Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിലോഗ്രാമിന് 400 രൂപയിലധികം; കാളാഞ്ചിയുടെ ടൈം , ബെസ്റ്റ് ടൈം!

കൊച്ചി ∙ വൻ കയറ്റുമതി സാധ്യതയും ഏറെ ആവശ്യക്കാരുമുള്ള കാളാഞ്ചി മൽസ്യം കൃഷി ചെയ്യാനുള്ള ‘ഓപ്പൺ പോണ്ട് കൾച്ചർ’ എന്ന നൂതനരീതി സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) വികസിപ്പിച്ചു. 

ഉൽപാദനം ഗണ്യമായി വർധിപ്പിക്കുന്നതും ചെറുകിട മൽസ്യ കർഷകർക്കു ചെലവു കുറച്ചു ചെയ്യാവുന്നതുമായ കൃഷിരീതിയാണിത്. എംപിഇഡിഎയുടെ ഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റർ ഓഫ് അക്വാകൾച്ചർ (ആർജിസിഎ) പുതുച്ചേരിയിലെ കാരയ്ക്കലിലാണ് ഇതിന്റെ മാതൃക പ്രദർശിപ്പിച്ചത്.

പുതിയ രീതിയിലൂടെ ഒരു ഹെക്ടറിൽനിന്ന് ഒൻപതു ടൺ വരെ കാളാഞ്ചി ഉൽപാദിപ്പിക്കാനാവും. ആഭ്യന്തര വിപണിയിൽ ഒരു കിലോഗ്രാമിന് 400 രൂപയിലധികം വില കിട്ടുന്നുണ്ട്. നിലവിൽ കയറ്റുമതിയുടെ 70 ശതമാനത്തിലധികം വരുന്ന ചെമ്മീനിനു പകരം വയ്ക്കാവുന്ന മത്സ്യമാണിതെന്ന് എംപിഇഡിഎ ചെയർമാൻ ഡോ.എ. ജയതിലക് പറഞ്ഞു. കാരയ്ക്കലിൽ പുതിയ രീതിയിലുടെ വളർത്തിയ കാളാഞ്ചിയുടെ വിളവെടുപ്പിനെത്തിയതായിരുന്നു അദ്ദേഹം.

ശരാശരി ഒരു മീനിന് ഒന്നര മുതൽ രണ്ടു കിലോ വരെ തൂക്കമുണ്ടായിരുന്നു. ആദ്യ കൊയ്ത്തിൽ തന്നെ 1.10 ടൺ മീൻ ലഭിച്ചു. മോത, ആർട്ടീമിയ, ആറ്റുകൊഞ്ച്, തിലാപിയ, പോംപാനോ, കലവ, റെഡ് സ്നാപ്പർ എന്നിവയുടെ ഉൽപാദനം വർധിപ്പിക്കാനുള്ള ഗവേഷണ പ്രവർത്തനങ്ങൾ ആർജിസിഎ നടത്തുന്നുണ്ടെന്ന് ഡോ. ജയതിലക് പറഞ്ഞു. 2017-18 സാമ്പത്തിക വർഷത്തിൽ 600 കോടി ഡോളർ വിലമതിക്കുന്ന 11.35 ലക്ഷം ടണ്ണാണ് രാജ്യം ലക്ഷ്യമിടുന്ന സമുദ്രോൽപന്ന കയറ്റുമതി. മുൻ വർഷത്തെക്കാൾ 300 ദശലക്ഷം ഡോളർ അധികമാണിത്.