിയിടങ്ങൾ ഒരുമിച്ച് വാടകയ്ക്കെടുത്ത് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതും നല്ല ലാഭമുണ്ടാക്കുന്നതും ഇന്നു വ്യാപകമായി കാണാം.

വാഴ, പൈനാപ്പിൾ, കപ്പ, നെല്ല്, പച്ചക്കറി എന്നീ വിളകളിലാണ് വാടകക്കൃഷിരീതി കൂടുതലുമുള്ളത്. ഏത്തവാഴക്കൃഷിയിൽ പത്തുവർഷത്തിനിടയിൽ കേരളത്തിൽ 54 ശതമാനം വളർച്ചയുണ്ടായത് വാടകക്കൃഷിയുടെ ബലത്തിൽത്തന്നെ.

തൊണ്ണൂറുകൾ മുതൽ നെൽവയൽ തരിശിടലിന്റെ വേഗവും വ്യാപ്തിയും വർധിക്കുകയും ഉൽപാദനത്തിൽ കനത്ത ഇടിവുണ്ടാകുകയും ചെയ്തു. എന്ന‍ാൽ കുടുംബശ്രീ ഉൾപ്പെടെ സ്വയംസഹായ സംഘങ്ങളും യുവാക്കളും അടുത്ത കാലത്തു വാടകക്കൃഷിയിൽ സജീവമായതോടെ കാലങ്ങളായി തരിശു കിടന്ന വയലുകൾ പലതും കതിരണിഞ്ഞു തുടങ്ങി.

ഡെയറി ഫാം, പോളിഹൗസ്, പിഗറി യൂണിറ്റ് എന്നിവയൊക്കെ വാടകയ്ക്കെടുക്കാൻ ഇന്നു പലരും മുന്നോട്ടുവരുന്നുണ്ട്. ഇത്തരം സംരംഭങ്ങൾക്ക് അടിസ്ഥാന സൗകര്യമൊരുക്കാൻ വേണ്ടിവരുന്ന കനത്ത ചെലവ് ഒഴിവാക്കാമെന്നതാണ് മുഖ്യ നേട്ടം. സംരംഭം പാളിയാൽത്തന്നെ കനത്ത നഷ്ടമുണ്ടാകുന്നുമില്ല.

‌തൊഴിലാളിക്ഷാമം, വർധിച്ചുവരുന്ന കൂലിച്ചെലവ്, ഉൽപാദനോപാധികളുടെ വിലവർധന, ഇടനിലക്കാരുടെ ചൂഷണം എന്നിവയെല്ലാം ചെറുകിട കർഷകർക്കു വെല്ലുവിളികളാണ്. വാടകനിലങ്ങളിൽ സംഘം ചേർന്നോ ഒറ്റയ്ക്കോ കൃഷിയും ഉൽപാദനവും വാണിജ്യവൽക്കരിക്കുന്നതിലൂടെ ഈ തടസ്സങ്ങൾ നേരിടാൻ കൃഷിക്കാർക്കു കഴിയുന്നു.

വാടകയ്ക്കു നൽകിയാൽ ഭൂമി കൈവിട്ടു പോകുമെന്നു ഭയക്കുന്നവർ ഇന്നുമുണ്ട്. ഇവിടെയാണ് തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടലിനു പ്രസക്തി. സ്വന്തം ഭരണപരിധിയിൽ വാടകക്കൃഷിക്കു പറ്റിയ ഭൂമിയും മറ്റും സൗകര്യങ്ങളും, ഉടമയ്ക്കും വാടകക്കാരനും സുരക്ഷിതമായ വ്യവസ്ഥകളോടെ കൈമാറാനുള്ള ചുമതല ഈ തദ്ദേശ ഭരണസംവിധാനങ്ങൾ നിർവഹിക്കട്ടെ.

കാർഷികോൽപാദനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാരിനു കീഴിലുള്ള നീതി ആയോഗ് തയാറാക്കി സംസ്ഥാനങ്ങളുടെ അഭിപ്രായത്തിനു വിട്ടിരിക്കുന്ന 'മാതൃകാ ഭൂമി പാട്ടത്തിനു നൽകൽ നിയമ'ത്തിലും ഈ നിലപാടാണുള്ളത്. തരിശിട്ടിരിക്കുന്ന ഭൂമി സർക്കാർ നിയന്ത്രണത്തിലുള്ള ഭൂബാങ്കിൽ നിക്ഷേപിക്കാൻ ഉടമസ്ഥന് അവസരം, ഭൂമി പണയപ്പെടുത്താതെ കൃഷിക്കാരനു വായ്പ ലഭിക്കാനുള്ള അവസരം എന്നിവയെല്ലാം നിർദിഷ്ട നിയമത്തിലുണ്ട്.