Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർഷകസൗഹൃദം, പക്ഷേ...

Arun-Jaitley അരുൺ ജയ്റ്റ്ലി

താങ്ങുവില ഉൽപാദനച്ചെലവിന്റെ ഒന്നര ഇരട്ടിയായി വർധിപ്പിച്ചത് കാർഷികോൽപന്നങ്ങളുടെ വിലസ്ഥിരതയില്ലായ്മ എന്ന പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നു പ്രതീക്ഷിക്കാം

ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ നാലാമത് കേന്ദ്രബജറ്റ് എന്തുകൊണ്ടും കർഷകർക്ക് ആശ്വാസകരമാണ് എന്നു പറയേണ്ടിയിരിക്കുന്നു. അങ്ങനെയായതിന് കാരണമുണ്ട്. കഴിഞ്ഞ മൂന്നു ബജറ്റുകളും കർഷകരോടു നീതി പുലർത്തിയില്ല /.എന്ന് സൂക്ഷ്മമായി പരിശോധിച്ചാൽ മനസ്സിലാകും. നഗരങ്ങളെയും മധ്യവർഗത്തെയും സന്തോഷിപ്പിക്കുന്നവയായിരുന്നു ആ ബജറ്റുകൾ. എന്നാൽ ഈ ബജറ്റ് അങ്ങനെയല്ല. തിരഞ്ഞെടുപ്പുവർ‌ഷത്തെ ബജറ്റ് എന്നു വിളിച്ചു തള്ളിക്കളയാൻ പറ്റാത്തവിധം കാമ്പുള്ള കുറെ നിർദേശങ്ങൾ ബജറ്റിലുണ്ട്. അതിന് ജയ്റ്റ്ലിയെ പ്രേരിപ്പിച്ചത് വ്യവസായമേഖലയിലെ മുരടിപ്പും മാന്ദ്യവുമാണ്. കയറ്റുമതി വിചാരിച്ചവിധം വർ‌ധിക്കുന്നില്ല. അപ്പോൾ പിന്നെ ആഭ്യന്തരചോദനയെ ആശ്രയിച്ചു മാത്രമേ മുന്നോട്ടുപോകാനാവൂ. ഗ്രാമീണമേഖലയിലെ ജനങ്ങളുടെ ചോദനശേഷി വർധിപ്പിക്കുന്ന ഏതു ബജറ്റ് നിർദേശവും നമ്മുടെ വ്യവസായമേഖലയ്ക്ക് ഉണർ‌വേകും. ബജറ്റ് നിർദേശങ്ങൾ ഓരോന്നായി എടുത്തു പരിശോധിച്ചാൽ ഈ വസ്തുത വ്യക്തമാകും.കർഷകരുടെ വരുമാനം 2022 ആകുമ്പോഴേക്ക് ഇരട്ടിയാക്കുകയാണല്ലോ സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. ഈ ലക്ഷ്യം നേടുന്നതിന് പ്രധാന തടസ്സം കാർഷികോൽപന്നങ്ങളുടെ വിലസ്ഥിരതയില്ലായ്മയാണ്. കർഷക ആത്മഹത്യകളും ഗ്രാമങ്ങളിൽനിന്നു നഗരങ്ങളിലേക്കു വൻതോതിലുള്ള കുടിയേറ്റവും ഇതിന്റെ ഫലങ്ങളാണ്. താങ്ങുവില ഉൽപാദനച്ചെലവിന്റെ ഒന്നര ഇരട്ടിയായി വർധിപ്പിച്ചത് ഒരു പരിധി വരെ ഈ പ്രവണതകൾക്ക് കടിഞ്ഞാണിടും. പ്രധാനമായും നെല്ല്, ഗോതമ്പ്, പരുത്തി തുടങ്ങിയ വിളകൾക്കാണ് നാളിതുവരെ താങ്ങുവില ഉണ്ടായിരുന്നത്. 23 വിളകളെക്കൂടി ഇതിന്റെ പരിധിയിൽ കൊണ്ടുവരികയാണ് പുതിയ ബജറ്റിലൂടെ ജയ്റ്റ്ലി ചെയ്തത്. രാജസ്ഥാൻ, കർണാടക, ഒഡീഷ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ റാഗിപോലുള്ള വിളകൾ വ്യാപകമായി കൃഷിചെയ്തുവരുന്നുണ്ട്. ഇവയുടെ കൃഷി വ്യാപകമാക്കുന്നത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കു നിർണായകമാണ്. വരൾച്ച രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജലസേചനത്തെ കാര്യമായി ആശ്രയിക്കാത്ത ഇത്തരം വിളകൾക്ക് പ്രോത്സാഹനം നല്‍കേണ്ടതുണ്ട്.

ഇവിടെ ഓർമിക്കേണ്ട ഒരു കാര്യം താങ്ങുവില നിലവിലുണ്ടായിട്ടും കർഷകരുടെ ദുരിതത്തിന് കുറവു വരുന്നില്ല എന്നതാണ്. ഉൽപാദനച്ചെലവ് കണക്കുകൂട്ടുന്നതിലും, കൃത്യസമയത്ത് കാർഷികോൽപന്നങ്ങൾ സംഭരിക്കുന്നതിലും പിഴവുണ്ടായാൽ താങ്ങുവിലകൊണ്ടു മാത്രം കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാകാതെ വരും.  ഇക്കാര്യത്തിൽ നീതി ആയോഗും സംസ്ഥാനങ്ങളും തമ്മിൽ ചർച്ച ചെയ്ത് ഒരു സംവിധാനം ഉണ്ടാക്കുമെന്നാണ് ജയ്റ്റ്ലി വ്യക്തമാക്കിയിട്ടുള്ളത്. ഇത് എത്രമാത്രം വേഗത്തിൽ നടക്കും എന്നത് കണ്ടറിയുകതന്നെ വേണം.

കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി പാലുൽപാദനത്തിനും മത്സ്യക്കൃഷിക്കും പ്രയോജനപ്പെടുത്താൻ ബജറ്റിൽ നിർ‌ദേശമുണ്ട്. ഭൂരഹിതരായവർക്കുപോലും കന്നുകാലിവളർത്തലിൽ ഏർപ്പെടാം. ഇവര്‍ക്കു ബാങ്ക് വായ്പ ലഭിക്കുന്നതിന് കിസാൻ ക്രെ‍ഡിറ്റ് കാർ‌ഡ് സഹായകരമാവും.

കാർ‌ഷികോൽപന്നങ്ങളുടെ സംസ്കരണത്തിനും വിപണനത്തിനും കൂടുതൽ ഊന്നൽ നൽകുന്നതാണ് ഈ ബജറ്റ്. കാർഷിക – വിപണന അടിസ്ഥാന സൗകര്യ ഫണ്ട് എന്ന പേരിൽ 2000 കോടി രൂപ വകയിരുത്തിയിട്ടുള്ളത് ഫലപ്രദമായി വിനിയോഗിച്ചാൽ ഈ രംഗത്തെ പരാധീനതകൾക്ക് ഒരു പരിധിവരെ പരിഹാരമാവും.

ക‍ർഷക– ഉൽപാദക സംഘടനകൾക്ക് നികുതി ഇളവ് നല്ല നിർദേശമാണ്. കുറേക്കാലമായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഈ ഇളവ് കാർ‌ഷിക പ്രവർത്തനങ്ങൾ കൂടുതൽ സംഘടിതമാകുന്നതിനു സഹായിക്കും. ക്ലസ്റ്റർ‌ അടിസ്ഥാനത്തിലുള്ള പഴം– പച്ചക്കറിക്കൃഷി തീർച്ചയായും നൂതന നിർദേശമാണ്. കാർഷികോപകരണങ്ങളും വിത്തും വളവും ക്ലസ്റ്ററിനു മൊത്തമായി വാങ്ങുമ്പോള്‍ ഉൽപാദനച്ചെലവ് കുറയും.സ്വാഭാവികമായും  കർഷകരുടെ ലാഭം കൂടും.

ഭക്ഷ്യസംസ്കരണ വ്യവസായത്തിന്റെ വകയിരുത്തൽ‌ 715 കോടിയിൽ‍നിന്ന് 1400 കോടിയായി വർധിപ്പിച്ചതിന്റെ പ്രയോജനം കാർഷികമേഖലയ്ക്കു കൂടിയാണ്. കൂടുതൽ കാർഷികോൽപന്നങ്ങൾ സംസ്കരിക്കപ്പെടുമല്ലോ.

ഭൂഗർഭ ജലസേചനത്തിന് 2600 കോടി രൂപ വകയിരുത്തിയിട്ടുള്ളതും കൃഷിക്കു പ്രയോജനപ്പെടും.  നനസൗകര്യം വേണ്ടത്രയില്ലാത്ത 96 ജില്ലകളാണ്   ഈ പദ്ധതിയില്‍ ലക്ഷ്യമിടുന്നത്. കാർഷികവായ്പാ ലക്ഷ്യം 10 ലക്ഷം കോടിയിൽനിന്ന് 11 ലക്ഷം കോടിയിലേക്ക് വർധിപ്പിക്കാൻ ബജറ്റ് ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ ബാങ്കുകളുടെ സമീപനം  ലക്ഷ്യം കൈവരിക്കാൻ എത്രമാത്രം സഹായിക്കുമെന്നത് കണ്ടറിയണം.

മത്സ്യക്കൃഷിക്ക് അടിസ്ഥാന സൗകര്യവികസനത്തിനായി  10,000 കോടി രൂപയുടെ നിധി, സവാള, ഉരുളക്കിഴങ്ങ്, തക്കാളി തുടങ്ങി രാഷ്ട്രീയ കണക്കുകൂട്ടലുകളെ സ്വാധീനിക്കുന്ന വിളകൾക്ക് 500 കോടി രൂപ, ദേശീയ മുളവികസന മിഷന് 300 കോടി എന്നിങ്ങനെയും   വകയിരുത്തലുകളുണ്ട്.

ബജറ്റിലുള്ള വകയിരുത്തല്‍കൊണ്ടു മാത്രം കാര്യമായില്ല എന്നോർ‌ക്കണം.  വകയിരുത്തുന്ന തുകയിൽ‌ എത്രമാത്രം ചെലവാക്കുന്നു, എങ്ങനെ ചെലവാക്കുന്നു എന്നതാണ് പ്രധാനം. എങ്കിലും  ഗ്രാമീണ– കാർഷിക മേഖലയോട് അനുഭാവപൂർണമായ നിലപാട് ബജറ്റിലുടനീളം കാണാം.

ഈ നിർദേശങ്ങളിൽ ഏതൊക്കെ കേരളത്തിന് പ്രയോജനപ്പെടുത്താനാവും എന്ന ചോദ്യമുണ്ട്. താങ്ങുവില വർധിപ്പിച്ചതിന്റെ പ്രയോജനം കേരളത്തിലെ നെൽകർ‌ഷക‍ർക്ക് ലഭിക്കുകതന്നെ വേണം. പക്ഷേ വിളവെടുപ്പുസമയത്ത് വിപണിയിൽ ഇടപെടാന്‍ സർക്കാർസംവിധാനങ്ങൾ പലപ്പോഴും െവെകുന്നതായാണ് നമ്മുടെ അനുഭവം. പാലുൽ‌പാദനത്തിനും മത്സ്യക്കൃഷിക്കും കൂടി കിസാൻ ക്രെഡിറ്റ് കാർഡ്  ഏര്‍പ്പെടുത്തിയത്   കേരളത്തിലെ കർഷകർക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. മത്സ്യക്കൃഷി അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള 10,000 കോടി രൂപയുടെ നിധിയാണ് മറ്റൊന്ന്. ഏതൊക്കെ മേഖലകളിൽ‍ ഏതുവിധം പദ്ധതികൾ കേരളത്തിനു പ്രയോജനകരമാക്കാം എന്ന്  കേരളത്തിലെ കർഷകസംഘടനകളും കൃഷി‌വകുപ്പ് ഉദ്യോഗസ്ഥരും ഒന്നിച്ചിരുന്ന് ചർച്ചചെയ്യുന്നതു നന്നായിരിക്കും.