Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവിടെയുണ്ട്, രുദ്രാക്ഷ മരം

മലയിൻകീഴ്∙ രുദ്രാക്ഷ മരം കണ്ടിട്ടുണ്ടോ? മരം മാത്രമല്ല, അതു പൂത്തുനിൽക്കുന്നതും രുദ്രാക്ഷ കായ്കളും കാണണമെങ്കിൽ വട്ടിയൂർക്കാവിൽ വന്നാൽ മതി.വിളവൂർക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടറും എൻജിഒ അസോസിയേഷൻ കാട്ടാക്കട ബ്രാഞ്ച് പ്രസി‍ഡന്റുമായ വി.പി.വിനോദിന്റെ വട്ടിയൂർക്കാവ് കുരുവിക്കാടിലുള്ള ശ്രീകണ്ഠേശ്വരം വീട്ടിലെ വളപ്പിലാണ് അപൂർവ വൃക്ഷമുള്ളത്. 

ഇദ്ദേഹത്തിന്റെ അച്ഛൻ കെ.പ്രഭാകരൻ നായർ ഏഴുവർഷം മുമ്പു നേപ്പാളിൽ‌ നിന്നാണു തൈ കൊണ്ടുവന്നത്. വീടിനോടു ചേർന്നുള്ള പറമ്പിൽ നട്ടു പരിചരിച്ചു.ഇപ്പോൾ വീടിനെക്കാൾ ഉയരത്തിൽ വളർന്നു. രണ്ടു വർഷം മുമ്പു ചെറുതായി പൂത്തെങ്കിലും അടുത്തിടെ നന്നായി പൂക്കളുണ്ടായി.

കണിക്കൊന്നപ്പൂവിനു സമാനമായി നീളമുള്ള തണ്ടിൽ ഇരുവശത്തുമായി ഇളം മഞ്ഞനിറത്തിലുള്ള ചെറിയ പൂക്കൾ. ഇതിലുണ്ടാകുന്ന കായ്കൾ മുപ്പതു ദിവസത്തിനുള്ളിൽ പാകമാകും. കടും നീലനിറത്തോടുകൂടിയ ഫലങ്ങൾക്കു പ്രത്യേക ഗന്ധവും ഉണ്ട്. പഴുത്തു വീഴുന്ന കായ്കളുടെ മാംസളമായ ഭാഗം മാറ്റുമ്പോഴാണ് മുത്തുകൾ പോലുള്ള കുരുക്കൾ ലഭിക്കുന്നത്. 

ഇതിനെയും രുദ്രാക്ഷം എന്നാണു പറയുന്നത്. ഇതാണു മാലയുണ്ടാക്കാൻ ഉപയോഗിക്കുന്നത്.ചതുർമുഖ, പഞ്ചമുഖ രുദ്രാക്ഷങ്ങളാണ് ഇവിടെ കാണപ്പെടുന്നത്. പൂവിടുന്നതിനു പ്രത്യേകിച്ചു സീസൺ ഇല്ലെന്നു വീട്ടുകാർ പറഞ്ഞു.  വിനോദിന്റെ പുരയിടത്തിൽ റംബൂട്ടാന്റെയും മാവുകളുടെയും ഇടയിൽ അതിഥി പരിവേഷത്തിലാണു രുദ്രാക്ഷ മരം തലയെടുപ്പോടെ നിൽക്കുന്നത്. ഉത്തരേന്ത്യയിലും നേപ്പാളിലുമാണ് സാധാരണ ഈ മരം വളരുന്നത്. അപൂർവമായാണു നമ്മുടെ നാട്ടിൽ കണ്ടുവരുന്നത്.