Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടെടുക്കാം ഹരിത സ്വപ്നങ്ങൾ

paddy-farm-work

സംസ്ഥാന സർക്കാരിന്റെ വികസന മിഷനുകളിൽ കൃഷിക്കു മുഖ്യസ്ഥാനം

കേരളത്തിന്റെ വികസന മാതൃക മുൻകാലങ്ങളിൽ ഏറെ ശ്രദ്ധ നേടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത ഒന്നാണ്. വിദ്യാഭ്യാസം, ആരോഗ്യം എന്നീ അടിസ്ഥാന മേഖലകളിൽ കേരളം മുൻകാലങ്ങളിൽ നേടിയ മുന്നേറ്റങ്ങൾ ചെറുതല്ല. അതേസമയം പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തകർച്ച, കൃഷിയിടങ്ങളുടെ തരിശിടൽ, പ്രകൃതിവിഭവങ്ങളുടെ അനിയന്ത്രിത ചൂഷണം, ഉയർന്ന ചികിൽസാച്ചെലവ് തുടങ്ങി സാധാരണക്കാരെ ബാധിക്കുന്ന പല പ്രശ്നങ്ങളും പിൽക്കാലത്ത് രൂക്ഷമായി എന്നത് നമ്മുടെ വികസനം സർവതലസ്പർശിയായിരുന്നില്ല എന്ന സത്യവും വെളിപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ എല്ലാത്തട്ടിലുമുള്ള ജനങ്ങൾക്കും ഹിതകരമാവുന്ന, പ്രകൃതി സൗഹാർദ വികസനത്തിലാണ് ഇനി നാം ഊന്നേണ്ടത്. സംസ്ഥാന സർക്കാർ രൂപീകരിച്ചിരിക്കുന്ന വികസന മിഷനുകൾ ഈ ലക്ഷ്യമിട്ടുള്ളവയാണ്.

കൃഷിയും ജലസമൃദ്ധിയും വീണ്ടെടുക്കാനുള്ള ഹരിതകേരളം, സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫ്, സാധാരണക്കാർക്കു മികച്ച ചികിൽസാസൗകര്യങ്ങൾ ലഭ്യമാക്കുന്ന ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണം എന്നീ നാലു പ്രത്യേക വികസന മിഷനുകളാണ് അഞ്ചു വർഷംകൊണ്ടു ജനപങ്കാളിത്തത്തോടെ സർക്കാർ നടപ്പാക്കുന്നത്.

വായിക്കാം ഇ - കർഷകശ്രീ

കേരളത്തിന്റെ സവിശേഷതകളായി പ്രകീർത്തിക്കപ്പെടുന്ന വൃത്തിയും ജലസമൃദ്ധിയും വീണ്ടെടുക്കുക, സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനം വർധിപ്പിക്കുക തുടങ്ങിയവയാണ് ഹരിതകേരളം മിഷന്റെ മുഖ്യ ദൗത്യങ്ങൾ. വീടുതോറുമുള്ള അടുക്കളത്തോട്ടങ്ങൾ മാത്രമല്ല, പച്ചക്കറിയുടെയും മറ്റു കാർഷിക ഉൽപന്നങ്ങളുടെയും കാര്യത്തില്‍ കേരളത്തിന്റെ സ്വയംപര്യാപ്തത തന്നെയാണ് കൃഷി വികസന മിഷൻ വിഭാവനം ചെയ്യുന്നത്. തരിശുസ്ഥലങ്ങളും സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളും കൃഷിക്ക് ഉപയോഗപ്പെടുത്തിയും കാർഷികോൽപന്നങ്ങൾക്കു മെച്ചപ്പെട്ട വിപണിയൊരുക്കിയുമെല്ലാം കേരളത്തിന്റെ കൃഷി പ്രതാപം വീണ്ടെടുക്കാൻ കഴിയുമെന്ന് കൃഷി മിഷൻ പ്രതീക്ഷിക്കുന്നു.

ഹരിതകേരളം പദ്ധതിയുടെ നിർണായക ഭാഗമാണ് കൃഷിയുമായി ബന്ധപ്പെടുത്തിയുള്ള മാലിന്യ സംസ്കരണം. ജൈവകൃഷിയിലൂടെ ഒരേസമയം സുരക്ഷിത ഭക്ഷ്യോൽപാദനവും പരിസ്ഥിതി സംരക്ഷണവും സാധ്യമാണെന്നു നമുക്കറിയാം. മണ്ണിരക്കമ്പോസ്റ്റ്, റൂറൽ കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ് എന്നിവ സ്ഥാപിച്ച് വീട്ടുവളപ്പിലെയും പൊതുസ്ഥലങ്ങളിലെയും ജൈവ മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും സംസ്കരിച്ചു വളമാക്കി കൃഷിക്ക് ഉപയോഗിക്കുക, നഗരങ്ങളിൽ ഗാർഹികാവശിഷ്ടങ്ങൾ സംസ്കരിച്ചുണ്ടാക്കുന്ന ജൈവവളങ്ങളും അടുക്കളയിൽനിന്നുള്ള മലിനജലവും ഉപയോഗിച്ചു മിനി പോളിഹൗസുകളിൽ പച്ചക്കറിക്കൃഷി ആരംഭിക്കുക തുടങ്ങിയ കാർഷിക ദൗത്യങ്ങൾക്ക് ഹരിതകേരളം മിഷൻ പ്രത്യേകം ഊന്നൽ നൽകുന്നതും അതിനാൽത്തന്നെ.

നെൽകൃഷി നിലവിലുള്ള രണ്ടു ലക്ഷം ഹെക്ടറിൽനിന്നു മൂന്നു ലക്ഷം ഹെക്ടറിലേക്കു വ്യാപിപ്പിക്കുക, പ്രത്യേക ഇനങ്ങളുടെയും പരമ്പരാഗത ഇനങ്ങളുടെയും കൃഷി പ്രോൽസാഹിപ്പിക്കുക, കുട്ടനാട്, തൃശൂർ, പാലക്കാട്, വയനാട് എന്നീ പ്രദേശങ്ങളിൽ പ്രത്യേക കാർഷിക മേഖല രൂപീകരിച്ച് നെല്ലിന്റെ പരമാവധി ഉൽപാദനവും മികച്ച വിപണന സൗകര്യവും ഉറപ്പു വരുത്തുക, പച്ചക്കറിക്കൃഷിക്കു പറ്റിയ പ്രദേശങ്ങൾ കണ്ടെത്തി പ്രത്യേക കാർഷിക മേഖലകളായി തരംതിരിച്ച് വായ്പാ സൗകര്യം, മേൽത്തരം വിത്ത്, മറ്റ് ഉൽപാദനോപാധികൾ എന്നിവ ലഭ്യമാക്കിയും യന്ത്രവൽക്കരണം നടപ്പാക്കിയും ഉൽപാദനം വർധിപ്പിക്കുക, ഉൽപന്നങ്ങൾ പുതുമ നഷ്ടപ്പെടാതെ കൃഷിയിടങ്ങളിൽനിന്നു വിപണിയിലെത്തിച്ച് കർഷകനു മികച്ച വരുമാനം ഉറപ്പാക്കുക, ഉൽപാദനക്ഷമതയുള്ള തെങ്ങിൻതോട്ടങ്ങൾ വികസിപ്പിക്കുക തുടങ്ങിയ പദ്ധതികളും കൃഷി മിഷന്റെ ഭാഗമാണ്.

ശുദ്ധവായു, ശുദ്ധജലം, കൃഷിയുടെ പച്ചപ്പ് തുടങ്ങി കേരളത്തിനു നഷ്ടമാകുന്ന നന്മകളെല്ലാം വീണ്ടെടുക്കാൻ ഹരിതകേരളം പദ്ധതി വഴിതെളിക്കുമെന്ന് പ്രത്യാശിക്കാം.

വെല്ലുവിളികൾ ഏറ്റെടുക്കാം

ഡോ.ടി.എൻ. സീമ (എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ, ഹരിതകേരളം മിഷൻ)

tn-seema ഡോ.ടി.എൻ. സീമ

വൃത്തി, വെള്ളം, വിളവ്; ജൈവപ്രകൃതിയുടെ അടയാളങ്ങളാണിവ. ഇവയ്ക്കുണ്ടാവുന്ന ആഘാതം പരിസ്ഥിതിയുടെ സമനില എത്രമാത്രം തകർക്കാം എന്നതിന്റെ അനുഭവസാക്ഷ്യമാണ് ഇന്നത്തെ കേരളം. ഈ വെല്ലുവിളികളെ നേരിടുക എന്ന ദൗത്യമാണ് ഹരിതകേരളം പദ്ധതിക്കുള്ളത്. ഇതു കേവലം സർക്കാർ പരിപാടിയല്ല, നാടിനെ വീണ്ടെടുക്കാനുള്ള ജനകീയ യജ്ഞമാണ്. അതിനു മണ്ണിനെ സ്നേഹിക്കുന്ന, കൃഷിയെയും കൃഷിക്കാരെയും ബഹുമാനിക്കുന്ന പൗരബോധത്തിലേക്ക് നാടു വളരണം. ഹരിതകേരളം എന്ന ലക്ഷ്യം ജനങ്ങൾ ഏറ്റെടുക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.