Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീര ഉൽപാദനം: കണ്ണുനീരായി കഞ്ഞിക്കുഴി കരപ്പുറം കമ്പനി

ചേർത്തല ∙ നാലായിരത്തോളം കേരകർഷകർ ചേർന്നു കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നീര ഉൽപാദനത്തിനായി രൂപീകരിച്ച കരപ്പുറം കമ്പനിയും പ്രതിസന്ധിയിൽ. മുമ്പു പ്രതിദിനം 800 ലീറ്റർ നീര ഉൽപാദിപ്പിച്ചിരുന്ന കമ്പനിയിൽ ഇപ്പോൾ 20 ലീറ്റർ മാത്രമാണ് ഉൽപാദനം. 

അയ്യപ്പഞ്ചേരിയിൽ 1.75 കോടി രൂപ വായ്പയെടുത്തു സ്ഥാപിച്ച സംസ്കരണ ശാല പേരിനു മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. നീര ചെത്താൻ നേരത്തെ 80 ടെക്നിഷ്യന്മാരുണ്ടായിരുന്നു. ഇപ്പോൾ രണ്ടുപേർ മാത്രം. ടെക്നിഷ്യന്മാരുടെയും നീരയെടുക്കാൻ അനുയോജ്യമായ തെങ്ങുകളുടെയും കുറവാണു പ്രതിസന്ധിക്കു കാരണം.

കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിലെ എട്ടു നാളികേര ഉൽപാദക ഫെഡറേഷനുകൾ ചേർന്നാണു കരപ്പുറം കോക്കനട്ട് പ്രൊഡ്യൂസേഴ്സ് എന്ന കമ്പനി രൂപീകരിച്ചത്. ബ്ലോക്ക് പഞ്ചായത്തിലെ 96 പഞ്ചായത്ത് വാർഡുകളിലെ കോക്കനട്ട് പ്രൊഡ്യൂസേഴ്സ് സൊസൈറ്റികൾ ഫെഡറേഷനിൽ അംഗങ്ങളാണ്. അരീപ്പറമ്പ്, അർത്തുങ്കൽ, മാരാരിക്കുളം നോർത്ത്, കടക്കരപ്പള്ളി, തണ്ണീർമുക്കം നോർത്ത്, സൗത്ത്, കഞ്ഞിക്കുഴി, ചെറുവാരണം എന്നിവയാണു ഫെഡറേഷനുകൾ. കമ്പനിക്ക് അഞ്ചു ലക്ഷം രൂപയുടെ ഓഹരികളുണ്ട്.

ഉയരം കുറഞ്ഞതും കൃത്യമായ പരിചരണമുള്ളതുമായ തെങ്ങുകളാണു നീര ഉൽപാദനത്തിനു വേണ്ടത്. കരപ്പുറത്തെ തെങ്ങുകൾ കൂടുതലും ഉയരമുള്ളതാണ്. തുടർച്ചയായി എട്ടു മാസം ചെത്തിയാൽ നാലു മാസത്തോളം ഇടവേളയാണ്. ഈ സമയത്തു പരിചരണമില്ലാതെ ഒട്ടേറെ തെങ്ങുകൾ നശിച്ചു. നീര ഉൽപാദനം പ്രോൽസാഹിപ്പിച്ചു കർഷകരെ സഹായിക്കാൻ കൃഷി വകുപ്പു കൂടുതൽ സഹായം ചെയ്യുമെന്നാണു കർഷകരുടെ പ്രതീക്ഷ.

വേതനം കുറച്ചു, പിന്മാറ്റം കൂടി 

ഒരു ലീറ്റർ നീര ഉൽപാദിപ്പിക്കുമ്പോൾ ടെക്നിഷ്യനു 40 രൂപയും കർഷകന് 30 രൂപയുമാണ് ആദ്യം നൽകിയിരുന്നത്. ഇത്രയും ചെലവു താങ്ങാൻ കഴിയില്ലെന്നു കണ്ടു ടെക്നിഷ്യനു 30 രൂപയും കർഷകന് 20 രൂപയുമാക്കിയതോടെയാണ് ടെക്നിഷ്യന്മാർ പലരും ജോലി ഉപേക്ഷിച്ചത്. 

കേരള ഫിനാൻഷ്യൽ കോർപറേഷനിൽ നിന്നുള്ള വായ്പ ഉപയോഗിച്ചാണ് അയ്യപ്പഞ്ചേരിയിൽ സംസ്കരണശാല സ്ഥാപിച്ചത്. ഇവിടെ 10 ഡ്രൈവർമാരും പത്തോളം ജീവനക്കാരുമുണ്ടായിരുന്നു. അയൽ ജില്ലകളിലുൾപ്പെടെ വിപണത്തിന് 25 കേന്ദ്രങ്ങളുണ്ടായിരുന്നു.കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു സമീപം കമ്പനി നടത്തിയിരുന്ന നീര വിൽപന കേന്ദ്രവും ഇപ്പോൾ തുറക്കുന്നില്ല.