Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുളിക്കത്താഴെ വീട്ടിൽ ആഹ്ലാദപ്പൂത്തിരി

palakkad-antony-mary.jpg.image.784.410

പാലക്കാട്∙ഈ വർഷത്തെ മികച്ച കർഷക വനിതയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചതിന് കർഷക രക്ഷാ സമിതി കോട്ടയം ജില്ലാ കമ്മിറ്റി അടുത്ത ഞായറാഴ്ച ഈരാറ്റുപേട്ടയിൽ ഒരുക്കിയിരിക്കുന്ന സ്വീകരണത്തിൽ പങ്കെടുക്കാൻ തയാറെടുക്കുന്നതിനിടെയാണു മലയാള മനോരമയുടെ കർഷകശ്രീ പുരസ്കാരം സ്വപ്നയ്ക്കാണെന്ന വിവരം കുളക്കാട്ടുകുറിശിയിലെ പുളിക്കത്താഴെ വീട്ടിൽ എത്തുന്നത്. വാർത്ത അറിഞ്ഞതോടെ വീട്ടുകാരും ബന്ധുക്കളും അയൽക്കാരും അഭിനന്ദനങ്ങൾക്കൊണ്ട് ഇവരെ പൊതിഞ്ഞു.സ്വപ്നയുടെയും ഭർത്താവ് ജയിംസിന്റെയും ഫോണുകൾക്കു പിന്നെ വിശ്രമമില്ലായിരുന്നു.

പാലാ പ്ലാശനാൽ വരിക്കപ്ലാക്കിൽ വീട്ടിൽ ആന്റണി–മേരി ദമ്പതികളുടെ മകളായ സ്വപ്ന, 18 വർഷം മുൻപ് ജയിംസിന്റെ കൈപിടിച്ചു കുളക്കാട്ടുകുറിശിയിലെ പുളിക്കത്താഴെ വീട്ടിലേക്കു വലതുകാൽവച്ച് കയറിയപ്പോൾ ഒരു കൃഷിക്കാരിയാവുമെന്ന് ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല. കാരണം പാലാ അൽഫോൻസാ കോളജിൽ നിന്ന് ഇംഗ്ലിഷ് ഭാഷയിൽ ബിരുദവും പിന്നീട് പ്രൈവറ്റായി പഠിച്ച് ബിരുദാനന്തര ബിരുദവും നേടിയ ഇവർ അടുത്ത വർഷം തന്നെ കുടുംബ ജീവിതത്തിലേക്കു പ്രവേശിച്ചു.സ്വന്തം വീട്ടിലെ ക‍ൃഷി കണ്ടും കേട്ടും പഠിച്ചിട്ടുള്ള സ്വപ്നയ്ക്കു ജയിംസിന്റെ വീട്ടിലെ സാഹചര്യവുമായി പെട്ടെന്നു തന്നെ പൊരുത്തപ്പെടാനായെന്നു മാത്രമല്ല, ജയിംസിന്റെ നിർലോഭമായ പ്രോത്സാഹനം കൂടിയായപ്പോൾ മികച്ച കൃഷിക്കാരിയായി വളരുകയായിരുന്നു.

പാലക്കാട് രൂപതയുടെ കീഴിലുള്ള പീപ്പിൾസ് സർവീസ് സൊസൈറ്റിയുടെ പൊലിമ ഫുഡ് പ്രൊഡ്യൂസിങ് കമ്പനിയുടെ ഡയറക്ടർ കൂടിയാണ് ഇവർ. കത്തോലിക്കാ സഭയുടെ അത്മായ സംഘടനയായ കത്തോലിക്കാ കോൺഗ്രസിന്റെ രൂപത വൈസ് പ്രസിഡന്റായി പ്രവർത്തിക്കാനും ഇവർ സമയം കണ്ടെത്തുന്നു. ഡോ. ഷിബുലാലിന്റെ നേതൃത്വത്തിലുള്ള സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ ജില്ലാ തല അക്ഷയശ്രീ പുരസ്കാരം 2015ലും 16ലും മികച്ച ജൈവകർഷക എന്ന നിലയ്ക്ക് സ്വപ്നയ്ക്കു ലഭിച്ചു.മികച്ച സമ്മിശ്ര കൃഷിക്ക് ടാറ്റാ സ്റ്റീലിന്റെ ടാറ്റാ വയറോൺ പുരസ്കാരം 2016ൽ സ്വന്തമാക്കി.

അധ്വാനത്തിന്റെ തഴമ്പുള്ള കൈകളാണു ബികോം ബിരുദധാരിയായ ഭർത്താവ് ജയിംസ് ജോർജിന്റേതും.പി.ജെ.ലാറ്റക്സ് എന്ന റബർ പാൽ സംഭരിച്ചു വിൽക്കുന്ന കമ്പനി ജയിംസ് നടത്തുന്നു. പിതാവ് പി.ജെ.വർക്കിയുടെ ഇനീഷ്യലാണ്, ജയിംസ് മറ്റു രണ്ട് സഹോദരന്മാരോടൊപ്പം ചേർന്നു തുടങ്ങിയ കമ്പനിക്കു പേരായിട്ടത്. കടമ്പഴിപ്പുറം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പാലിയേറ്റീവിന്റെ പകൽവീട് നിർമാണ കമ്മിറ്റി ചെയർമാൻ കൂടിയാണ് ഇദ്ദേഹം.