Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനില വില വാനോളം

vanilla പച്ച വനില ബീൻസ്

വനിലയ്ക്കു റെക്കോർഡ് വില. ഒരു കിലോഗ്രാം ഉണക്ക ബീൻസിനു 40,000 രൂപ വരെയാണ് വില. പച്ച ബീൻസിന് 7,000 രൂപ വരെ.വനിലയുടെ പ്രധാന ഉൽപാദന കേന്ദ്രമായ മഡഗാസ്കറിൽ കാലാവസ്ഥ വ്യതിയാനം മൂലം വനില നശിച്ചതോടെയാണു രാജ്യാന്തര വിപണിയിൽ വില ഉയർന്നതെന്നു സ്പൈസസ് ബോർഡ് അധികൃതർ സൂചിപ്പിച്ചു.  വില  റെക്കോർഡിൽ എത്തിയതോടെ പ്രധാനപ്പെട്ട പല ഏജൻസികളും വിപണിയിൽനിന്ന് പിൻവാങ്ങിയിരിക്കുകയാണ്.

എന്നാൽ ഗുണമേന്മ അനുസരിച്ച് 35,000–40,000 രൂപ എന്ന മോഹവിലയ്ക്ക് ഇപ്പോഴും ചില ഏജൻസികൾ വനില എടുക്കുന്നുണ്ട്. ചെറുകിട കർഷകർ മിക്കവരും കൈവശമുള്ളതു വിറ്റുകഴിഞ്ഞു. എന്നാൽ ചില വൻകിട കർഷകരുടെ കൈയിൽ 10 വർഷത്തിലേറെയായി സൂക്ഷിച്ചത് ഇപ്പോഴുമുണ്ട്.

ഒരു മാസം നീളുന്ന സവിശേഷ സംസ്കരണ പ്രക്രിയയാണു വനില ഉണക്കിയെടുക്കൽ. ഇത് എത്രകാലം വേണമെങ്കിലും കേടാകാതെ സൂക്ഷിക്കാം. 12 വർഷം മുൻപു വനിലയുടെ വില ഇടിഞ്ഞ് ഉണങ്ങിയതിന് 700 രൂപയും പച്ചയ്ക്ക് 20 രൂപയും എത്തിയിരുന്നു. ജൂലൈയോടെ രാജ്യാന്തര വിപണിയിൽ പുതിയ വനില എത്തുന്നതോടെ വിലയിൽ വ്യത്യാസം ഉണ്ടാകുമെന്ന് സ്പൈസസ് ബോർഡ് കരുതുന്നു.