Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടെടുക്കണം, കൃഷിഭൂമികൾ

Nottam-Radhakrishnan

എന്റെ ദേശമായ മലപ്പുറം ചമ്രവട്ടത്തെ ഒരു കൂട്ടായ്മ പത്തുവർഷത്തോളം നെൽകൃഷി വിജയകരമായി ചെയ്തുപോന്നു. ഞാനും ആ കൂട്ടായ്മയുടെ ഭാഗമായി നെല്ലു വിളയിച്ചു. രാഷ്ട്രീയത്തിന്റെയോ സമുദായത്തിന്റെയോ ഒന്നും പേരിലായിരുന്നില്ല ഈ കൂട്ടായ്മ രൂപപ്പെട്ടത്. ഏതാണ്ട് 200–300 ശതമാനം വരെ നെൽകൃഷിയിൽ നിന്നു ലാഭമുണ്ടായി. ചമ്രവട്ടം പദ്ധതിവന്നതോടെ വെള്ളം ലവലേശം പോലും കിട്ടാനില്ലാത്ത അവസ്ഥയായി. വെള്ളം കയറാനും ഇറങ്ങാനുമുള്ള മാർഗങ്ങൾ അടഞ്ഞു. അതോടെ കൃഷി മുടങ്ങി. കൂട്ടായ്മ ശുഷ്കമായി. പൊന്നുവിളയിച്ചിരുന്ന പത്തേക്കറോളം കൃഷിഭൂമി ഇന്നു തരിശായി കിടക്കുന്നു.

വികസനപദ്ധതിയല്ല, ഞങ്ങളുടെ കൃഷി ഇല്ലാതാക്കിയത്; ചിന്തയുടെയും ആസൂത്രണത്തിന്റെയും അഭാവമാണ്. ഭാരതപ്പുഴയിൽ തടയണകെട്ടി അഞ്ചെട്ടു കിലോമീറ്റർ നീളത്തിൽ കൃഷിക്കായി ജലം ലഭ്യമാക്കണമെന്ന നിർദേശമുണ്ടായിരുന്നു. ആ നിർദേശം പക്ഷേ, പ്രാവർത്തികമായില്ല. കർഷകർ പലവുരു ആവശ്യപ്പെട്ടെങ്കിലും അധികാരികൾ പ്രാവർത്തികമാക്കേണ്ട സന്ദർഭത്തിൽ അതു മറന്നു.

ഇതു ചമ്രവട്ടത്തിന്റെ മാത്രം സ്ഥിതിയാണെന്നു കരുതുന്നില്ല, കേരളം മുഴുവൻ ഇതുപോലെ നല്ലരീതിയിൽ കൃഷിചെയ്തിരുന്ന നിലങ്ങളും പാടശേഖരങ്ങളുമെല്ലാം തരിശായി കിടക്കുകയാണ്. ലാഭമില്ലാതായതോടെ കർഷകർ കൃഷി ഉപേക്ഷിച്ച് മറ്റു ജീവിതോപാധികൾ തേടിപ്പോയി. കാർഷികോൽപന്നങ്ങളിൽ നിന്നുള്ള ലാഭം മുഴുവൻ മധ്യവർത്തികൾ കൊണ്ടുപോയി. നാളികേരത്തിന്റെ കാര്യംമാത്രം എടുക്കാം. ഒരു നാളികേരത്തിനു മൂന്നുരൂപ പോലും കർഷകനു വിലകിട്ടാത്തപ്പോഴാണു വെളിച്ചെണ്ണ കിലോയ്ക്ക് 140 രൂപയ്ക്കു വിൽക്കുന്നത്. അഞ്ചോ ആറോ നാളികേരം കൊണ്ട് ഒരുകിലോ വെളിച്ചെണ്ണയുണ്ടാക്കാം. ചകിരിയും തൊണ്ടുമുൾപ്പെടെ തെങ്ങിൽനിന്നു കിട്ടുന്നതൊന്നും പാഴല്ല. ചിരട്ടയിൽനിന്നു കാർബണും ചരികിയിൽനിന്നു ഫൈബറുമൊക്കെ ഉൽപാദിപ്പിക്കാം. എന്നിട്ടും ഈ മേഖലയിൽ ഒന്നും നടക്കുന്നില്ലെന്നതാണു ദുഃഖകരം.

കേരളത്തിലെ കൃഷി മിക്കവാറും മുന്നോട്ടുപോകുന്നതു മനുഷ്യാധ്വാനത്തിന്റെ പുറത്താണ്. മനുഷ്യാധ്വാനത്തിനു കൈവരിക്കാവുന്ന ലാഭത്തിനും നേട്ടത്തിനും പരിധിയുണ്ട്. മനുഷ്യനു ചെയ്യാവുന്നതിലേറെ യന്ത്രങ്ങളുടെ ഉപയോഗം കൊണ്ടുനേടാം. യന്ത്രവൽക്കരണം കേരളത്തിലെ കാർഷികമേഖലയിൽ ഏറെയൊന്നും ചെന്നെത്തിയിട്ടില്ലെന്നുതന്നെ പറയേണ്ടിവരും. ഭൂമിയുടെ ഉടമസ്ഥാവകാശവും നിലങ്ങളുടെ കിടപ്പും പാതകളുടെ വീതിക്കുറവുമെല്ലാം കൃഷിടിയങ്ങളിലേക്കു യന്ത്രങ്ങൾ ചെന്നെത്തുന്നതിനു തടസ്സം സൃഷ്ടിക്കുന്നു. ഈസ്ഥിതിക്കു മാറ്റമുണ്ടാകണം.

കാർഷികോൽപന്നങ്ങളുടെ വിലയിടിവും ജലക്ഷാമവും മെച്ചപ്പെട്ട വിപണിയുടെ അഭാവവുമെല്ലാം കൃഷിയും കൃഷിഭൂമിയും കർഷകരുടെ ജീവിതവും അവതാളത്തിലാക്കിയിട്ടുണ്ട്. നമ്മുടെ കൃഷി വീണ്ടെടുക്കാൻ ബോധപൂർവമായ പരിശ്രമങ്ങളുണ്ടായേ പറ്റൂ. സർക്കാരും ജനകീയ കൂട്ടായ്മകളും എന്തു ചെയ്യണമെന്നാലോചിക്കണം. നെല്ലുതന്നെയാണു പ്രധാനം. നീർവാര്‍ചാ പ്രദേശങ്ങളിൽ സാധാരണ നെല്ലും ഉയർന്ന പ്രദേശങ്ങളിൽ കരനെല്ലും സമൃദ്ധമായി വിളഞ്ഞിരുന്ന ഭൂതകാലം കേരളത്തിനുണ്ട്.

യന്ത്രവൽകൃത കൃഷിരീതികളിലേക്കു മാറുന്നതിനൊപ്പം നാലു മേഖലകളിൽ കൂടി ശ്രദ്ധയൂന്നണം. അടിസ്ഥാന സൗകര്യവികസനം, കൃഷിക്കാവശ്യമായ വെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്തൽ, മെച്ചപ്പെട്ട വിപണി, വിള ഇൻഷുറൻസ് എന്നിവയാണിവ. സമതലം, മധ്യതലം, മലമ്പ്രദേശം എന്നിങ്ങനെ കേരളത്തിലെ കൃഷിഭൂമിയെ മൂന്നായി തിരിച്ചു കൃഷി മെച്ചപ്പെടുത്താൻ സമഗ്രമായ പദ്ധതികൾ കൊണ്ടുവരണം.

കൃഷിക്കുവേണ്ടി അധ്വാനിക്കാൻ മലയാളി തയാറാണ്. കാശു കൊടുത്താൽ കഴിക്കാനുള്ളതെല്ലാം കിട്ടും എന്ന മനോഭാവമൊക്കെ എന്നേ മാറി. വിഷരഹിത പച്ചക്കറി എന്ന ആശയം മലയാളികളിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആറിത്തണുക്കും മുൻപ് ഇതു തിരിച്ചറിഞ്ഞ് കർഷകനും കാർഷിക വേലയ്ക്കും അനുയോജ്യമായ സാഹചര്യവും പ്രോത്സാഹനവും ഒരുക്കുകയാണു വേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.