Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേനൽ മഴയ്ക്കൊപ്പം ആലിപ്പഴവർഷവും; കർഷകർക്ക് കൂനിൻമേൽ കുരു!

മാനന്തവാടി ∙ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിനും മഴയ്ക്കുമൊപ്പം ആലിപ്പഴവർഷം കൂടി ഉണ്ടായത് വൻ കൃഷിനാശത്തിന് ഇടയാക്കി. തരുവണ ആർവാൾ, പാലിയാണ, പുലിക്കാട് ഭാഗങ്ങളിലാണ് ആയിരക്കണക്കിന് വാഴയും കപ്പയും നെല്ലും അടക്കമുള്ള കാർഷിക വിളകൾ നശിച്ചത്. ആറുവാൾ മന്ദംകണ്ടിമുനീറിന്റെ 500 വാഴകളും തയ്യിൽ സിദ്ദീഖിന്റെ 600 വാഴകളും മന്ദംകണ്ടി മൊയ്തൂട്ടിയുടെ 500 വാഴകളും ടി. അബൂബക്കറിന്റെ 200 വാഴകളും കൊളുമ്പന്റെ 200 വാഴകളും എം.കെ. അഹമ്മദിന്റെ 400 വാഴകളും 700 ഓളം കപ്പയും കാറ്റിൽ നിലംപൊത്തി. 

പുലിക്കാട് നന്തോത് സാബിതിന്റെ 700 വാഴ, പാലിയാണ സ്വരലയം വീട്ടിൽ പത്മനാഭന്റെയും കുഞ്ഞികൃഷ്ണന്റെയും 300 വാഴ എന്നിവയും കാറ്റിൽ നശിച്ചു. മഴയോടൊപ്പം കനത്തതോതിൽ ആലിപ്പഴ വർഷമുണ്ടായത് കാരണം പ്രദേശത്ത് നിലംപൊത്താതെ അവശേഷിക്കുന്ന ആയിരക്കണക്കിന് വാഴകളുടെ തുടർ വളർച്ചയും വിളവെടുപ്പും പ്രതിസന്ധിയിലുമായി. ആലിപ്പഴം വീണ ഭാഗങ്ങളിൽ കറുപ്പ് വീണതിനാൽ ഈ കുലകൾക്ക് തീരെ വില ലഭിക്കില്ല. 

ആലിപ്പഴവർഷത്തിലുണ്ടായ നഷ്ടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. മാനന്തവാടി നഗരസഭയിലെയും എടവക, തവിഞ്ഞാൽ പഞ്ചായത്തിലെയും പ്രദേശങ്ങളിലും വ്യാപകമായ കൃഷി നാശമുണ്ടായിട്ടുണ്ട്. മുൻ വർഷങ്ങളിൽ പ്രകൃതി ദുരന്തങ്ങളിൽ കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് കാലതാമസം ഉണ്ടാകാറുണ്ട്. ഇപ്പോഴും കുടിശിക തുക ലഭിക്കാനുളള കർഷകരുണ്ട്.