Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുഗന്ധവ്യഞ്‌ജന കയറ്റുമതിയുടെ കണക്കിനും സുഗന്ധം

spices

സുഗന്ധവ്യഞ്‌ജന കയറ്റുമതി അളവിലും മൂല്യത്തിലും റെക്കോർഡ് കൈവരിച്ചതായി കണക്കുകൾ. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 9,47,790 ടൺ സുഗന്ധവ്യഞ്‌ജനങ്ങളാണു കയറ്റുമതി ചെയ്‌തത്. മുൻ വർഷത്തെക്കാൾ 1,04,535 ടൺ കൂടുതൽ. അളവിലെ വർധന 12.4 ശതമാനമായിരുന്നെങ്കിൽ മൂല്യത്തിലെ വർധന രൂപയുടെ അടിസ്‌ഥാനത്തിൽ ഒൻപതു ശതമാനവും ഡോളർ കണക്കിൽ ആറു ശതമാനവും. കയറ്റുമതി മൂല്യം 17,664.61 കോടി രൂപയിലേക്കാണ് ഉയർന്നത്. മുൻവർഷം ഇത് 16,238 കോടി രൂപ മാത്രമായിരുന്നു. കനത്ത വെല്ലുവിളികൾ നിലനിൽക്കെയാണു മികച്ച നേട്ടം കൈവരിച്ചത് എന്നതു കണക്കുകൾക്കു കൂടുതൽ സുഗന്ധമേകുന്നു.

വായിക്കാം ഇ - കർഷകശ്രീ

മുളക്, ജീരകം എന്നിവയാണു കയറ്റുമതിയിൽ മുന്നിട്ടുനിന്നത്. മഞ്ഞളിനു മൂന്നാംസ്‌ഥാനം ലഭിച്ചു: 1241 കോടി രൂപയ്‌ക്ക് 1,16,500 ടൺ മഞ്ഞൾ കയറ്റുമതി ചെയ്യുകയുണ്ടായി. ജാതിക്ക, ജാതിപത്രി എന്നിവയുടെ കയറ്റുമതിയിൽ 25 ശതമാനം വർധനയുണ്ടായതും ശ്രദ്ധേയ നേട്ടമാണ്.

റബർ

കാലാവസ്‌ഥ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്പടിയിൽനിന്നുള്ള യുഎസ് പിന്മാറ്റവും ഖത്തറിനെതിരെ ഏതാനും രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധവും ജൂൺ ആദ്യം റബറിന്റെ വിപണിയിലും പ്രത്യാഘാതമുണ്ടാക്കിയിരുന്നു. രാജ്യാന്തരവിപണിയിലെ വിലത്തകർച്ചയുടെ പ്രത്യാഘാതം ആഭ്യന്തരവിപണിയിലും അനുഭവപ്പെടാതിരുന്നില്ല. എന്നാൽ വൈകാതെ രാജ്യാന്തരവിപണിയിൽ വില ഉയരാൻ തുടങ്ങിയപ്പോൾ ആഭ്യന്തരവിപണിയിലും അതിന്റെ പ്രതിഫലനം കണ്ടു.

ഈ റിപ്പോർട്ട് തയാറാക്കുമ്പോൾ കൊച്ചിയിൽ ആർഎസ്‌എസ് നാലിന്റെ വില ക്വിന്റലിന് 12,200 രൂപയും ആർഎസ്‌എസ് അഞ്ചിന്റെ വില 11,950 രൂപയുമാണ്. അവധിവില: ഓഗസ്‌റ്റ്–12,585; സെപ്‌റ്റംബർ–12,589 രൂപ.

കുരുമുളക്

കുരുമുളകു വിപണിയിൽ ഇന്ത്യയെ തകർക്കുന്ന വിയറ്റ്‌നാം തന്ത്രം തുടരുകയാണ്. ഇന്ത്യയിൽനിന്നുള്ള കുരുമുളകിന്റെ പകുതിയിലും കുറഞ്ഞ വിലയ്‌ക്കാണു രാജ്യാന്തരവിപണിയിൽ ഇപ്പോൾ വിയറ്റ്‌നാമിന്റെ വിൽപന. രാജ്യാന്തരവിപണിയിൽ ഇന്ത്യൻ കുരുമുളകിനു ടണ്ണിന് 8200 യുഎസ് ഡോളറിനടുത്താണു വില. വിയറ്റ്‌നാമിന്റെ വിൽപനയാകട്ടെ 3400 ഡോളറിനും.

ശ്രീലങ്ക വഴിയാണു വിയറ്റ്‌നാം കുരുമുളക് ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത്. ഇക്കഴിഞ്ഞ ജനുവരി–മാർച്ച് കാലയളവിൽ വിയറ്റ്‌നാമിൽനിന്ന് 960 ടൺ കുരുമുളക് ശ്രീലങ്കയിൽ എത്തുകയുണ്ടായി. ഇതു മുഴുവൻ ഇന്ത്യയിലേക്കു കടത്തിയിട്ടുണ്ടാകുമെന്നു സംശയിക്കുന്നു.

ആഭ്യന്തരവിപണിയിൽ ഗാർബിൾഡ് ഇനം കുരുമുളകിന്റെ വില ക്വിന്റലിന് 50,500 രൂപവരെ താഴ്‌ന്നിരിക്കുകയാണ്; അൺഗാർബിൾഡിന്റെ വില 48,500 രൂപവരെയും.

കശുവണ്ടി

കുരുമുളക് എന്നപോലെ കശുവണ്ടിപ്പരിപ്പും വൻതോതിൽ ഇന്ത്യയിലേക്കു കടത്തുന്നതായി റിപ്പോർട്ടുണ്ട്. ഗുണനിലവാരം കുറഞ്ഞ ഇത് ഇന്ത്യൻ കശുവണ്ടിപ്പരിപ്പുമായി കലർത്തി കയറ്റുമതി ചെയ്യുകയാണു ലക്ഷ്യം.

മാസം 15 കോടി രൂപയുടെ വിയറ്റ്‌നാം പരിപ്പ് കേരളത്തിൽ എത്തുന്നുണ്ടെന്നാണു കശുവണ്ടി വികസന കോർപറേഷനു ലഭിച്ചിട്ടുള്ള വിവരം.

വെളിച്ചെണ്ണ

coconut-oil

തമിഴ്‌നാട്ടിൽനിന്നു കൊപ്രയും വെളിച്ചെണ്ണയും കേരളത്തിലേക്കു കൂടിയ അളവിൽ എത്താൻ തുടങ്ങിയതോടെ വിലകളിൽ ഇടിവ്. വെളിച്ചെണ്ണ (മില്ലിങ്) ക്വിന്റലിന് 13,200 രൂപ. തയാർ 12,600 രൂപ. കൊപ്ര ക്വിന്റലിന് 8600 രൂപ. പിണ്ണാക്ക് എക്‌സ്‌പെല്ലർ 2200; റോട്ടറി 2500.

ചുക്ക്, മഞ്ഞൾ

ചുക്കിനും മഞ്ഞളിനും വിലയിൽ ഇടിവാണ് അനുഭവപ്പെട്ടത്. ചുക്ക് മീഡിയം ക്വിന്റിലിനു വില 9750 രൂപ. ബെസ്‌റ്റ് 11,750 രൂപ. നാടൻ മഞ്ഞൾ വില 8400 രൂപയിലേക്കു താഴ്‌ന്നു. സേലം 8400 രൂപ; ഈറോഡ് 8700 രൂപ.

ജാതിക്ക

ജാതിക്ക (തൊണ്ടൻ) വില കിലോയ്ക്ക് 150 –170 രൂപ നിലവാരത്തിൽ. തൊണ്ടില്ലാതെ 300 –340 രൂപ. ജാതിപത്രി ചുവപ്പ് 450 രൂപയും മഞ്ഞ 500 രൂപയും.