Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻസ്ട്രക്ഷണൽ ഫാമിൽ അക്വാപോണിക്സിന്റെ പരിശീലനപരിപാടി

acquaponics-illustration

പച്ചക്കറി കൃഷിക്കൊപ്പം മീൻ വളർത്തൽ കൂടി സാധിക്കുന്ന അക്വാപോണിക്സ് എന്ന കൃഷിരീതിയിൽ 3 ദിവസത്തെ പരിശീലനപരിപാടി 2018, മേയ് 3 മുതൽ 5 വരെയുള്ള തിയതികളിൽ, ഹൈ-ടെക് റിസർച്ച് ആന്റ് ട്രയിനിങ് യൂണിറ്റ് ഹാൾ, ഇൻസ്ട്രക്ഷണൽ ഫാം വെള്ളാനിക്കരയിൽ വെച്ച് നടത്തുന്നതാണ്. വിവിധതരം അക്വാപോണിക്സ് സിസ്റ്റം,- രൂപകൽപ്പനകൾ, പ്രവർത്തന-ഉപയോഗ-പരിപാലന രീതികൾ, ഇൻസ്റ്റലേഷൻ, രോഗകീടനിയന്ത്രണം, വിളകളുടെ പരിപാലനം, എന്നിവയെകുറിച്ച് വിദഗ്ദർ ക്ലാസ്സുകൾ എടുക്കുന്നതായിരിക്കും.

പങ്കെടുക്കുവാൻ താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് 7025498850 എന്ന നമ്പറിൽ ബന്ധപ്പെടുക

കൃഷിയുടെ പുതുവഴിയായി അക്വാപോണിക്സ്

മണ്ണും രാസവളങ്ങളും കീടനാശിനികളും പൂർണമായി ഒഴിവാക്കി മത്സ്യങ്ങളോടൊപ്പം പച്ചക്കറികളും പഴങ്ങളും ജൈവരീതിയിൽ ഉൽപാദിപ്പിക്കാൻ സഹായിക്കുന്ന കൃഷിസങ്കേതമാണ് അക്വാപോണിക്സ്. മത്സ്യക്കൃഷിയും മണ്ണില്ലാക്കൃഷിരീതിയായ ഹൈഡ്രോപോണിക്സും സംയോജിപ്പിച്ചാണ് അക്വാപോണിക്സ് ആവിഷ്കരിച്ചത്. അക്വാപോണിക്സ്‌ രീതിയിൽ വളരുന്ന ചെടികൾക്കു നനയോ വളപ്രയോഗമോ ആവശ്യമില്ലാത്തതുകൊണ്ട് ആയാസരഹിതമായ കൃഷിരീതിയെന്നാണ് അറിയപ്പെടുന്നത്.

മത്സ്യം വളർത്താനുള്ള ടാങ്കും മത്സ്യവും, ചെടികൾ വളർത്താനുള്ള ഗ്രോ ബെഡും ചെടികളും, വെള്ളം ഒഴുക്കി സംക്രമണം ചെയ്യിക്കുന്നതിനാവശ്യമായ പമ്പ്‌ എന്നിവയാണ് അക്വാപോണിക്സ്‌ കൃഷിരീതിയുടെ അടിസ്ഥാന ഘടകങ്ങൾ. മത്സ്യം വളർത്തുന്ന ടാങ്കിൽ അടിയുന്ന മത്സ്യ വിസർജ്യങ്ങൾ, തീറ്റ അവശിഷ്ടങ്ങൾ എന്നിവയിലുണ്ടാകുന്ന അമോണിയ മത്സ്യങ്ങൾക്കു ഹാനികരമാകാതെ അക്വാപോണിക്സ്‌ സിസ്റ്റത്തിലുണ്ടാകുന്ന നൈട്രിഫൈയിങ് ബാക്ടീരിയകൾ നൈട്രേറ്റാക്കി മാറ്റുന്നു. ഈ നൈട്രേറ്റ് ചെടികൾക്കു നല്ല വളമാണ്. മത്സ്യ ടാങ്കിലെ ജലം പമ്പ് ഉപയോഗിച്ചു ഗ്രോ ബെഡ്ഡിൽക്കൂടി ഒഴുക്കി തിരികെ ടാങ്കിലെത്തുമ്പോഴേക്കും മാലിന്യങ്ങൾ നീക്കം ചെയ്യപ്പെട്ടതും ഓക്സിജൻ സമ്പുഷ്ടവുമായിരിക്കും.  ഒരു സെന്റ് ഭൂമിയിലും ഈ രീതിയിലുള്ള കൃഷി നടത്താം.