Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർഷകമനസ്സുകളിൽ പെയ്തൊഴിയാതെ കണ്ണീർമഴ

abraham-01

നല്ല കാലവർഷവും കടുപ്പിക്കാത്ത വേനലും നൽകി പ്രകൃതി അനുഗ്രഹിച്ചെങ്കിലും കർഷകർക്കു കാലക്കേടു മാത്രം. തെങ്ങൊഴികെ കൃഷികളൊന്നും ഇക്കുറി ലാഭകരമല്ല. നല്ല വിളവു ലഭിച്ചിട്ടും ദുരിതം തീരാത്ത കർഷക അനുഭവങ്ങൾ...

കോട്ടയം ∙ മണ്ണിനെ വിശ്വസിച്ചു നടത്തിയ കണക്കുകൂട്ടലുകൾ പിഴച്ചപ്പോൾ നിന്ന മണ്ണും ഒലിച്ചുപോകുന്നത് ഏബ്രഹാമിനു കാണേണ്ടി വന്നു. പൊലീസിൽ ജോലിയും അൽപം കൃഷിയും ഉള്ളതിനാലാണു വിദ്യാഭ്യാസ വായ്പ എടുത്തു മക്കളെ പഠിക്കാൻ അയച്ചത്. ജോലി സമയം കഴിഞ്ഞ് അധ്വാനിച്ചാൽ കടം വീട്ടാനുള്ള പണം കിട്ടുമെന്ന് ഏബ്രഹാം കരുതി. 

വിളവിനു വിലയിടി‍യുമ്പോൾ വായ്പയുടെ പലിശ മല കയറുന്നത് ഏബ്രഹാം നോക്കിനിന്നു. ഒടുവിൽ ജപ്തി നോട്ടിസ് വന്നതോടെ തീക്കോയിയിലെ ഒരേക്കർ ഭൂമി വിറ്റ് കാഞ്ഞിരപ്പള്ളിയിൽ പത്തു സെന്റ് വാങ്ങേണ്ടിവന്നു. വിലയിടിവിൽ നീറിനീറി ജീവിക്കുന്ന അനേകം കർഷകരുടെ പ്രതിനിധിയാണ് ഏബ്രഹാം. കൃഷിയിലൂടെ ജീവിതം തിരികെ പിടിക്കാമെന്ന പ്രതീക്ഷ ഏബ്രഹാം അടക്കമുള്ള കർഷകർക്കു നഷ്ടപ്പെടുന്നു. നല്ല കാലവർഷവും കടുപ്പിക്കാത്ത വേനലും നൽകി പ്രകൃതി അനുഗ്രഹിച്ചെങ്കിലും കർഷകർക്കു കാലക്കേടു മാത്രമാണ്. തെങ്ങൊഴികെ കൃഷികളൊന്നും ഇക്കുറി ലാഭകരമല്ല. നല്ല വിളവു ലഭിച്ചിട്ടും കർഷകനു ഗുണം ചെയ്യാത്ത സ്ഥിതി. 

abraham

സംഭരണം വൈകിയതോടെ പാടത്തു കിടന്നു കിളർത്ത നെല്ല് കർഷകന്റെ ദുരിതം ഇരട്ടിയാക്കി. ഓരുവെള്ളത്തിനു പുറമെ ഈർപ്പത്തിന്റെ പേരിലും കർഷകനു നഷ്ടം. അപ്പർ കുട്ടനാടിനു പ്രതീക്ഷ നൽകിയ കുട്ടനാടൻ പാക്കേജ് വേമ്പനാട്ടു കായലിൽ കായം കലക്കിയതു പോലെയായി. കപ്പയും പാവലും മുതൽ എണ്ണപ്പന വരെ നീളുന്ന ഇതര കാർഷിക മേഖലയിലും ഇക്കുറി തളർച്ചയാണ്. ഇടനിലക്കാരെ ഒഴിവാക്കി സംഭരിക്കാൻ ശക്തമായ സംവിധാനമില്ലാതെ വന്നതോടെ കിട്ടിയ വിലയ്ക്കു വിളവു കർഷകർക്കു വിൽക്കേണ്ടി വന്നു. കിലോയ്ക്ക് ആറു രൂപയ്ക്കു കർഷകർ വിറ്റ പടവലം വിപണിയിൽ 40 രൂപയ്ക്കു മറിച്ചുവിൽക്കുന്നതും കർഷകർക്കു കാണേണ്ടി വരുന്നു. നാട്ടിൽ പച്ചക്കറി കെട്ടിക്കിടക്കുമ്പോൾ മറുനാട്ടിൽ പോയി സംഭരണം നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥരെയും കർഷകർ കാണുന്നു. കോട്ടയത്തിന്റെ പ്രതീകമായ റബർ മേഖലയിലും പ്രതിസന്ധി തുടരുകയാണ്. കർഷകർ മറ്റു മേഖലകളിലേക്കു തിരിയുമ്പോൾ ത്രിപുരയിൽ റബർ നടാനൊരുങ്ങുകയാണു കേന്ദ്ര സർക്കാർ. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചരക്കു സേവനനികുതി കൂടി ഏർപ്പെടുത്തിയതോടെ കർഷകന്റെ പിച്ചച്ചട്ടിയിൽ വീണ്ടും കൈവീഴുന്നു. ഈ വേനൽമഴ കർഷകരുടെ കണ്ണീർമഴയാണോ?

കോട്ടയം ജില്ല  (2017) 

റബർ കൃഷി 1,14,400 ഹെക്ടർ

ഉൽപാദനം 1,10,000 ടൺ 

നെൽക്കൃഷി 18122 ഹെക്ടർ

ഉൽപാദനം 45000 ടൺ 

പച്ചക്കറി 2566.6 ഹെക്ടർ

ഉൽപാദനം 31515 ടൺ 

പത്തായം നീറും, ചക്കി കർഷകനെ കുത്തും!

വേനൽമഴയ്ക്കിടയിലും രണ്ടാംകൃഷിക്കു നിലമൊരുക്കുകയാണു കുട്ടനാടൻ കർഷകർ. 

മണ്ണും മനസ്സും ഒത്തുചേർന്നാൽ മാത്രം ഇവരുടെ പത്തായം നിറയില്ലെന്നതാണു ചരിത്രം. മലവെള്ളത്തോടും കടൽവെള്ളത്തോടും പടവെട്ടി വിളയിച്ച പുഞ്ചനെല്ല് ആഴ്ചകളോളമാണു പാടത്തു കിടന്നത്. ഒടുവിൽ കോടതി വഴിയാണ് നെല്ലു കളത്തിൽനിന്നു കയറിയത്. 

ഈർപ്പത്തിന്റെ പേരിൽ മൂന്നു കിലോയ്ക്കു പകരം 14 കിലോ വരെ മില്ലുകാർ വാങ്ങി. കഴിഞ്ഞ ഓരുവെള്ളത്തിൽ നശിച്ച കൃഷിയുടെ നഷ്ടപരിഹാരം ഇതുവരെ കിട്ടാത്ത കർഷകരുണ്ടെന്നു കുമരകത്തെ കർഷകൻ എം.കെ. പൊന്നപ്പൻ പറയുന്നു. പുഞ്ചയിൽ സംഭരിച്ച 45,000 ടണ്ണിന്റെ മുക്കാൽ ഭാഗം മാത്രമേ ഇതുവരെ വിതരണം ചെയ്തിട്ടുള്ളു. നെൽക്കൃഷിയുടെ അനിശ്ചിതത്വം തുടർന്നതോടെ പലരും ഒരു നെല്ലും ഒരു മീനും കൃഷിയിലേക്കു തിരിയുകയാണ്.

കർഷകരുടെ ആവശ്യങ്ങൾ

1. നെല്ലുവില ക്വിന്റലിനു 2500 രൂപയായി ഉയർത്തണം. ഇപ്പോൾ ഉൽപാദനച്ചെലവു പോലും ലഭിക്കുന്നില്ല.

2. കൊയ്ത്തു യന്ത്രങ്ങളുടെ ക്ഷാമം പരിഹരിക്കണം. വാടക ഏകീകരിക്കണം.

3. കൃഷിക്കു വൈദ്യുതി ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കണം.

4. കാർഷിക കലണ്ടർ പുറത്തിറക്കണം.

5. പാടശേഖരങ്ങളിലെ പുളി കുറയ്ക്കാൻ നടപടികൾക്കായി ശാസ്ത്രീയ പഠനം വേണം.

6. നെല്ലു സംഭരണം പോലെ പച്ചക്കറിക്കും സംഭരണ സംവിധാനം ഏർപ്പെടുത്തണം. വിപണി നോക്കാതെ ഉൽപാദിപ്പിക്കുന്ന വിളവുകൾ സർക്കാർ ഏജൻസികൾ ഏറ്റെടുക്കണം.

7. പച്ചക്കറിക്കൃഷിക്കു സമ്പൂർണമായ ഇൻഷുറൻസ് ഏർപ്പെടുത്തണം. നിലവിൽ കർഷകരുടെ പങ്കാളിത്തത്തോടെയാണ് ഇൻഷുറൻസ്. അതും നാമമാത്രമായ തുകയ്ക്ക്. പ്രകൃതിക്ഷോഭത്തിൽ  വിളവു നശിച്ചാൽ  മാത്രമാണു നഷ്ടപരിഹാരം ലഭിക്കുക.

8. പച്ചക്കറിക്കൃഷിക്കു വിലസ്ഥിരതാ പദ്ധതി വേണം. 

9. റബർ കൃഷിക്കുള്ള പ്രോത്സാഹനം കുറഞ്ഞു വരികയാണ്. ഉൽപാദനം കൂട്ടാൻ സമഗ്രമായ പദ്ധതികൾ വേണം.

10. റബർ വിലയിടിവു തടയാൻ സഹായ പദ്ധതികൾ വേണം.  

11. റബർ കർഷകർക്കുള്ള വായ്പകൾ ഉദാരമാക്കണം.

കർഷകരെ വലയ്ക്കുന്ന പ്രശ്നങ്ങൾ

1. ഈർ‍പ്പത്തിന്റെ പേരിൽ 15 കിലോ വരെ അധികം നെല്ല് എടുക്കുന്നു. സർക്കാർ കാഴ്ചക്കാരായി നോക്കി നിൽക്കുന്നു. ഇതു മൂലം ഇക്കുറി നെല്ലു സംഭരണം വൈകി.

2. സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാൻ 40 ദിവസം വരെ ഓഫിസുകൾ കയറിയിറങ്ങുകയാണ്. ഈ സ്ഥിതി മാറ്റണം.

3. നെൽ‍ക്കൃഷി വളം അടക്കമുള്ളവയുടെ സബ്സിഡിക്കായി ആധാർ അടക്കമുള്ള രേഖകൾ ആവശ്യപ്പെടുന്നു. നടപടികൾ ലഘൂകരിക്കണം.

4. പച്ചക്കറിക്കൃഷിക്കു കൃഷി വകുപ്പിൽ നിന്നു വളം അടക്കമുള്ള സഹായം ലഭിക്കാൻ നടപടിക്രമങ്ങൾ സങ്കീർണമാണ്. ഈ സ്ഥിതി മാറണം.

5. കൃഷി നശിച്ചാൽ സഹായം വൈകുന്നു. കീടബാധയുണ്ടായാൽ കൃഷി വിദഗ്ധരുടെ സഹായം ലഭിക്കാനും വൈകുന്നു.