Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളീച്ചയാക്രമണം: നാളികേരക്കൃഷി അപകടാവസ്ഥയിൽ

pest-on-coconut-leaf വെള്ളീച്ച ശല്യം രൂക്ഷമായ തെങ്ങ് കൃഷിയിടത്തിൽ നെടുങ്കണ്ടം കാർഷിക വിളപരിപാലന കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ

വെള്ളീച്ചയാക്രമണം മൂലം ഇടുക്കി ഹൈറേഞ്ചിലെ നാളികേരക്കൃഷി അപകടകരമായ അവസ്ഥയിലെന്നു കൃഷി ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനവും മണ്ഡരിയും ഹൈറേഞ്ചിലെ നാളികേര ഉൽപാദനം നേർപകുതിയാക്കി കുറച്ചിരുന്നു. സമീപകാലത്തു തെങ്ങുകളിൽ വ്യാപകമായി വെള്ളീച്ചയാക്രമണം കൂടിയായതോടെ നാണ്യവിളകളിലെ ഹൈറേഞ്ചിന്റെ മേധാവിത്വം അവസാനിക്കുകയാണെന്ന ആശങ്കയാണു കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്കും കർഷകർക്കുമുള്ളത്.

ഏലച്ചെടിയെ ബാധിക്കുന്ന വെള്ളീച്ച രോഗം തെങ്ങുകളിലും വ്യാപകമായത് അടുത്തകാലത്താണ്. തെങ്ങിന്റെ ഓലകൾക്കിടയിൽ പറ്റിപ്പിടിച്ചു വളരുന്ന സ്പൈറലിങ് വൈറ്റ് ഫ്ലൈ എന്ന വെള്ളീച്ചകൾ ഇലകളിലെ നീരൂറ്റിക്കുടിച്ചാണു വളരുന്നത്. ഇലകളിലെ നീരു നഷ്ടമാകുന്നതോടെ തെങ്ങുകൾക്കു പ്രകാശസംശ്ലേഷണത്തിനു കഴിയാതെ വരികയും നാളികേര ഉൽപാദനം പകുതിയിലും താഴെയായി കുറയുകയും ചെയ്യും. വെള്ളീച്ചയെ തിരിച്ചറിയാൻ കഴിയാതെ വരുന്നതു മൂലം ഇവ വളരെ പെട്ടെന്നു പെരുകുന്നു.വെള്ളീച്ചകളെക്കുറിച്ചു കർഷകരെ ബോധവൽക്കരിക്കുന്നതിനു വേണ്ടി കാർഷിക വിളപരിപാലന കേന്ദ്രങ്ങൾ വഴി ബോധവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

വെള്ളീച്ചകളെ നിയന്ത്രിക്കാൻ

∙ മഞ്ഞക്കെണികൾ വെള്ളീച്ച നിയന്ത്രണത്തിന് ഏറ്റവും ഫലപ്രദമായ മാർഗമാണ്. മഞ്ഞ നിറത്തിലുള്ള പ്ലാസ്റ്റിക് ഷീറ്റിൽ ആവണക്കെണ്ണ പുരട്ടി പറമ്പിൽ അവിടവിടെയായി സ്ഥാപിക്കുക. മഞ്ഞനിറത്തിൽ ആകൃഷ്ടരായെത്തുന്ന വെള്ളീച്ചകൾ ഇതിൽ ഒട്ടിച്ചേർന്നു നശിക്കും.

∙ പുളിച്ച തൈര് നേർപ്പിച്ചു വെള്ളീച്ചയുള്ള സസ്യങ്ങളുടെ ഇലകളിൽ തളിച്ചുകൊടുക്കുന്നത് വെള്ളീച്ച നിയന്ത്രണത്തിനു സഹായിക്കും.

∙ റോഗർ എന്ന കീടനാശിനി ഒന്നര മില്ലിലീറ്റർ ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിൽ‌ ലയിപ്പിച്ചു തളിച്ചു വെള്ളീച്ചകളെ നശിപ്പിക്കാം.