Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഷ്ടമാണ് റബർ കർഷകന്റെ കാര്യങ്ങൾ

KTM18D60458_MED_K3

വെട്ടുന്നത് മൂന്നു ദിവസത്തിലൊരിക്കൽ, റെയിൻ ഗാർഡ് പിടിപ്പിക്കാൻ മടി, ഷീറ്റടിക്കൽ നിർത്തി ലാറ്റക്സാക്കി വിൽപന... 

തെളിക്കാതെ കാടുകയറിക്കിടക്കുന്ന റബർത്തോട്ടങ്ങൾ ഒരു വശത്ത്. റബറിനെ കാർന്നു തിന്നു നീങ്ങുന്ന പൈനാപ്പിൾ കൃഷി മറുവശത്ത്. ‘മലയോര മേഖലയിലെ ഇപ്പോഴത്തെ സ്ഥിതി ഇതാണ്’– റബർ കർഷകനായ ജോജി വാളിപ്ലാക്കൽ പറഞ്ഞു. റബർ ഉൽപാദന മേഖലയിൽ ആശങ്ക പെരുകുകയാണ്. വിലയിടിഞ്ഞതോടെ ഉൽപാദനവും കുറയുന്നു.

കൃഷി മുതലാകാതെ വന്നതോടെ പലരും വെട്ടു നിർത്തി.മരുന്നിടലും റെയിൻ ഗാർഡ് ഘടിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങളും കർഷകർ ഉപേക്ഷിക്കുന്നു. രണ്ടു ദിവസത്തിലൊരിക്കൽ ടാപ്പു ചെയ്തിരുന്നത് മൂന്നു ദിവസത്തിലൊന്നാക്കി. ചിലർ കൊക്കോ കൃഷിയിലേക്കും പൈനാപ്പിൾ കൃഷിയിലേക്കും തിരിഞ്ഞു. ഭൂരിഭാഗവും ഷീറ്റടിക്കൽ നിർത്തി ലാറ്റക്സായി തന്നെ വിൽപന തുടങ്ങിയതോടെ കച്ചവടക്കാരും പ്രതിസന്ധിയിലായതായി റബർ വ്യാപാരി മുണ്ടക്കയം മംഗലം റബേഴ്സ് ഉടമ ജോഷി മംഗലം പറഞ്ഞു. 

വിലയും ഉൽപാദനവും കുറയുന്ന സാഹചര്യമാണിപ്പോഴുള്ളത്. അതേ സമയം ഉപയോഗം കൂടുന്നതിന്റെ ഗുണം കർഷകർക്കു ലഭിക്കുന്നില്ല. പ്രകൃതിദത്ത റബറിന്റെ ഉൽപാദനം കഴിഞ്ഞ വർഷം ആറു ശതമാനം ഉയർന്നുവെന്നു റബർ ബോർഡ് കണക്കുകൾ പറയുന്നു. അതിന്റെ ഗുണം കർഷകരിൽ എത്തിയിട്ടില്ലെന്നു മാത്രം. കർഷകരെ സഹായിക്കുന്നതിനു പകരം കേരളത്തെ റബർ ക്ലസ്റ്ററിൽ നിന്ന് ഒഴിവാക്കുകയാണു കേന്ദ്ര വാണിജ്യമന്ത്രാലയം ചെയ്തത് എന്നറിയുമ്പോൾ തന്നെ അധികൃതരുടെ നിലപാടു വ്യക്തം. 

റബർ ബോർഡിനുള്ള സബ്സിഡി ഓരോ വർഷവും വെട്ടിക്കുറച്ചതോടെ കർഷകർക്കുള്ള ആനുകൂല്യവും ഇടിഞ്ഞു. വിലസ്ഥിരതാ പദ്ധതി അനുസരിച്ചുള്ള ധനസഹായം കിട്ടാൻ കടമ്പകൾ ഏറെയാണ്. മക്കൾ വിദേശത്തുള്ളതിനാൽ ജീവിക്കുന്നുവെന്ന് ആദ്യകാല റബർ കർഷകരിലൊരാളായ മുണ്ടക്കയം കല്ലംപള്ളം ജോൺ പറയുന്നതിന് ഏറെ അർഥങ്ങളുണ്ട്. ഇക്കൊല്ലം ജനുവരി മുതൽ മാർച്ച് വരെ 10 ശതമാനം റബർ ഉൽപാദനം കുറവാണ്. അതേ സമയം റബർ ഉപയോഗം എട്ടു ശതമാനം കൂടുമെന്നാണു പ്രതീക്ഷ. 

റബർക്കൃഷി ലാഭകരമല്ലാതായതോടെ റോഡരികിൽ നല്ല വില കിട്ടുന്ന തോട്ടങ്ങൾ ചെറിയ പ്ലോട്ടുകളാക്കി വിൽക്കേണ്ട സ്ഥിതിയിലാണു കർഷകർ. 

നല്ല വിലയുള്ള ഭൂമിയിൽ നഷ്ടത്തിൽ റബർ കൃഷി ചെയ്യുന്നതിലും ലാഭം അവ വിറ്റ് ആ പണം വേറെ കൃഷിക്കു നിക്ഷേപിക്കുന്നതാണെന്നു ചിലർ ചിന്തിക്കുന്നു.