Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെറുമൊരു ചക്കയല്ല 'സിന്ദൂർ'

sindoor-jackfruit സിന്ദൂർ ചക്ക

ഓറഞ്ച് നിറത്തിൽ തുടുത്തിരിക്കുന്ന ഈ തേൻവരിക്കയുടെ ചിത്രം കണ്ടാൽ മതി, ചക്കപ്പഴത്തിന്റെ രുചി അറിഞ്ഞിട്ടുള്ളവരുടെ വായിൽ കപ്പലോടും. ചെമ്പരത്തി വരിക്ക എന്നും ചക്കപ്രേമികളുടെ ഇഷ്ട ഇനമാണ്. സിന്ദൂർ എന്ന നാടൻ ചക്ക ഇനം ഇന്ന് ജീവിച്ചിരിക്കുന്നതു തന്നെ കേരള അഗ്രികൾച്ചറൽ സർവകലാശാലയുടെ ഭാഗമായ സദാനന്ദപുരത്തെ കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തിന്റെ തണലിലാണ്.

1986ലാണു കൊട്ടാരക്കര സദാനന്ദപുരത്ത് ഗവേഷണ കേന്ദ്രം സ്ഥാപിച്ചത്. പുരയിടതോട്ടങ്ങളുടെ ഗവേഷണമായിരുന്നു ലക്ഷ്യം. ജില്ലയിലെ എല്ലാ മേഖലകളിലും ഗവേഷണ കേന്ദ്രം പുരയിടങ്ങളിലെ വിളകളെക്കുറിച്ചു സർവേ നടത്തി. 1996ൽ പേരയം സ്വദേശി രാജു ആന്റണിയുടെ വീട്ടിലെ ചെമ്പരത്തി വരിക്കയുടെ പ്ലാവ് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ ഈ പ്ലാവ് ഗവേഷണ വിഷയമായി.

ഗ്രാഫ്റ്റ് ചെയ്ത തൈകൾ സ്വന്തം തോട്ടത്തിൽ വളർത്തിയെടുത്തു. 2011ൽ ചക്കയുടെ ഗുണം നാട് അറിഞ്ഞു തുടങ്ങി. 2014ൽ സ്റ്റേറ്റ് വെറൈറ്റി റിലീസ് കമ്മിറ്റി ചക്കയ്ക്ക് അപ്രൂവൽ നൽകി. റജിസ്ട്രേഷൻ ലഭിച്ചതോടെ വിപണിയിലേക്കു പ്ലാവിൻ തൈകൾ വിതരണത്തിന് എത്തിത്തുടങ്ങി. ഓരോ വർഷവും 1500–2000 ഗ്രാഫ്റ്റ് തൈകൾ ഇവിടെ നിന്നു വിതരണം ചെയ്യുന്നു. പതിനായിരത്തിലധികം തൈകൾ ഇതുവരെ വിറ്റഴിഞ്ഞു. ഉത്തരകേരളത്തിൽ നിന്നുവരെ നൂറുകണക്കിന് ആവശ്യക്കാരാണ് എത്തുന്നത്. അടുത്ത സീസണിലേക്കു വിതരണത്തിനുള്ള തൈകൾ അണിയറയിൽ തയാറിലാണ്.

ചെമ്പരത്തി വരിക്കയുടെ തൈകൾ അണിയറയിൽ തയാറാകുന്നു. സെപ്റ്റംബർ മാസത്തോടെ വിൽപ്പന തുടങ്ങാനാകുമെന്നു കേന്ദ്രം മേധാവി ഡോ. എസ്.റജീന പറയുന്നു. ബഡിങ് സ്റ്റേജിലാണ് ഇപ്പോൾ തൈകൾ. ഗ്രാഫ്റ്റ് ചെയ്തു നട്ടുവളർത്തിയ അഞ്ച് ചെമ്പരത്തി വരിക്ക പ്ലാവുകൾ സദാനന്ദപുരത്തെ ഗവേഷണ കേന്ദ്രം പരിസരത്തുണ്ട്. ഇവയാണു മാതൃവൃക്ഷം.

മറ്റ് ഉൽപന്നങ്ങൾ

സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തിന്റെ പ്രവർത്തനം സന്ദൂർ പ്ലാവിൽ ഒതുങ്ങുന്നില്ല. ചക്ക – മാസ്റ്റർ പീസ് ഉൽപന്നമാണെങ്കിലും സവിശേഷതകളുടെ ഗവേഷണമാണ് ഇവിടെ നടക്കുന്നത്. മുട്ടൻ വരിക്ക എന്ന പ്ലാവും ഇവിടെ ലഭ്യമാണ്.  ശാസ്ത്രീയമായ ഗ്രാഫ്റ്റിങ്ങാണു മേന്മ, ഈ മേന്മയുടെ പിൻബലമാണു ഗവേഷണകേന്ദ്രത്തിന്റെ ബലം. ഗ്രാഫ്റ്റ് ചെയ്ത മാവിൻ തൈകൾ, തെങ്ങിൻ തൈകൾ എന്നിവയും ലഭിക്കും. അൽഫോൺസ, പ്രിയൂർ, മൽഗോവ, ബങ്കനപ്പിള്ളി തുടങ്ങിയ മാമ്പഴരാജാക്കൻമാർ ലഭ്യമാണ്. ഇരുപതോളം മാമ്പഴ ഇനങ്ങളാണ് ഇവിടെ നിന്നു ലഭിക്കുന്നത്.

sindoor-jackfruit-plant വിതരണത്തിനൊരുങ്ങുന്ന ‘സിന്ദൂർ’ തൈകൾ

ടി ഇന്റു ഡി നാടൻ തെങ്ങിൻ തൈകളും കുറഞ്ഞ വിലയ്ക്കു ലഭിക്കും. ഓരോ വർഷവും വിൽപ്പനയിൽ വൻ വർധനയുണ്ട്. കഴി‍ഞ്ഞ വർഷം 36 ലക്ഷം രൂപയായിരുന്നു വിറ്റുവരവ്. ഇത്തവണ 45 ലക്ഷം പ്രതീക്ഷിക്കുന്നു. മികച്ച ഉൽപന്നങ്ങൾ വളർത്തിയെടുത്തുന്നതിലെ ജാഗ്രത കാരണം ഉൽപാദനം കൂട്ടാനാകുന്നില്ല.

സദാനന്ദപുരം കൃഷിസമ്പ്രദായ ഗവേഷണ കേന്ദ്രത്തിനൊപ്പം കൃഷി വിജ്ഞാനകേന്ദ്രവും അതേ വളപ്പിൽ പ്രവർത്തിക്കുന്നു. ഗവേഷണകേന്ദ്രം ഗവേഷണത്തിനു പ്രാമുഖ്യം നൽകുന്നു. വിജ്ഞാന വ്യാപനത്തിനാണു കൃഷി വിജ്ഞാനകേന്ദ്രം പ്രാമുഖ്യം നൽകുന്നത്. ഡോ. എസ്.റജീനയാണു ഗവേഷണകേന്ദ്രം മേധാവി. ഡോ. പൂർണിയയാണു കൃഷി വിജ്ഞാനകേന്ദ്രം മേധാവി.