Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടുവൊടിച്ച് വിലത്തകർച്ച; നെഞ്ചു തകർന്ന് കർഷകർ

black-pepper കുരുമുളക്

കാർഷിക വിളകളെല്ലാം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിലയിലേക്കു കൂപ്പുകുത്തിയതോടെ ഇടുക്കിയിലെ കർഷകർക്ക് ഇതു പഞ്ഞം നിറഞ്ഞ മഴക്കാലം. ഉൽപാദന ചെലവ് കൂടിയതോടെ കർഷകർക്കു നഷ്ടക്കണക്കുകൾ മാത്രമാണുള്ളത്.

കുരുമുളക്
കഴിഞ്ഞ ഒരാഴ്ചയോളമായി കുരുമുളകിനു കിലോഗ്രാമിനു 490 രൂപയാണു കർഷകർക്കു ലഭിക്കുന്നത്. ഈ സീസണിൽ 700 രൂപ വരെയെത്തിയ കുരുമുളകുവില പിന്നീട് 480ലേക്ക് കൂപ്പുകുത്തിയശേഷം കിലോഗ്രാമിനു 10 രൂപ മാത്രമാണ് ഉയർന്നത്. വരും ദിവസങ്ങളിൽ വില കുറയുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. കേരളത്തിൽ ഉൾപ്പെടെ ഉൽപാദനം കുറഞ്ഞതിനാൽ കുരുമുളക് ഇറക്കുമതി ചെയ്യാൻ തുടങ്ങിയതാണ് കർഷകരുടെ കണ്ണീർ വീഴാൻ കാരണം. ഗുണനിലവാരം കുറഞ്ഞ കുരുമുളക് വില കുറച്ച് ലഭ്യമായിത്തുടങ്ങിയതോടെയാണ് മികച്ച ഗുണനിലവാരം ഉണ്ടായിട്ടും കേരളത്തിൽനിന്നുള്ള കുരുമുളക് വിലയിടിവിനെ നേരിടുന്നത്. കഴിഞ്ഞവർഷം ൽ 730 രൂപ വരെ ലഭിച്ചിരുന്നു. ഇത്തവണ 700 രൂപയ്ക്കു മുകളിൽ എത്തുകയും ചെയ്തതിനാൽ റെക്കോർഡ് വില ലഭിക്കുമെന്ന വിശ്വാസത്തിൽ ഭൂരിഭാഗം കർഷകരും ഉൽപന്നം വിൽക്കാതെ സൂക്ഷിച്ചുവച്ചു. എന്നാൽ കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് കഴിഞ്ഞമാസം വില ഇടിയുകയായിരുന്നു.

ഏലം
കഴിഞ്ഞ സീസണിൽ കിലോയ്ക്ക് 1500 രൂപ വരെ ഉയർന്ന ഏലത്തിന്റെ വില ഇൗ സീസൺ ആരംഭിച്ചതോടെ 700 രൂപ വരെയായി താഴ്ന്നിരുന്നു. ഇപ്പോൾ കിലോയ്ക്ക് 900 രൂപയിലെത്തിയെങ്കിലും ഒരു കിലോ ഏലയ്ക്ക ഉൽപാദിപ്പിക്കുന്നതിന് കുറഞ്ഞത് 750 രൂപ വരെ ചെലവു വരുമെന്നു കർഷകർ പറയുന്നു. അടുത്ത നാല് മാസമാണ് ഏലത്തിന്റെ ഉൽപാദന കാലയളവ്.

ഗ്രാമ്പൂ
രണ്ട് മാസം മുൻപുവരെ കിലോയ്ക്ക് 800 രൂപ വിലയുണ്ടായിരുന്ന ഗ്രാമ്പൂവിന് 610 രൂപയായി കുറഞ്ഞു.

ഇഞ്ചി
ഇഞ്ചിക്കു പുറമേ ചുക്കിനും വില താഴ്ന്നതും ഇരുട്ടടിയായി.

അടയ്ക്ക
കിലോയ്ക്ക് 200 രൂപയായിരുന്ന അടയ്ക്കവില 140 ആയി കുറഞ്ഞു. മറയൂർ, മാങ്കുളം മേഖലകളിലാണ് ഏറ്റവുമധികം കമുക് കൃഷിയുണ്ടായിരുന്നത്. വില കുറഞ്ഞതോടെ ഇവിടങ്ങളിൽ കർഷകർ മറ്റ് ഹ്രസ്വകാല വിളകളിലേക്ക് ചുവട് മാറിത്തുടങ്ങി.

മഞ്ഞൾ
മലഞ്ചെരിവുകളിൽ സമൃദ്ധമായി വളരുന്ന മഞ്ഞളിന്റെ വില കിലോയ്ക്ക് 140ൽനിന്നു 110 ആയി കുറഞ്ഞു. കാപ്പിക്കർഷകരും പ്രതിസന്ധിയിലാണ്.

കാപ്പിക്കുരു
കിലോയ്ക്ക് 85 രൂപ വരെ വിലയുണ്ടായിരുന്ന കാപ്പിക്കുരുവിന്റെ വില നിലവിൽ 68 രൂപയാണ്.

coffee-bean കാപ്പിക്കുരു

കൊക്കോ
കൊക്കോയ്ക്കും വിലത്തകർച്ചയാണ്. നിത്യോപയോഗ സാധനങ്ങളുടെയും നിർമാണ സാമഗ്രികളുടെയും വില നാൾക്കുനാൾ വർധിക്കുമ്പോഴാണ് കാർഷിക വിളകൾക്ക് വില കുത്തനെ ഇടിയുന്നത്.

ഉൽപാദന ചെലവും ഓരോ ദിവസവും വർധിക്കുകയാണെന്നും ഇനിയെത്രനാൾ ഈ വിധം മുന്നോട്ടുപോകുമെന്നറിയില്ലെന്നും കുടിയേറ്റ കർഷകർ ഒരേ സ്വരത്തിൽ പറയുന്നു. ബാങ്ക് വായ്പയെടുത്തും സ്വർണം പണയം വച്ചും വട്ടിപ്പലിശയ്ക്ക് പണം കടമെടുത്തും കൃഷിയിറക്കിയവർ കടക്കെണിയിലായി. പലരും ജപ്തിഭീഷണിയിലാണ്. 

ഏലത്തിനും കുരുമുളകിനും തറവില നിശ്ചയിക്കണമെന്ന കർഷകരുടെ ആവശ്യത്തിന് കുടിയേറ്റ കാലത്തോളം പഴക്കമുണ്ടെങ്കിലും അധികൃതർ ഇപ്പോഴും അവഗണന തുടരുകയാണ്.

കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അനവധി കർഷക സംഘടനകൾ ജില്ലയിൽ നിലവിലുണ്ടെങ്കിലും ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ പോഷക സംഘടനകളായി ഈ സംഘടനകൾ മാറിയെന്നാണ് കർഷകരുടെ ആരോപണം.

അനുരാജ് ഇടക്കുടി