Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹരിതകേരളത്തിന്റെ വറ്റാത്ത ഉറവ തേടി

water-pond തൊഴിലുറപ്പു പദ്ധതിയിൽപ്പെടുത്തി കുളങ്ങളുടെ സംരക്ഷണം

മഴ വന്നതോടെ മറക്കാവുന്ന വേനലായിരുന്നില്ല കടന്നുപോയത്. മണ്ണും മനുഷ്യനും മൃഗങ്ങളും ഉണങ്ങുകയും ഉരുകുകയും ചെയ്ത കാലം. ഒരു തുള്ളി വെള്ളം പോലും പാഴാക്കില്ലെന്നു പ്രതിജ്ഞയെടുത്ത കാലം. പെയ്തിറങ്ങുന്ന ഓരോ തുള്ളിയും മണ്ണിൽ താഴാൻ ഇടയാക്കണമെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റുകളിട്ട കാലം. അന്നു പറഞ്ഞതൊക്കെ പാഴ്വാക്കല്ലെന്നു തെളിയിക്കേണ്ട സമയമാണിത്. മണ്ണറകളിൽ മഴവെള്ളം പൂട്ടിസൂക്ഷിക്കാനുള്ള യത്നങ്ങൾക്ക് മാതൃകയാവുകയാണ് തിരുവനന്തപുരത്തെ കാട്ടാക്കട നിയോജകമണ്ഡലം ‘ജലസമൃദ്ധി’ പദ്ധതിയിലൂടെ.

‘വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി’ എന്ന മുദ്രാവാക്യം കാട്ടാക്കടക്കാർ വിളിച്ചുതുടങ്ങിയത് ഇക്കഴിഞ്ഞ വേനൽച്ചൂടിന്റെ മൂർധന്യത്തിലല്ല. മാറുന്ന കാലാവസ്ഥയും ആസന്നമായ ജലക്ഷാമവും ഒരു വർഷമായി അവർ ചർച്ച ചെയ്യുകയാണ്. കഴിഞ്ഞ വർഷം ജൂലൈയിൽ മലയിൻകീഴ് ദ്വാരക ഓഡിറ്റോറിയത്തിലായിരുന്നു ആലോചനകളുടെ തുടക്കം. ചർച്ചകളുടെ അടിസ്ഥാനത്തിൽ ജലസമൃദ്ധമായ കാട്ടാക്കടയെന്ന ലക്ഷ്യവുമായി മൂന്നു വർഷത്തെ കർമപദ്ധതിക്ക് രൂപം നൽകുകയും ചെയ്തു. ഭൂഗർഭ ജലനിരപ്പ് അപകടാവസ്ഥയിലേക്കു നീങ്ങുന്നതായി സർക്കാർ ഏജൻസി മുന്നറിയിപ്പു നൽകിയ മണ്ഡലത്തിൽ മറ്റെല്ലാ വികസനപ്രവർത്തനങ്ങളെക്കാളും ജലസംരക്ഷണത്തിനു പ്രസക്തിയുണ്ടെന്നു തിരിച്ചറിയുന്ന എംഎൽഎ ഐ.ബി. സതീഷിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

വായിക്കാം ഇ - കർഷകശ്രീ

പതിനഞ്ച് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ കർമപദ്ധതിയാണ് ജലസമൃദ്ധിയെന്നു സതീഷ് ചൂണ്ടിക്കാട്ടി. മണ്ഡലത്തിലെ മുപ്പതിനായിരം കിണറുകളിലെയും വെള്ളം പരിശോധനാവിധേയമാക്കി ജലശുദ്ധികാർഡ് നൽകുക, കിണർ നിറയ്ക്കലിനായി ലേബർ ബാങ്ക്, ഒരു ലക്ഷം മഴക്കുഴികൾ, ലക്ഷം വൃക്ഷത്തൈ നടീൽ, കയർ ഭൂവസ്ത്രമുപയോഗിച്ചു കുളം സംരക്ഷണം, സ്കൂളുകൾ തോറും ജലക്ലബ് തുടങ്ങിയവ ജലസമൃദ്ധിയിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്.

mazha-kuzhi-rain-trench ലക്ഷ്യം ഒരു ലക്ഷം മഴക്കുഴികൾ

തിരഞ്ഞടുക്കപ്പെട്ട കുളങ്ങൾക്കു ചുറ്റും ശാന്തിസ്ഥൽ എന്ന പേരിൽ ജൈവവൈവിധ്യ തോട്ടമുണ്ടാക്കാനും കാവുകൾ സംരക്ഷിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. മണ്ഡലത്തിലെ കുളങ്ങളുടെ ശുചീകരണത്തിനും സംരക്ഷണത്തിനും തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തും. കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയിൽ ഉൾപ്പെടുത്തി ജലസേചന വകുപ്പ് മണ്ഡലത്തിലെ 114 കുളങ്ങളും മണ്ണ് സംരക്ഷണവകുപ്പ് 16 കുളങ്ങളും നവീകരിക്കും. എട്ടു കുളങ്ങളിൽ മത്സ്യക്കൃഷി നടത്താനും അവയുടെ വശങ്ങളിൽ ഉദ്യാനമുണ്ടാക്കാനും നടപടി സ്വീകരിക്കും. പ്രകൃതിയുടെ ജലസംഭരണികളായ വയലുകളുടെ സംരക്ഷണത്തിനായി ജലസമൃദ്ധി പദ്ധതിപ്രകാരം ആമച്ചൽ ഏലായിൽ സംഘകൃഷി നടത്തും. തോടുകളിൽ വർഷം മുഴുവൻ ജലമുണ്ടാകത്തക്ക വിധത്തിൽ പരിസ്ഥിതി സൗഹൃദശൈലിയിൽ മണ്ണ്– ജല സംരക്ഷണപ്രവർത്തനങ്ങൾ പൂർത്തിയാക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു.

ആദ്യഘട്ടമായുള്ള പ്രചാരണ പ്രവർത്തനങ്ങളും പരിശീലനവും ആസൂത്രണവും പൂർത്തിയാക്കി നിർമാണപ്രവർത്തനങ്ങളിലേയ്ക്ക് ഇവർ കടന്നുകഴിഞ്ഞു. എല്ലാ പഞ്ചായത്തുകളിലെയും ജനപ്രതിനിധികൾക്കും കുടുംബശ്രീ പ്രവർത്തകർക്കും പുറമെ യുവജനസംഘടനകളും സന്നദ്ധസേവകരുമാണ് മഴക്കുഴി നിർമാണത്തിൽ പങ്കാളികളാവുന്നത്. കിണർ നിറയ്ക്കലിനായി ഓരോ വീടിനും 6000 രൂപ ചെലവാക്കും.

പദ്ധതി പ്രദേശത്തെ ജലസ്രോതസുകളുടെയും കുളങ്ങൾ, കിണറുകൾ, കാവുകൾ, തോടുകൾ, നദികൾ, തണ്ണീർ തടങ്ങൾ എന്നിവയുടെയും വിവരങ്ങൾ ഡിജിറ്റൽ ഫോർമാറ്റിൽ രേഖപ്പെടുത്തുന്ന ജോലി ഭൂവികസനബോർഡ് ഏറ്റെടുത്തിട്ടുണ്ട്. രാജ്യാന്തര ജലദിനമായ മാർച്ച് 22ന് ഔപചാരികമായി ഉദ്ഘാടനം ചെയ്ത പദ്ധതിമൂലം ആറു പഞ്ചായത്തുകളിലെ പതിനാറ് ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് ഇനിയൊരു ജലക്ഷാമമുണ്ടാകില്ലെന്നു പ്രതീക്ഷിക്കാം. അതിലുപരി കാട്ടാക്കടയുടെ അനുഭവപാഠങ്ങൾ ഹരിതകേരളത്തിനുതന്നെ ആശയസ്രോതസ്സായി മാറുകയും ചെയ്യും.