Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേലിക്കു പോലും വേണ്ട ഇവരുടെ വിളവ്!

kottayam-farmer

വിഷമില്ലാത്ത ഒന്നാംതരം പച്ചക്കറി നാട്ടിൽ കെട്ടിക്കിടക്കുമ്പോൾ മറുനാട്ടിൽ പച്ചക്കറി തേടിപ്പോകുന്നു മലയാളികൾ

ജില്ലയിലെ പച്ചക്കറി ഉൽപാദനം ഒറ്റവർഷം കൊണ്ട് ഇടിഞ്ഞതു മൂന്നിലൊന്നാണ്. കുറവിലങ്ങാട്, വൈക്കം, കടുത്തുരുത്തി മേഖലയിൽ പടർന്നു പന്തലിച്ച പച്ചക്കറി കൃഷിയുടെ വേരറ്റു പോകുന്നതിനു കാരണം അവഗണന മാത്രമാണ്. കഴിഞ്ഞവർഷം പാവലും പടവലും അടക്കമുള്ള പച്ചക്കറി ഇനങ്ങൾ കുറഞ്ഞപ്പോൾ വാഴയും മരച്ചീനിയും തഴച്ചുവളർന്നു. 

വിഷമില്ലാത്ത ഒന്നാംതരം പച്ചക്കറി നാട്ടിൽ കെട്ടിക്കിടക്കുമ്പോൾ മറുനാട്ടിൽ പച്ചക്കറി തേടിപ്പോകുന്നതാണ് നാട്ടുനടപ്പ്. മറ്റു വിളകൾക്കൊപ്പം പരമ്പരാഗതമായി വിവിധയിനം പച്ചക്കറി കൃഷി ചെയ്യുന്ന കർഷകർ കോട്ടയത്തുണ്ട്. 

എല്ലാ വർഷവും ലഭിക്കുന്ന സബ്സിഡി സഹായത്തിനപ്പുറം കൃഷി പ്രോത്സാഹിപ്പിക്കാൻ നടപടിയില്ല. പാവൽ, പടവലം തുടങ്ങി വെള്ളരി വരെയുള്ള കൃഷികളാണ് കുറവിലങ്ങാട്, മോനിപ്പള്ളി, മാഞ്ഞൂർ, മേഖലകളിലുള്ളത്. സെപ്റ്റംബറിലും ജൂണിലുമായി രണ്ടുവട്ടം ഇവർ കൃഷി ചെയ്യുന്നു. രോഗബാധയാണ് പച്ചക്കറി കർഷകർ നേരിടുന്ന വെല്ലുവിളി. ഓരോ വർഷവും കർഷകർക്കു രോഗബാധ മൂലം വൻനഷ്ടമുണ്ടാകുന്നു.

കീടനിയന്ത്രണത്തിനു ഫലപ്രദ ഇടപെടൽ ഇല്ലെന്നതാണു വാസ്തവം. വിളവു മുതൽ വില വരെയുള്ള പലകാരണങ്ങളാണു കൃഷിയെ ബാധിക്കുന്നത്. സ്ഥിരം വിലസ്ഥിരതാ പദ്ധതി ഇല്ലാത്തതിനാൽ നാട്ടിൽ കാറ്റടിച്ചാൽ പോലും കർഷകന്റെ ചങ്കുപൊട്ടും. ഫലപ്രദമായ ഇൻഷുറൻസും പച്ചക്കറിക്കില്ല.