Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രകാശൻ നൽകുന്നത് സ്നേഹത്തിന്റെ പച്ചപ്പ്

കോഴിക്കോട് ∙ മാളിക്കടവ് ചാനാരി താഴത്ത് പ്രകാശന്റെ വീട്ടിൽ കഴിഞ്ഞ മൂന്നു വർഷമായി ദിവസവും വിരുന്നുകാരുണ്ട്. ഒന്നും രണ്ടുമല്ല, അൻപതിലേറെ പനംതത്തകളാണ് ഇവിടുത്തെ വിരുന്നുകാർ. ദിവസവും ഈ വിരുന്നുകാരുടെ എണ്ണം കൂടുകയാണ്. ഇതിൽ പ്രകാശന് സന്തോഷവും വർധിക്കുന്നു. പ്രകാശന്റെ വീട്ടിലേക്ക് ഈ തത്തകൾ വിരുന്നുകാരായി എത്തുന്നതിനു പിന്നിലൊരു കഥയുണ്ട്. ആ കഥയിങ്ങനെ: മൂന്നു വർഷം മുൻ‍പ് തൃശൂരിലെ  ബന്ധുവിന്റെ വീട്ടിൽനിന്നു ലഭിച്ച പറക്കമുറ്റാത്ത തത്തക്കുഞ്ഞിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. 

തൃശൂരിൽ നിന്ന് ഈ തത്തക്കുഞ്ഞിനെ മാളിക്കടവിലെ വീട്ടിലേക്ക് കൊണ്ടു വന്നു വളർത്താനാരംഭിച്ചു. ഇതിനിടെ പുറത്തു നിന്നൊരു തത്ത കൂട്ടിനരികിലെത്തി. പ്രകാശൻ വിരുന്നുകാരൻ തത്തയ്ക്ക് നെൽമണികൾ‍ വിതറിക്കൊടുത്തെങ്കിലും വേണ്ടെന്ന മട്ടിൽ പറന്നു പോയി. അൽപം കഴിഞ്ഞ് അവൻ തിരികെയെത്തി നെന്മണികൾ കൊത്തിപ്പെറുക്കി. അടുത്ത ദിവസം മൂന്നു കൂട്ടുകാരുമായാണ് അവനെത്തിയത്. ഇവർക്കും വീട്ടുകാർ ഭക്ഷണം നൽകി. 

പിന്നീട് ഇവിടേക്കെത്തുന്ന കൂട്ടുകാരുടെ എണ്ണം കൂടി വന്നു.  ഒരുനാൾ തത്തക്കൂട്ടം എത്തിയപ്പോൾ പ്രകാശൻ തന്റെ വളർ‍ത്തു തത്തയുടെ കൂടുതുറന്നു വച്ചു കൂട്ടത്തിനൊപ്പം പോകാൻ അനുവദിച്ചു. ഇപ്പോൾ കൂട്ടത്തോടെ വിരുന്നെത്തുന്ന തത്തക്കൂട്ടത്തിൽ തന്റെ വളർ‌ത്തു തത്തയുമുണ്ടെന്നാണ് പ്രകാശൻ കരുതുന്നത്. പക്ഷേ തിരിച്ചറിയാൻ കഴിയുന്നില്ല. 

മുടങ്ങാതെ പ്രകാശൻ ഇവയ്ക്ക് തന്റെ വീട്ടുമതിലിൽ തീറ്റ ഒരുക്കിവയ്ക്കുന്നു. കാലത്ത് ആറരയോടെ എത്തുന്ന തത്തക്കൂട്ടം വയറുനിറച്ച ശേഷം ഏഴരയോടെ മടങ്ങും. സമയനിഷ്ഠ ഒരിക്കലും തെറ്റിക്കാറില്ല. നെല്ല്, പഴം, പയർ, പേരയ്ക്ക, തക്കാളി തുടങ്ങിയവയാണ് തീറ്റയായി നൽകുന്നത്. 

പഴമായാലും പച്ചക്കറിയായാലും നല്ല വൃത്തിയുണ്ടെങ്കിലേ താൽപര്യമുള്ളൂ. അൽപം ചീഞ്ഞതോ പഴകിയതോ ആണെങ്കിൽ മുഖം തിരിക്കും. ദിവസം 100 രൂപയോളം ഇതിന് ചെലവാകുന്നു. എങ്കിലും ഇവയ്ക്ക് തീറ്റ നൽകുന്നതിൽ പ്രകാശൻ ആനന്ദം കണ്ടെത്തുന്നു. താൻ സ്ഥലത്തില്ലാത്തപ്പോൾ തീറ്റനൽകാൻ വീട്ടുകാരിയെ ഏൽപിക്കും. 

കുടുംബത്തോടെ സ്ഥലത്തില്ലാതെ വരുന്ന അവസരങ്ങളിൽ തീറ്റ നൽകുന്നത് അയൽക്കാരാണ്. തീറ്റകൊത്തിപ്പെറുക്കുന്നതിനിടെ അപരിചിതരാരെങ്കിലും വന്നാൽ പറന്നുയരുമെങ്കിലും ഏറെ താമസിയാതെ തിരിച്ചെത്തും. പക്ഷേ പൂച്ചയുടെ നിഴലെങ്ങാനും കണ്ടാൽ മതി കൂട്ടത്തോടെ പറപറക്കും. അന്നു പിന്നെ താഴത്തേക്കു വരവില്ല. അതുകൊണ്ടു തന്നെ രാവിലെ തത്തകൾ വന്നാൽ മടങ്ങുംവരെ പൂച്ചയെ വീട്ടുമുറ്റത്തേക്കു പ്രവേശിപ്പിക്കില്ലെന്ന് പ്രകാശൻ പറയുന്നു.